ടെലിവിഷന്‍ കാണികള്‍ കുറവ്; ഐ.പി.എല്ലില്‍ ഡിസ്‌നി സ്റ്റാറിന് തിരിച്ചടി, നേട്ടം കൊയ്തു ജിയോ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 16-ാം സീസണ്‍ ആരംഭിക്കും മുമ്പേ ശ്രദ്ധേയമായ ഒരു പോരാട്ടമാണ് ടെലിവിഷന്‍ സംപ്രേക്ഷകരായ ഡിസ്‌നി സ്റ്റാറും ഓണ്‍ലൈന്‍ സംപ്രേക്ഷകരായ ജിയോ ഗ്രൂപ്പും തമ്മിലുള്ളത്. ഐ.പി.എല്‍. ആവേശം ഏറ്റവും മികവാര്‍ന്ന രീതിയില്‍ പ്രേക്ഷകരില്‍ എത്തിച്ച് വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ ഇരുകൂട്ടരും മത്സരിച്ച് മുന്നേറിയത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇക്കാര്യത്തില്‍ ടെലിവിഷന്‍ രംഗത്തെ ഭീമന്മാരായ ഡിസ്‌നി സ്റ്റാറിനെ പിന്തള്ളി ജിയോ ഗ്രൂപ്പ് ഒരുപടി മുന്നിലെത്തിയതായി വേണം കണക്കിലാക്കാന്‍. ഈ സീസണിന്റെ ഉദ്ഘാടന മത്സരത്തിന്റെ വ്യൂവര്‍ഷിപ്പ് മാത്രം പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍.
ഇതനുസരിച്ച് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ നടന്ന സീസണ്‍ ഓപ്പണര്‍ മത്സരം ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ഓണ്‍ലൈന്‍ സ്ട്രീമിങ് സംവിധാനമായ ജിയോ സിനിമയിലൂടെയാണ്. ജിയോ സിനിമയുടെ വ്യൂവര്‍ഷിപ്പിനെക്കാള്‍ കുറവാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വന്ന ടെലിവിഷന്‍ സംപ്രേക്ഷണം നേരില്‍ക്കണ്ടവരുടെ എണ്ണം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 7.29 ശതമാനമാണ് മത്സരത്തിന്റെ ടെലിവിഷ്യന്‍ വ്യൂവര്‍ഷിപ്പ്. ഇത് കഴിഞ്ഞ ആറു സീസണുകളെ അപേക്ഷിച്ച് ഏറ്റവും കുറവാണ്. 2021 സീസണില്‍ 8.25 ശതമാനവും 2020-ല്‍ 10.36 ശതമാനവുമായിരുന്നു വ്യൂവര്‍ഷിപ്പ്. 33 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വ്യൂവര്‍ഷിപ്പില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഇക്കാര്യത്തില്‍ ഡിജിറ്റല്‍ സ്ട്രീമിങ് പങ്കാളികളായ ജിയോ സിനിമ വന്‍ കുതിപ്പാണ് നടത്തിയത്. സീസണിന്റെ ആദ്യ ആഴ്ച തന്നെ കഴിച്ച വര്‍ഷത്തെ അപേക്ഷിച്ച് വ്യൂവര്‍ഷിപ്പ് വര്‍ധിപ്പിക്കാന്‍ അവര്‍ക്കായി. ഉദ്ഘടാന മത്സരം തന്നെ 50 കോടിക്കു മേല്‍ വ്യൂവര്‍ഷിപ്പാണ് അവര്‍ക്ക് ലഭിച്ചത്.
ഇതിനു പുറമേ ജിയോ സിനിമയിലേക്ക് പുതുതായി എത്തിയവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഐ.പി.എല്‍. ഉദ്ഘാടന മത്സരത്തിന്റെ അന്ന് മാത്രം 2.5 കോടി പുതിയ പ്രേക്ഷകരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. നേരത്തെ ഉണ്ടായിരുന്നു ആറു കോടി ഉപയോക്താക്കളുടെ എണ്ണം ഇതോടെ ഒറ്റ ദിനം കൊണ്ട് 8.5 കോടിയായി വര്‍ധിക്കുകയായിരുന്നു.