ഇനിയും വേണോ, ഓള്‍റൗണ്ടര്‍മാരെ പുറത്തിരുത്തുന്ന ഇംപാക്ട് റൂള്‍

ഇനിയും വേണോ, ഓള്‍റൗണ്ടര്‍മാരെ പുറത്തിരുത്തുന്ന ഇംപാക്ട് റൂള്‍

ഒരു ടീമിനെ സംബന്ധിച്ചടത്തോളം ബാലന്‍സ് പ്രധാനമാണ്. അത് നൽകുന്നതാകട്ടെ ഓള്‍ റൗണ്ട‍ര്‍മാരും. ഇംപാക്ട് പ്ലെയർ റൂളിന്റെ വരവോടുകൂടി ഓൾ റൗണ്ട‍ര്‍മാർ അപ്രസക്തമാകുകയാണ്
Updated on
3 min read

പതിനൊന്ന് പേരുടെ കളിയായ ക്രിക്കറ്റ് പന്ത്രണ്ട് പേരുടേതാക്കി മാറ്റിയ നിയമമാണ് 'ഇംപാക്ട് പ്ലെയർ റൂള്‍'. കളിയുടെ സാഹചര്യമനുസരിച്ച് താരങ്ങളെ പിന്‍വലിക്കാനും മറ്റൊരാളെ അവതരിപ്പിക്കാനും കഴിയുമെന്ന ലക്ഷ്വറി ടീമുകള്‍ക്ക് ഈ നിയമം സമ്മാനിക്കുന്നു. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) 2023ലാണ് ഇംപാക്ട് പ്ലെയർ റൂള്‍ അവതരിപ്പിക്കുന്നത്. ഇതോടെ കളിയുടെ ആസ്വാദനമികവ് വർധിച്ചുവെന്ന കാര്യത്തില്‍ ആർക്കും തർക്കമുണ്ടാകില്ല. പക്ഷേ, ഈ ഇംപാക്ട് ഒരു 'ബ്ലോ' ആയിരിക്കുകയാണ് താരങ്ങള്‍ക്ക്, പ്രത്യേകിച്ചും ഓള്‍ റൗണ്ട‍ര്‍മാർക്കും ദേശീയ ടീമിലേക്കുള്ള വിളി കാത്തുനില്‍ക്കുന്നവർക്കും.

ഒരു ടീമിനെ സംബന്ധിച്ചടത്തോളം ബാലന്‍സ് പ്രധാനമാണ്. അത് നല്‍കുന്നതാകട്ടെ ഓള്‍ റൗണ്ട‍ര്‍മാരും. ഇംപാക്ട് പ്ലെയർ റൂളിന്റെ വരവോടെ ഓള്‍ റൗണ്ട‍ര്‍മാർ അപ്രസക്തമാകുകയാണ്. ഒരു ടീം ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ അവർക്ക് ഒരു ബാറ്ററെ അധികമായി ഉപയോഗിക്കാനാകും. ബൗളിങ് സമയത്ത് ആ ബാറ്ററെ പിന്‍വലിച്ച് ബൗളറെ കളത്തിലെത്തിച്ചാലും മതി. അതായത് ഇംപാക്ട് പ്ലെയർ റൂളാണ് ഐപിഎല്ലില്‍ നിലവിലെ 'ഓള്‍ റൗണ്ട‍ര്‍' ടാഗ് വഹിക്കുന്നത്. ഇതിന്റെ പ്രധാന ഇരകളായ ഓള്‍ റൗണ്ട‍ര്‍മാരാണ് ശിവം ദുബെ, രാഹുല്‍ തേവാത്തിയ, വാഷിങ്ടണ്‍ സുന്ദർ എന്നിവർ. ബാധിക്കപ്പെട്ടവരുടെ എണ്ണം ഇനിയും നീളും.

ഇനിയും വേണോ, ഓള്‍റൗണ്ടര്‍മാരെ പുറത്തിരുത്തുന്ന ഇംപാക്ട് റൂള്‍
ക്രിക്കറ്റും ഭൗതിക ശാസ്ത്രവും

ശിവം ദുബെ

ചെന്നൈ സൂപ്പർ കിങ്സിന്റെ ടോപ് സ്കോററായ ശിവം ദൂബെ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും ഒന്നുകില്‍ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയിട്ടുണ്ട്, അല്ലെങ്കില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാറ്റിങ് ഓള്‍ റൗണ്ട‍റായ താരം ആറ് കളികളില്‍ നിന്ന് ഇതിനോടകം 242 റണ്‍സ് നേടി. 163.51 ആണ് ഇടം കയ്യന്‍ ബാറ്ററുടെ സ്ട്രൈക്ക് റേറ്റ്. മീഡിയം പേസർ കൂടിയായ ദുബെ ഈ സീസണില്‍ ഒരു ഓവർ പോലും പന്തെറിഞ്ഞിട്ടുമില്ല. താരത്തിന് പകരമായി ഇതുവരെ കളത്തിലെത്തിയത് പേസർമാരായ മുസ്തഫിസൂർ റഹ്മാനും മതീഷ പതിരനയുമാണ്. ദുബെയുടെ ഓള്‍ റൗണ്ട് മികവ് തത്വത്തില്‍ ഉപയോഗശൂന്യമാണെന്ന് സാരം.

