IPL 2024| തേവാട്ടിയ-റാഷിദ് ഇംപാക്ട്; രാജസ്ഥാന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ഗുജറാത്ത്
ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ 197 റണ്‍സ് പിന്തുടർന്ന് അവസാന പന്തിലായിരുന്നു ഗുജറാത്തിന്റെ ജയം. റാഷിദ് ഖാന്‍ (11 പന്തില്‍ 24), രാഹുല്‍ തേവാട്ടിയ (11 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. നേരത്തെ നായകന്‍ ശുഭ്മാന്‍ ഗില്‍ അർധ സെഞ്ചുറി (72) നേടിയിരുന്നു. സീസണിലെ ഗുജറാത്തിന്റെ മൂന്നാം ജയമാണിത്.
നായകന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദർശനും ചേർന്ന് ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമായിരുന്നു നല്‍കിയത്. ആദ്യ വിക്കറ്റ് വീഴ്ത്തുന്നതിനായി രാജസ്ഥാന് ഒന്‍പതാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. സായിയെ (35) വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് സെന്നായിരുന്നു 64 റണ്‍സ് നീണ്ട കൂട്ടുകെട്ട് പൊളിച്ചത്. തന്റെ രണ്ടാം ഓവറില്‍ മാത്യു വേഡ് (4), അഭിനവ് മനോഹർ (1) എന്നിവരെ ബൗള്‍ഡാക്കി രാജസ്ഥാന് മുന്‍തൂക്കം നല്‍കി.
മറുവശത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഗില്‍ പോരാട്ടം തുടർന്നു. എന്നാല്‍ യുസുവേന്ദ്ര ചഹലിന്റെ രണ്ടാം വരവില്‍ തകർത്തടിച്ചുകൊണ്ടിരുന്ന വിജയ് ശങ്കറും ഗില്ലും മടങ്ങി. 44 പന്തില്‍ 72 റണ്‍സ് നേടിയായിരുന്നു ഗില്ലിന്റെ പുറത്താകല്‍. ആറ് ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
അവസാന രണ്ട് ഓവറില്‍ 35 റണ്‍സായിരുന്നു ഗുജറാത്തിന് ആവശ്യം. കുല്‍ദീപ് സെന്നെറിഞ്ഞ 19-ാം ഓവറില്‍ 20 റണ്‍സാണ് തേവാത്തിയ-റാഷിദ് സഖ്യം നേടിയത്. ഇതോടെ ആവേശ് ഖാന് പ്രതിരോധിക്കാന്‍ 15 റണ്‍സ് മാത്രമായി. ആദ്യ നാല് പന്തില്‍ രണ്ട് ഫോറുള്‍പ്പടെ റാഷിദ് 11 റണ്‍സ് നേടി. അഞ്ചാം പന്തില്‍ മൂന്നാം റണ്ണിന് ശ്രമിക്കുന്നതിനിടെ തേവാട്ടിയ പുറത്താവുകയായിരുന്നു. എങ്കിലും അവസാന പന്തില്‍ ഫോർ നേടി റാഷിദ് ത്രില്ലർ പോര് ഗുജറാത്തിന് അനുകൂലമാക്കി.
ഉജ്വലം പരാഗ്, ഗംഭീരം സഞ്ജു
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റേയും യുവതാരം റിയാന്‍ പരാഗിന്റേയും അർധ സെഞ്ചുറി മികവിലായിരുന്നു നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തത്. പവർപ്ലെയ്ക്കുള്ളില്‍ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാള്‍ (24), ജോസ് ബട്ട്ലർ (8) എന്നിവരുടെ വിക്കറ്റ് നഷ്ടമായതിന് ശേഷമായിരുന്നു രാജസ്ഥാന്റെ തിരിച്ചുവരവ്. മൂന്നാം വിക്കറ്റില്‍ സഞ്ജു-പരാഗ് കൂട്ടുകെട്ട് 130 റണ്‍സായിരുന്നു ചേർത്തത്.
ഓപ്പണർമാരെ നഷ്ടമായതോടെ 10 ഓവർ വരെ കരുതലോടെയായിരുന്നു സഞ്ജുവും പരാഗും ബാറ്റ് വീശിയത്. എന്നാല്‍ പിന്നീട് ഇരുവരും സ്കോറിങ്ങിന് വേഗം കൂട്ടാന്‍ ആരംഭിച്ചു. പരാഗായിരുന്നു ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. മറുവശത്ത് കാഴ്ചക്കാരനായി നിന്ന് പരാഗിനെ തനത്ശൈലിയില്‍ ബാറ്റ് വീശാന്‍ സഞ്ജു അവസരമൊരുക്കിക്കൊടുത്തു. വൈകാതെ സഞ്ജുവും പരാഗിനൊപ്പം ചേർന്നതോട് രാജസ്ഥാന്‍ സ്കോർ കുതിച്ചു.
ഗുജറാത്തിന്റെ ഫീല്‍ഡിങ്ങിലെ പിഴവുകളും ഡ്രോപ് ക്യാച്ചുകളും രാജസ്ഥാന്‍ ഇന്നിങ്സിനെ സഹായിച്ചു. 38 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 68 റണ്‍സെടുത്താണ് സഞ്ജു പുറത്താകാതെ നിന്നത്. 48 പന്തില്‍ 76 റണ്‍സെടുത്ത പരാഗിന്റെ ഇന്നിങ്സില്‍ മൂന്ന് ഫോറും അഞ്ച് സിക്സും ഉള്‍പ്പെട്ടു. സീസണിലെ ഇരുവരുടേയും മൂന്നാം അർധ സെഞ്ചുറിയായിരുന്നു ഗുജറാത്തിനെതിരെ പിറന്നത്. അവസാന പത്ത് ഓവറില്‍ 123 റണ്‍സ് രാജസ്ഥാന്‍ നേടി.