IPL 2024| പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്; മുംബൈക്ക് ഇനിയും പ്ലേ ഓഫിലെത്താം, സാധ്യതകള്‍ ഇങ്ങനെ
ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കിരീടം തൊട്ടിട്ട് മൂന്ന് സീസണുകളായി. ഇത്തവണയും സാഹചര്യങ്ങള്‍ ടീമിന് അനുകൂലമല്ല. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമുള്ള ടീം, പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. പ്ലേ ഓഫിലെത്താന്‍ മുംബൈക്ക് ഇനിയും സാധ്യതയുണ്ടോ? സാങ്കേതികമായി നോക്കുകയാണെങ്കില്‍ ഉണ്ടെന്നാണ് ഉത്തരം. അവശേഷിക്കുന്ന നാല് മത്സരങ്ങളും വിജയിച്ചാല്‍ മുംബൈക്ക് പോയിന്റ് 14 ആക്കി ഉയർത്താനാക്കും.
രാജസ്ഥാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും അവശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കുകയാണെങ്കില്‍ 14 പോയിന്റോടെ മൂന്നാം സ്ഥാനം ഉറപ്പിക്കാന്‍ മുംബൈക്കാകും. ഉദാഹരണത്തിന് ലഖ്നൗ സൂപ്പർ ജയന്റ്സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും പരാജയപ്പടുകയാണെങ്കില്‍ മുംബൈയുടെ സാധ്യത വർധിക്കും. മേയ് എട്ടിന് ലഖ്നൗവും ഹൈദാരാബാദും ഏറ്റുമുട്ടുന്നുണ്ട്. ഈ കളിയിലെ വിജയിക്കും മുംബൈയ്ക്കും 14 പോയിന്റ് വീതമാകും. അവശേഷിക്കുന്ന ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമാകണം.
മുംബൈ കൊല്‍ക്കത്തയോട് പരാജയപ്പെട്ടാല്‍?
മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ സംഭവിക്കുകയും മുംബൈ കൊല്‍ക്കത്തയോട് പരാജയപ്പെടുകയും ചെയ്യുകയാണെങ്കില്‍ ഏഴ് ടീമുകള്‍ക്ക് 12 പോയിന്റാകും. അവശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച റണ്‍ മാർജിനില്‍ വിജയിക്കുകയാണെങ്കില്‍ മുംബൈക്ക് മേല്‍ക്കൈ നേടുകയും അവസാന നാലില്‍ ഇടം നേടുകയും ചെയ്യാം.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സാധ്യതകള്‍?
ബെംഗളൂരുവിനും മുംബൈക്കും ആറ് പോയിന്റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റ് കുറവായതിനാല്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ബെംഗളൂരു. മുംബൈക്ക് സമാനം തന്നെയാണ് ബെംഗളൂരുവിന്റെ സാധ്യതകളും. മറ്റ് മത്സരങ്ങളുടെ ഫലം അനുകൂലമാകുകയും അവശേഷിക്കുന്ന കളികള്‍ മികച്ച മാർജിനില്‍ ജയിക്കുകയും ചെയ്താല്‍ ബെംഗളൂരുവിനും സാധ്യതകളുണ്ട്.
രാജസ്ഥാന്‍ യോഗ്യത നേടിയോ?
പത്ത് കളികളില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയുമായി 16 പോയിന്റോടെ പട്ടികയില്‍ ഒന്നാമതാണ് രാജസ്ഥാന്‍. പക്ഷേ, ഔദ്യോഗികമായി പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ രാജസ്ഥാനായിട്ടില്ല. അവശേഷിക്കുന്ന നാല് മത്സരങ്ങളും പരാജയപ്പെട്ടാല്‍ രാജസ്ഥാന്റെ സാധ്യതകള്‍ ഇടിയും. കൊല്‍ക്കത്ത, ഹൈദരാബാദ്, ലഖ്നൗ, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകള്‍ അവശേഷിക്കുന്ന എല്ലാ കളികളും ജയിച്ചാല്‍ രാജസ്ഥാന്‍ പുറത്താകും.