IPL 2024 | കലാശപ്പോരിന് മഴ ഭീഷണി; കളി ഉപേക്ഷിച്ചാല്‍ കിരീട നിർണയം എങ്ങനെ?
ഐപിഎല്‍ പതിനേഴാം സീസണിന്റെ കലാശപ്പോരിന് മഴഭീഷണി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുന്നത്. മഴയെ തുടർന്ന് കൊല്‍ക്കത്തയുടെ പരിശീലനം ഇന്നലെ മുടങ്ങിയിരുന്നു. നിലവില്‍ ചെന്നൈയില്‍ തെളിഞ്ഞ കാലാവസ്ഥയാണെന്നാണ് റിപ്പോർട്ടുകള്‍. നാല് ശതമാനം മാത്രമാണ് മഴ സാധ്യത.
മഴ പെയ്താല്‍ കിരീട നിർണയം എങ്ങനെ?
രാത്രി ഏഴരയ്ക്കാണ് മത്സരസമയം. മഴ സാഹചര്യം മുന്‍നിർത്തി രണ്ട് മണിക്കൂർ അധികസമയവും നല്‍കിയിട്ടുണ്ട്. അതയാത്, മത്സരം ഒന്‍പതരയ്ക്ക് ആരംഭിച്ചാലും ഓവറുകള്‍ നഷ്ടമാകില്ല.
ഇരുടീമുകള്‍ക്കും കുറഞ്ഞത് അഞ്ച് ഓവറെങ്കിലും കളിക്കാന്‍ ഇന്ന് സാധിച്ചില്ലെങ്കില്‍ റിസർവ് ദിനത്തിലേക്ക് മത്സരം നീട്ടും. തിങ്കളാഴ്ചയാണ് റിസർവ് ദിനം.
റിസർവ് ദിനത്തിലെ കളിയും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ജേതാക്കളെ നിശ്ചയിക്കുക പോയിന്റ് പട്ടികയിലെ സ്ഥാനം കണക്കാക്കിയായിരിക്കും. ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയ കൊല്‍ക്കത്ത ജേതാക്കളാകുകയും ചെയ്യും.
കാലാവസ്ഥയ്ക്ക് പുറമെ പിച്ചും ഫൈനലിന് മുന്‍പ് ചൂടുള്ള ചർച്ചാവിഷയമായിരിക്കുകയാണ്. ക്വാളിഫയർ രണ്ടില്‍ ചെപ്പോക്കിലെ വിക്കറ്റ് രണ്ടാം ഇന്നിങ്സില്‍ സ്പിന്നർമാർക്കനുകൂലമായി മാറിയിരുന്നു. ഇരുടീമുകളും ഡ്യു പ്രതീക്ഷിച്ചിരുന്നെങ്കിലും വിപരീതമായിരുന്നു കാലാവസ്ഥ. ഇത് സണ്‍റൈസേഴ്‌സിന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പടുത്തുന്നതിനും സഹായിച്ചു.
ക്വാളിഫയർ ഒന്നില്‍ സണ്‍റൈസേഴ്‌സിനെ ആധികാരികമായി കീഴടക്കിയാണ് കൊല്‍ക്കത്ത ഫൈനലിലെത്തിയത്. കൊല്‍ക്കത്ത ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 13.4 ഓവറിലായിരുന്നു കൊല്‍ക്കത്ത മറികടന്നത്. ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ എന്നിവരുടെ അർധ സെഞ്ചുറികളായിരുന്നു കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.