IPL 2024| പ്ലേ ഓഫിനായി എട്ട് ടീമുകള്‍; കാല്‍ക്കുലേറ്റര്‍ വേണ്ട, സാധ്യതകള്‍ അറിയാം
ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) 17-ാം സീസണ്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും പ്ലേ ഓഫ് സാധ്യത ഉറപ്പാക്കാന്‍ ഒരു ടീമിനും സാധിച്ചിട്ടില്ല. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടതോടെ സീസണില്‍ പുറത്താകുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് കിങ്സ് മാറി. മുംബൈ ഇന്ത്യന്‍സാണ് പ്ലേ ഓഫ് കാണാതെ മടങ്ങുന്ന മറ്റൊരു ടീം. അവശേഷിക്കുന്ന എട്ട് ടീമുകള്‍ക്കും അവസാന നാലിലെത്താന്‍ സാധ്യതയുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
11 കളികളില്‍നിന്ന് 16 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച ടീമാണ്. 1.453 എന്ന മികച്ച റണ്‍റേറ്റും ഒപ്പമുണ്ട്. അവശേഷിക്കുന്ന മൂന്ന് മത്സരവും പരാജയപ്പെടുകയാണെങ്കില്‍ മാത്രമായിരിക്കും കൊല്‍ക്കത്തയുടെ സ്ഥിതി അല്‍പ്പം പരുങ്ങലിലാകുക. അങ്ങനെയെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പർ കിങ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കാണ് കൊല്‍ക്കത്തയെ മറികടക്കാന്‍ അവസരമുണ്ടാകുക.
ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നൗ സൂപ്പർ ജയന്റ്സും അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കുകയാണെങ്കില്‍ കൊല്‍ക്കത്തയ്ക്കൊപ്പം 16 പോയിന്റാകും. ഇതോടെ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലാകും നാലാം സ്ഥാനക്കാരെ നിർണയിക്കുക.
രാജസ്ഥാന് റോയല്‍സ്
മൂന്ന് മത്സരങ്ങളില്‍ ഒരു ജയം നേടിയാല്‍ രാജസ്ഥാന് ഔദ്യോഗികമായി തന്നെ പ്ലേ ഓഫ് ഉറപ്പിക്കാം. നിലവില്‍ 11 കളികളില്‍നിന്ന് 16 പോയിന്റാണ് രാജസ്ഥാനുള്ളത്. 0.476 ആണ് നെറ്റ് റണ്‍റേറ്റ്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ മറ്റ് ടീമുകള്‍ക്കൊപ്പം നെറ്റ് റണ്‍റേറ്റ് മത്സരം കൂടി രാജസ്ഥാന് അതിജീവിക്കേണ്ടി വരും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
12 കളികളില്‍നിന്ന് 14 പോയിന്റാണ് ഹൈദരാബാദിനുള്ളത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ് ടീം. ഗുജറാത്ത് ടൈറ്റന്‍സിനും പഞ്ചാബിനുമെതിരെയാണ് ഹൈദരാബാദിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍. ഇവ രണ്ടും വിജയിച്ചാല്‍ 18 പോയിന്റുമായി അനായാസം പ്ലേ ഓഫിലെത്താം. പരാജയപ്പെടുകയാണെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും സാധ്യതകള്‍.
ചെന്നൈ സൂപ്പർ കിങ്സ്
അഞ്ചു തവണ കിരീടം ചൂടിയ ചെന്നൈ 11 കളികളില്‍നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്താണ്. അവസാന സ്ഥാനങ്ങള്‍ക്കായി പോരടിക്കുന്ന ടീമുകളില്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട് എന്ന ആനുകൂല്യം ചെന്നൈക്കുണ്ട്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിക്കുകയാണെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ഒരു മത്സരം പരാജയപ്പെടുകയാണെങ്കില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലായിരിക്കും കാര്യങ്ങള്‍. കാരണം 16 പോയിന്റില്‍ സീസണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന ആറ് ടീമുകളാണുള്ളത്.
ലഖ്നൗ സൂപ്പർ ജയന്റ്സ്
12 കളികളില്‍നിന്ന് 12 പോയിന്റാണ് ലഖ്നൗവിനുള്ളത്, പട്ടികയില്‍ ആറാം സ്ഥാനത്ത്. ഹൈദരാബാദിനോട് വഴങ്ങിയ കൂറ്റന്‍ തോല്‍വി ലഖ്നൗവിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഡല്‍ഹിക്കും മുംബൈ ഇന്ത്യന്‍സിനുമെതിരെയാണ് അവശേഷിക്കുന്ന രണ്ട് മത്സരം. ഇവ രണ്ടും എവേ മത്സരങ്ങളാണ്, വിജയിക്കുകയാണെങ്കില്‍ 16 പോയിന്റുമായി പ്ലേ ഓഫ് സാധ്യത സജീവമാക്കാം.
ഡല്‍ഹി ക്യാപിറ്റല്‍സ്
12 കളികളില്‍ 12 പോയിന്റാണ് ഡല്‍ഹിക്കുമുള്ളത്. അവശേഷിക്കുന്ന രണ്ട് മത്സരവും ജയിക്കുകയാണെങ്കില്‍ 16 പോയിന്റാകും. 16 പോയിന്റും അതിന് മുകളിലും പോയിന്റ് നേടാന്‍ സാധിക്കുന്ന ടീമുകളുള്ളതിനാല്‍ നെറ്റ് റണ്‍റേറ്റ് ഡല്‍ഹിക്ക് നിർണായകമാകും. നിലവില്‍ -0.316 ആണ് ഡല്‍ഹിയുടെ നെറ്റ് റണ്‍റേറ്റ്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
12 കളികളില്‍നിന്ന് 10 പോയിന്റുള്ള ബെംഗളൂരു പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അവശേഷിക്കുന്ന രണ്ട് മത്സരവും വിജയിച്ചാലും 14 പോയിന്റാണ് നേടാനാകുക. മറ്റു മത്സരഫലങ്ങളും അനുകൂലമായാല്‍ അവസാന നാലിലെത്താം.
ഗുജറാത്ത് ടൈറ്റന്‍സ്
ബെംഗളുരൂവിനെ പോലെ തന്നെ 14 പോയിന്റോടെ പ്ലേ ഓഫിലെത്തുകയെന്നതാണ് ഗുജറാത്തിന്റെയും ലക്ഷ്യം. -1.320 ആണ് ഗുജറാത്തിന്റെ നെറ്റ് റണ്‍റേറ്റ്.