IPL 2024 | സമ്പൂര്‍ണ ആധിപത്യം, അനായാസം! ചെപ്പോക്കില്‍ കൊല്‍ക്കത്തന്‍ K'night'
സമ്പൂർണ ആധിപത്യം! സീസണിലുടനീളം പുറത്തെടുത്ത ശൈലി ഫൈനലിലും ആവർത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബൗളിങ്ങിലെ കൃത്യതയും ഫീല്‍ഡിങ്ങിലെ കണിശതയും ബാറ്റിങ്ങിലെ വെടിക്കെട്ടും കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത് ഐപിഎല്‍ ചരിത്രത്തിലെ മൂന്നാം കിരീടം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 114 റണ്‍സ് വിജയലക്ഷ്യം അനായാസം 10.3 ഓവറില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - 113/10 (18.3)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 114/2 (10.3)
കേക്ക് വാക്ക് ഫോർ കൊല്‍ക്കത്ത
എത്ര ചെറിയ സ്കോറാണെങ്കിലും ഫൈനലില്‍ കളത്തിലിറങ്ങുമ്പോള്‍ സമ്മർദമുണ്ടാകാന്‍ സാധ്യതയേറയാണ്. പലപ്പോഴും അത് താരങ്ങള്‍ അതിജീവിക്കുന്നത് പ്രത്യാക്രമണത്തിലൂടെയാണ്. ഈ തന്ത്രം തന്നെയായിരുന്നു 114 എന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ കൊല്‍ക്കത്തയും ഉപയോഗിച്ചത്. സുനില്‍ നരെയ്‌ന്‍ (6) കമ്മിന്‍സിന് മുന്നില്‍ കീഴടങ്ങിയത് മാറ്റി നിർത്തിയാല്‍ പവർപ്ലേയില്‍ കൊല്‍ക്കത്ത ഫുള്‍ മാർക്കും അർഹിക്കുന്നു. താളം കണ്ടെത്തുന്നതില്‍ റഹ്മാനുള്ള ഗുർബാസ് ബുദ്ധിമുട്ടിയപ്പോള്‍ വെങ്കിടേഷ് കളമറിഞ്ഞു കളിച്ചു.
ഭുവനേശ്വർ കുമാർ, പാറ്റ് കമ്മിന്‍സ്, നടരാജന്‍ പേസ് ത്രയത്തിന്റെ വേരിയേഷനുകളും സ്വിങ്ങുമെല്ലാം ക്രീസ് വിട്ടായിരുന്നു വെങ്കിടേഷ് നേരിട്ടത്. പവർപ്ലേയില്‍ നേരിട്ട 12 പന്തില്‍ ഏഴും ഇടം കയ്യന്‍ ബാറ്റർ ബൗണ്ടറിയിലെത്തിച്ചു. ഹൈദരാബാദിന്റെ പവർപ്ലേ സ്കോറായ 40 റണ്‍സ് ഒറ്റയ്ക്ക് വെങ്കിടേഷ് നേടി. ആദ്യ ആറ് ഓവറുകള്‍ പൂർത്തിയാകുമ്പോള്‍ തന്നെ കൊല്‍ക്കത്ത കിരീടം ഉറപ്പിച്ചിരുന്നു. എതിരാളികളേക്കാള്‍ 32 റണ്‍സ് അധികം പവർപ്ലേയില്‍ കൊല്‍ക്കത്തയ്ക്ക് നേടാനായി. 72/1(6)
32 പന്തില്‍ 39 റണ്‍സെടുത്ത ഗുർബാസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷഹബാസ് ഹൈദരാബാദിന് രണ്ടാം വിക്കാറ്റ് സമ്മാനിച്ചപ്പോഴേക്കാം കൊല്‍ക്കത്ത് വിജയത്തോട് അടുത്തിരുന്നു. 24 പന്തില്‍ അർധ സെഞ്ചുറി തികച്ചു വെങ്കിടേഷ് അയ്യർ. വെങ്കിടേഷ് വിജയ റണ്‍ കുറിക്കുമ്പോള്‍ നായകന്‍ ശ്രേയസ് അയ്യറും (6) മറുവശത്തുണ്ടായിരുന്നു.