ചാമ്പ്യന്മാര്‍ക്ക് മൂന്നാം ജയം; കിങ്‌സിനെ തുരത്തിയത് ആറു വിക്കറ്റിന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ കുതിപ്പ് തുടരുന്നു. ഇന്നു നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് അവര്‍ തോല്‍പിച്ചത്.
പഞ്ചാബിന്റെ ഹോം തട്ടകമായ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് അവരുടെ ചേസിങ് അനായാസമാക്കിയത്. ഗില്‍ 49 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 67 റണ്‍സ് നേടി ടോപ് സ്‌കോററായി. ഗില്ലിനു പുറമേ 19 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 30 റണ്‍സ് നേടിയ മറ്റൊരു ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
ഇവര്‍ക്കു പുറമേ 19 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 17 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലര്‍ എന്നിവരും ടൈറ്റന്‍സിനു വേണ്ടി തിളങ്ങി. കളി അവസാനിക്കുമ്പോള്‍ രാഹുല്‍ തെവാട്ടിയ(5) ആണ് മില്ലറിനു കൂട്ടായി ക്രീസില്‍ ഉണ്ടായിരുന്നത്.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പഞ്ചാബിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ നഷ്ടമായ അവര്‍ക്ക് പിന്നീട് കരകയറാനായില്ല.
പവര്‍പ്ലേയ്ക്കുള്ളില്‍ നായകന്‍ ശിഖര്‍ ധവാനെ(8)ക്കൂടി നഷ്ടമായ അവര്‍ക്കായി മധ്യനിരയില്‍ മാത്യു ഷോര്‍ട്ടാണ് ടോപ് സ്‌കോററായത്. എന്നാല്‍ 24 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 36 റണ്‍സ് നേടിയ ഷോര്‍ട്ട് പുറത്തായതോടെ അവരുടെ തകര്‍ച്ച പിന്നെയും ആരംഭിച്ചു.
ഷോര്‍ട്ട് വീഴുമ്പോള്‍ 6.4 ഓവറില്‍ മൂന്നിന് 55 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് ഭനുക രജപക്‌സെ(26 പന്തില്‍ 20), ജിതേഷ് ശര്‍മ(23 പന്തില്‍ 25), സാം കറന്‍(22 പന്തില്‍ 22) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞത് അവര്‍ക്കു തിരിച്ചടിയായി.
ഒടുവില്‍ 150 കടക്കുമോയെന്നു സംശയിച്ച പഞ്ചാബിനെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷാരുഖ് ഖാനാണ് മാന്യമായ നിലയില്‍ എത്തിച്ചത്. ഒമ്പതു പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 22 റണ്‍സാണ് ഷാരൂഖ് നേടിയത്.
ഗുജറാത്ത് നിരയില്‍ നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയാണ് പഞ്ചാബിനെ തകര്‍ത്തത്. മുഹമ്മദ് ഷമി, ജോഷ് ലിറ്റില്‍, അല്‍സാരി ജോസഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.