ഒന്നര പതിറ്റാണ്ട്! ഒടുവില്‍ കൊല്‍ക്കത്തയ്‌ക്കൊരു സെഞ്ചൂറിയന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ വെങ്കിടേഷ് അയ്യര്‍ നേടിയ സെഞ്ചുറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഒന്നര പതിറ്റാണ്ട് നീണ്ട കാത്തിരുപ്പാണ് അവസാനിപ്പിച്ചത്. പ്രഥമ ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം ഇതാദ്യമായാണ് ഒരു കൊല്‍ക്കത്ത താരം ഐ.പി.എല്ലിലെ ഒരു മത്സരത്തില്‍ മൂന്നക്കം തികയ്ക്കുന്നത്.
ഇതിനു മുമ്പ് 2008 ഏപ്രില്‍ 18-ന് പ്രഥമ ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലമാണ് കൊല്‍ക്കത്തയ്ക്കായി സെഞ്ചുറി നേടിയത്. ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആ മത്സരത്തില്‍ 73 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും 13 സിക്‌സറുകളും സഹിതം 158 റണ്‍സാണ് മക്കല്ലം അടിച്ചുകൂട്ടിയത്.
കിവീസ് താരത്തിന്റെ സെഞ്ചുറി മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടിയ കൊല്‍ക്കത്ത പിന്നീട് ബംഗളുരുവിനെ 15.1 ഓവറില്‍ വെറും 82 റണ്‍സിനു പുറത്താക്കി കൊല്‍ക്കത്ത 140 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടുകയും ചെയ്തിരുന്നു.
പിന്നീട് ഇതുവരെ 230 മത്സരങ്ങള്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരാള്‍ക്കു പോലും മൂന്നക്കം തികയ്ക്കാനായില്ല. കഴിഞ്ഞ 15 സീസണുകള്‍ക്കിടെ രണ്ടു തവണ ടീം ജേതാക്കളുമായി. ആ സീസണുകളിലും ഒരു കൊല്‍ക്കത്ത താരത്തിനു പോലും സെഞ്ചുറി നേടാന്‍ കഴിഞ്ഞട്ടില്ല.
എന്നാല്‍ ഇതിനിടെ 11 തവണ എതിര്‍ ടീം താരങ്ങള്‍ കൊല്‍ക്കത്തയ്‌ക്കെതിരേ സെഞ്ചുറി നേടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍(107-2010), മഹേള ജയവര്‍ധനെ(110-2010), ക്രിസ് ഗെയ്ല്‍(102-2011), രോഹിത് ശര്‍മ(109-2012), വൃദ്ധിമാന്‍ സാഹ(115-2014), ഷെയ്ന്‍ വാട്‌സണ്‍(104-2015), ഡേവിഡ് വാര്‍ണര്‍(126-2017), വിരാട് കോഹ്ലി(100-2019), ജോസ് ബട്‌ലര്‍(103-2022), ക്വിന്റണ്‍ ഡികോക്ക്(140-2022), ഹാരി ബ്രൂക്ക്(100-2023) എന്നിവരാണ് അവര്‍.
ഒടുവില്‍ ഇന്ന് വെങ്കിടേഷ് അയ്യര്‍ അവരുടെ സെഞ്ചുറി ശാപം തീര്‍ത്തു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ മൂന്നാമനായി ക്രീസില്‍ എത്തിയ വെങ്കിടേഷ് അയ്യര്‍ 51 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും സഹിതം 104 റണ്‍സാണ് നേടിയത്. വെങ്കിയുടെ ബാറ്റിങ് മികവില്‍ അവര്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയും ചെയ്തു.
പക്ഷേ മക്കല്ലത്തെപ്പോലെ സെഞ്ചുറി നേടി ടീമിനെ ജയിപ്പിക്കാന്‍ വെങ്കിടേഷിനു കഴിയുമോയെന്നു കാത്തിരുന്നു കാണണം. കാരണം കൊല്‍ക്കത്ത ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 13 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 42 പന്തുകള്‍ ശേഷിക്കെ ജയിക്കാന്‍ അവര്‍ക്ക് ഇനി 39 റണ്‍സ് കൂടി മതി.