സ്റ്റീവ് സ്മിത്ത് ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്നു; പക്ഷേ റോള്‍ വേറെ
ഓസ്‌ട്രേിയന്‍ മുന്‍ നായകന്‍ സ്റ്റീവന്‍ സമിത്ത് വീണ്ടും ഐ.പി.എല്ലിലേക്ക്. കഴിഞ്ഞ ദിവസം സ്മിത്ത് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ''നമസ്‌തെ ഇന്ത്യ. എനിക്ക് നിങ്ങളോട് ആവേശം പകരുന്ന ഒരു കാര്യം പറയാനുണ്ട്. ഞാന്‍ ഐ.പി.എല്‍ 2023-ന് ഒപ്പം ചേരുന്നു. ഇന്ത്യയിലെ ഒരു മികച്ച ടീമിന്റെ ഭാഗമാകുന്നു'' -തന്റെ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇങ്ങനെയാണ് സ്മിത്ത് പറഞ്ഞത്.
കേട്ടവര്‍ കേട്ടവര്‍ സ്മിത്ത് ഏത് ഐ.പി.എല്‍. ടീമിലാണ് കളിക്കാന്‍ പോകുന്നത് എന്നാണ് പരസ്പരം ചോദിച്ചത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ മിന്നുന്ന ക്യാപ്റ്റന്‍സിയിലൂടെ വിജയിപ്പിച്ച് സ്മിത്തിന്റെ സേവനം ഏതു ടീമിനു ലഭിക്കുമെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ആ സസ്‌പെന്‍സ് പൊളിഞ്ഞു. സ്മിത്തിന്റെ വരവ് ശരിതന്നെയാണ്. പക്ഷേ അത് പഴയ മികച്ച മധ്യനിര ബാറ്റര്‍ ആയിട്ടല്ല. പകരം കളി പറച്ചിലിലാണ് ഇക്കുറി സ്മിത്ത് പയറ്റാന്‍ ഒരുങ്ങുന്നത്. ഐ.പി.എല്ലിന്റെ ഔദ്യോഗിക പ്രക്ഷേപകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇത് സ്ഥിരീകരിച്ചു.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്നലെ പുറത്തുവിട്ട പത്രക്കുറിപ്പില്‍ കമന്റേറ്ററായി സ്മിത്ത് അരങ്ങേറ്റം കുറിക്കുമെന്ന് അറിയിച്ചു. ഐ.പി.എല്ലിന്റെ 16-ാം സീസണിനു വേണ്ടി വന്‍ താരനിരയെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് കളിപറച്ചിലിനായി അണിനിരത്തിയിരിക്കുന്നത്. അവരിലെ അരങ്ങേറ്റക്കാരനാണ് സ്റ്റീവന്‍ സ്മിത്ത്.
എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിനു വേണ്ടി ഇംഗ്ലീഷ്, ഹിന്ദി കമന്ററികള്‍ക്കു പുറമേ രാജ്യത്തെ മറ്റു സംസ്ഥാന ഭാഷകളിലും കമന്ററി ഒരുക്കുന്നുണ്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഇതിനായി മുന്‍ രാജ്യാന്തര താരങ്ങളടക്കം 58 അംഗ വിദ്ഗധ പാനലിനെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് അണിനിരത്തുന്നത്.