IPL 2024| റണ്‍മല താണ്ടാനാകാതെ ഡല്‍ഹി; കൊല്‍ക്കത്തയ്ക്ക് മൂന്നാം ജയം
ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) തുടർച്ചയായ മൂന്നാം ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 273 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിയുടെ പോരാട്ടം 166 റണ്‍സില്‍ അവസാനിച്ചു. അർധ സെഞ്ചുറികള്‍ നേടിയ നായകന്‍ റിഷഭ് പന്ത് (55), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (54) എന്നിവർ മാത്രമാണ് ഡല്‍ഹിക്കായി അല്‍പ്പമെങ്കിലും പോരാടിയത്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവർത്തി, വൈഭവ് അറോറ എന്നിവർ മൂന്നും മിച്ചല്‍ സ്റ്റാർക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.
273 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് പവർപ്ലേയ്ക്കുള്ളില്‍ തന്നെ നാല് മുന്‍നിര ബാറ്റർമാരെ നഷ്ടമായി. ഡേവിഡ് വാർണർ (19), പൃഥ്വി ഷാ (10), മിച്ചല്‍ മാർഷ് (0), അഭിഷേക് പോറല്‍ (0) എന്നിവരാണ് അതിവേഗം മടങ്ങിയത്. വാർണറിനേയും മാർഷിനേയും സ്റ്റാർക്കും ഷായേയും പോറലിനേയും വൈഭവ് അറോറയുമാണ് പുറത്താക്കിയത്. എന്നാല്‍ നായകന്‍ റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്സും ചേർന്ന് വന്‍ തകർച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റി.
ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനാവശ്യമായ തരത്തില്‍ ബാറ്റ് ചെയ്യുന്നതില്‍ കൂട്ടുകെട്ടിന്റെ തുടക്കത്തില്‍ ഇരുവരും പരാജയപ്പെട്ടു. എന്നാല്‍ വെങ്കിടേഷ് അയ്യർ എറിഞ്ഞ 12-ാംഓവറില്‍ നാല് ഫോറും രണ്ട് സിക്സും പറത്തി പന്ത് ട്രാക്കിലേക്ക് എത്തി. 23 പന്തില്‍ അർധ സെഞ്ചുറി തികയ്ക്കാനും പന്തിനായി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം. എന്നാല്‍ നാഴികക്കല്ല് പിന്നിട്ട് അധികം വൈകാതെ പന്തിനെ വരുണ്‍ ചക്രവർത്തി പുറത്താക്കി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 55 റണ്‍സായിരുന്നു ഡല്‍ഹി നായകന്റെ സാമ്പാദ്യം.
പിന്നാലെ എത്തിയ അക്സർ പട്ടേലും (0) വരുണിനെ അതിജീവിക്കാതെ പവലിയനിലെത്തി. പന്തിന് പിന്നാലെ സ്റ്റബ്സും അർധ സെഞ്ചുറി കുറിച്ചു. 32 പന്തില്‍ നാല് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്താണ് സ്റ്റബ്സ് പുറത്തായത്. ചക്രവർത്തിക്കായിരുന്നു സ്റ്റബ്സിന്റെ വിക്കറ്റും. സ്റ്റബ്സിന്റെ വിക്കറ്റ് വീണതോടെ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. വാലറ്റത്തെ വീഴ്ത്തി മൂന്നാം ജയവും സ്വന്തമാക്കി.
കൊല്‍ക്കത്ത റണ്‍ ഫെസ്റ്റ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും മുംബൈ ഇന്ത്യന്‍സിന്റേയും ബാറ്റിങ് വെടിക്കെട്ടിന്റെ തുടർച്ച വിശാഖപട്ടണത്ത് കാഴ്ചവെക്കുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്‍. സുനില്‍ നരെയ്‌ന്‍ (39 പന്തില്‍ 85), അംഗൃഷ് രഘുവംശി (27 പന്തില്‍ 54), ആന്ദ്രെ റസല്‍ (19 പന്തില്‍ 41), റിങ്കു സിങ് (എട്ട് പന്തില്‍ 26) എന്നിവരുടെ സ്ഫോടനാത്മക ബാറ്റിങ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിശ്ചിത 20 ഓവറില്‍ കൊല്‍ക്കത്ത അടിച്ചുകൂട്ടിയത് 272 റണ്‍സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് സ്വന്തം പേരില്‍ കുറിക്കാന്‍ കൊല്‍ക്കത്തയ്ക്കായി.