രാഹുല്‍ തേവാത്തിയ

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫിനിഷർ റോള്‍ വഹിക്കുന്ന രാഹുല്‍ തേവാത്തിയ വലം കയ്യന്‍ ലെഗ് സ്പിന്നറാണ്. ബൗളിങ് ഓള്‍ റൗണ്ട‍റായ താരത്തെ ഇതുവരെ ബൗളിങ്ങില്‍ പരീക്ഷിക്കാന്‍ ഗുജറാത്ത് തയാറായിട്ടില്ല. ഗുജറാത്തിനൊപ്പം എത്തിയതിന് ശേഷമാണ് താരത്തിന്റെ കരിയർ ബാറ്റിങ് കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നത്. 2022ല്‍ ആറ് ഓവറും 2023ല്‍ രണ്ട് ഓവറും മാത്രമാണ് താരം പന്തെറിഞ്ഞിട്ടുള്ളത്. ഇംപാക്ട് പ്ലെയർ റൂളിലൂടെ എക്സ്ട്രാ ബൗളറെ കളത്തിലെത്തിക്കുന്നതിനാല്‍ തേവാത്തിയയുടെ ഓള്‍ റൗണ്ട‍് സേവനം ഗുജറാത്തിന് ആവശ്യമല്ലാതാകുകയാണ്.

വാഷിങ്ടണ്‍ സുന്ദർ

ഇന്ത്യന്‍ ടീമിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും സ്ഥിര സാന്നിധ്യമായിരുന്നു വാഷിങ്ടണ്‍ സുന്ദർ. ഇടം കയ്യന്‍ ബാറ്ററും വലം കയ്യന്‍ ഓഫ്‌ സ്പിന്നറുമായ വാഷിങ്ടണ്‍ ഒരു ബൗളിങ് ഓള്‍ റൗണ്ട‍റാണ്. ഇംപാക്ട് പ്ലെയർ റൂള്‍ നിലവില്‍ വന്നതിന് ശേഷം താരത്തിന്റെ ടീമിലെ സ്ഥാനം തന്നെ അസ്ഥിരമാണ്. 2023 സീസണില്‍ സണ്‍റൈസേഴ്‌സിനായി കേവലം ഏഴ് മത്സരങ്ങളിലാണ് താരത്തിന് കളിക്കാനായത്. 17 ഓവറുകളും പന്തെറിഞ്ഞു. 2024 സീസണ്‍ പാതിവഴിയിലെത്തുമ്പോള്‍ വാഷിങ്ടണ്‍ അന്തിമ ഇലവനില്‍ ഇടം പിടിച്ചത് ഒരുതവണ മാത്രമാണ്.

ഇനിയും വേണോ, ഓള്‍റൗണ്ടര്‍മാരെ പുറത്തിരുത്തുന്ന ഇംപാക്ട് റൂള്‍
'ക്യാമിയോ' റോളില്‍ ഒതുങ്ങുന്ന ജിതേഷ്; ലോകകപ്പ് ടീം റെയ്സില്‍ ഓവർടേക്ക് ചെയ്ത് സഞ്ജുവും പന്തും!

ഹാർദിക്ക് പാണ്ഡ്യ

ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന ഓള്‍ റൗണ്ടർമാരില്‍ മുന്‍പന്തിയിലുള്ള താരമാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാർദിക്ക് പാണ്ഡ്യ. ഇംപാക്ട് പ്ലെയർ റൂളിന്റെ ലക്ഷ്വറി മൂലം ഒരു പ്രോപ്പർ ബൗളറെ കളത്തിലിറക്കാനാകുമെന്നതിനാല്‍ പലപ്പോഴും ബൗളിങ്ങില്‍ നിന്ന് ഹാർദിക്ക് വിട്ടുനില്‍ക്കുന്നതായാണ് കാണാനാകുന്നത്. ആറ് കളികളില്‍ നിന്ന് ഇതുവരെ കേവലം 11 ഓവറാണ് ഐപിഎല്ലില്‍ ഹാർദിക്ക് എറിഞ്ഞിട്ടുള്ളത്. മൂന്ന് വിക്കറ്റും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ഇത് ഹാർദിക്കിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള സ്ഥാനം തന്നെ ഇല്ലാതാക്കിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ഹാർദിക്ക് ഐപിഎല്ലില്‍ ബൗളിങ്ങിലും പ്രധാന്യം നല്‍കണമെന്ന് ബിസിസിഐ നിർദേശിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ഓള്‍ റൗണ്ട് പ്രകടനവും അത്ര ശുഭസൂചന നല്‍കുന്നതല്ല. താരത്തിന്റെ എക്കോണമി 12 ആണ്, ബാറ്റിങ്ങില്‍ നേടിയതാകട്ടെ 131 റണ്‍സ് മാത്രവും.