നരെയ്‌നായിരുന്നു കൊല്‍ക്കത്തയുടെ വെടിക്കെട്ടിന് തിരികൊളുത്തിയത്. ബാറ്റിങ്ങില്‍ പവർപ്ലെ ആനുകൂല്യം മാത്രം മുതലെടുക്കാന്‍ കഴിയുന്ന താരമെന്ന വിമർശനം ഇന്ന് നരെയ്‌ന്‍ തിരുത്തി. പവർപ്ലേയ്ക്കുള്ളില്‍ 21 പന്തിലായിരുന്നു നരെയ്‌ന്‍ അർധ സെഞ്ചുറി തികച്ചത്. ആദ്യ ആറ് ഓവർ പൂർത്തിയാകുമ്പോള്‍ കൊല്‍ക്കത്തയുടെ സ്കോർ 88-1 എന്ന നിലയിലേക്ക് എത്തി. രഘുവംശിയും നരെയ്‌ന്റെ പാത സ്വീകരിച്ചതോടെ ഡല്‍ഹിക്ക് തടുക്കാവുന്നതിലും വേഗത്തില്‍ കൊല്‍ക്കത്തയുടെ സ്കോർ കുതിച്ചു.
ഇരുവരുടേയും ബാറ്റുകളില്‍ നിന്ന് അനായാസമായിരുന്നു പന്ത് ബൗണ്ടറി കടന്നത്. പത്ത് ഓവർ പൂർത്തിയാകുമ്പോള്‍ കൊല്‍ക്കത്തയുടെ സ്കോർ 135-1 എന്ന നിലയിലേക്ക് എത്തിയിരുന്നു. 13-ാം ഓവറില്‍ നരെയ്‌നും 14-ാം ഓവറില്‍ രഘുവംശിയും പുറത്തായെങ്കിലും സ്കോറിങ്ങിന്റെ വേഗത കുറയ്ക്കാന്‍ കൊല്‍ക്കത്ത തയാറായില്ല. 39 പന്തില്‍ ഏഴ് വീതം ഫോറും സിക്സും അടക്കമായിരുന്നു നരെയ്‌ന്‍ 85 റണ്‍സ് നേടിയത്. 54 റണ്‍സ് നേടിയ രഘുവംശിയുടെ ഇന്നിങ്സില്‍ അഞ്ച് ഫോറും മൂന്ന് സിക്സും പിറന്നു.
ആന്ദ്രെ റസലും നായകന്‍ ശ്രേയസ് അയ്യരും ചേർന്ന് ഡല്‍ഹി മർദനം തുടർന്നു. കൂറ്റനടിക്ക് ശ്രമിക്കുന്നതിനിടെ 11 പന്തില്‍ 18 റണ്‍സെടുത്തായിരുന്നു ശ്രേയസ് പുറത്തായത്. റസലും റിങ്കുവും ചേർന്നതോടെ കൊല്‍ക്കത്തയുടെ ഇന്നിങ്സ് 'സിക്സ്'ത്ത് ഗിയറിലേക്ക് ഷിഫ്റ്റായി. ഹൈദരാബാദിന്റെ 277 റണ്‍സെന്ന റെക്കോർഡ് മറികടക്കുമെന്ന് തോന്നിച്ചെങ്കിലും റസലിന്റേയും റിങ്കുവിന്റേയും പുറത്താകലും ഇഷാന്ത് ശർമയുടെ അവസാന ഓവറിലെ മികവും ഡല്‍ഹിയെ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഡല്‍ഹിക്കായി ആന്‍റിച്ച് നോർക്കെ മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് നേടി. ഖലീല്‍ അഹമ്മദിനും മിച്ചല്‍ മാർഷിനും ഓരോ വിക്കറ്റും ലഭിച്ചു.