ഇനിയും വേണോ, ഓള്‍റൗണ്ടര്‍മാരെ പുറത്തിരുത്തുന്ന ഇംപാക്ട് റൂള്‍
ബൗളർമാർക്ക് നരകം, ബാറ്റർമാർക്ക് പറുദീസ! 'ബാലന്‍സ്' തെറ്റിയ ഐപിഎല്‍

മേല്‍പ്പറഞ്ഞ താരങ്ങളെ പോലെ ഓള്‍ റൗണ്ടർമാരുടെ ടാഗിലെത്തി ബാറ്റർമാരായി മാത്രം തുടരുന്ന കുറച്ച് താരങ്ങള്‍ കൂടിയുണ്ട്. വിജയ് ശങ്കർ (ഗുജറാത്ത് ടൈറ്റന്‍സ്), വെങ്കിടേഷ് അയ്യർ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ദീപക് ഹൂഡ് (ലഖ്നൗ സൂപ്പർ ജയന്റ്സ്), മഹിപാല്‍ ലോംറോർ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) എന്നിവരാണ് ഇക്കൂട്ടത്തിലെ പ്രധാനികള്‍. ഹാർദിക്ക് പരുക്കേറ്റ് കളത്തിന് പുറത്തിരുന്ന കാലങ്ങളില്‍ വെങ്കിടേഷ് അയ്യരായിരുന്നു പകരക്കാരനായി എത്തിയിരുന്നത്. ഇന്ത്യയ്ക്കായി ട്വന്റി20യില്‍ മികവ് പുലർത്താനും ഇടം കയ്യന്‍ ബാറ്റർക്ക് സാധിച്ചിരുന്നു.

ഇംപാക്ടില്‍ കിട്ടുന്ന വിശ്രമം

ഒരു ടൂർണമെന്റിന് മുന്നോടിയായി താരങ്ങള്‍ക്ക് ഗെയിം ടൈം ലഭിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും ട്വന്റി 20 ലോകകപ്പ് പോലൊരും ടൂർണമെന്റ് മുന്നില്‍ നില്‍ക്കെ. ഇംപാക്ട് പ്ലെയർ റൂളോടെ പല ബാറ്റർമാർക്കും ഫീല്‍ഡിങ്ങിനിറങ്ങേണ്ടതായി വരുന്നില്ല. സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാള്‍, സായ് സുദർശന്‍ എന്നിവർ പലപ്പോഴും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പരുക്കില്‍ നിന്ന് തിരിച്ചുവന്ന സൂര്യകുമാർ മത്സരത്തില്‍ പൂർണമായും കളത്തില്‍ ചിലവഴിക്കേണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. ഫോം നഷ്ടമായ ജയ്സ്വാളിന്റെ കാര്യവും അങ്ങനെ തന്നെ. സീസണില്‍ ജയ്സ്വാള്‍ പവർപ്ലെ അതിജീവിച്ചതു പോലും ചുരുക്കം ചില മത്സരങ്ങളില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ താരം ഏറെക്കുറെ വിശ്രമത്തിലാണെന്ന് പറയാം.

ഇംപാക്ടില്‍ നേട്ടമാർക്ക്, കോട്ടമാർക്ക്?

ഓള്‍ റൗണ്ടർമാരെ അപ്രസക്തമാക്കുന്നതാണ് നിയമമെന്നത് ഐപിഎല്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. ഇതിന്റെ ശെരിക്കുമുള്ള 'ഇംപാക്ട്' ഇന്ത്യന്‍ ടീമിലാണ് പ്രതിഫലിക്കുന്നത്. ഓള്‍ റൗണ്ട് മികവ് തെളിയിക്കാത്തവരെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന ചോദ്യമാണ് സെലക്ടർമാർക്ക് മുന്നിലുള്ളത്. ഇക്കാരണത്താലാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് കൃത്യമായ മുന്നറിയിപ്പ് ബിസിസിഐ നല്‍കിയിട്ടുള്ളതും. ഒരു ഡയമെന്‍ഷനിലേക്ക് മാത്രം ഓള്‍ റൗണ്ടർമാരുടെ മികവ് ചുരുങ്ങുന്നത് അന്താരാഷ്ട്ര ലെവലിലേക്ക് എത്തുമ്പോള്‍ തിരിച്ചടിയാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

ആരാധകരുടെ ആവേശത്തിന്റെ താളത്തിനൊത്ത് കളി മാറുമ്പോള്‍ നേട്ടം നിക്ഷേപകർക്ക് മാത്രമാണ്. ക്രിക്കറ്റിന്റെ ഭാവി എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ വലിയ ചിന്തതന്നെ ഇവിടെ അനിവാര്യമാകുന്നു.

logo
The Fourth
www.thefourthnews.in