IPL 2024| ഏകനയില്‍ യാഷ് മാജിക്ക്; ഗുജറാത്തിനെ തകർത്ത് ലഖ്നൗവിന് മൂന്നാം ജയം
ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ലഖ്നൗ സൂപ്പർ ജയന്റ്സിന് മൂന്നാം ജയം. ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിനായിരുന്നു ലഖ്നൗ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ പോരാട്ടം 130 റണ്‍സില്‍ അവസാനിച്ചു. ലഖ്നൗവിനായി യാഷ് താക്കൂർ അഞ്ചും ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റും വീതം നേടി.
164 എന്ന ഭേദപ്പെട്ട സ്കോർ മറികടക്കുക എന്നത് ലഖ്നൗവിലെ വേഗതകുറഞ്ഞ വിക്കറ്റില്‍ അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ ഗുജറാത്ത് ഓപ്പണർമാരായ ശുഭ്മാന്‍ ഗില്ലും സായ് സുദർശനും പവർപ്ലെ വിനിയോഗിച്ചു. പവർപ്ലെയുടെ അവസാന പന്തില്‍ ഗില്‍ (19) യാഷ് താക്കൂറിന്റെ പന്തില്‍ പുറത്താകുമ്പോള്‍ ഗുജറാത്തിന്റെ സ്കോർ 54ലെത്തിയിരുന്നു. പിന്നീട് സ്പിന്നർമാരെ രാഹുല്‍ ഉപയോഗിച്ചതോടെ ഗുജറാത്ത് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.
സായ് സുദർശന്‍ (31), കെയിന്‍ വില്യംസണ്‍ (1), ശരത് ബി ആർ (2), ദർശന്‍ നല്‍കണ്ടെ (12) എന്നിവരാണ് സ്പിന്‍ കുഴിയില്‍ വീണത്. വില്യംസണിന്റെ വിക്കറ്റ് രവി ബിഷ്ണോയിക്കായിരുന്നു. മറ്റ് മൂവരേയും ക്രുണാലും പുറത്താക്കി. അപകടകാരികളായ വിജയ് ശങ്കറിന്റെയും (17) റാഷിദ് ഖാന്റെയും (0) വിക്കറ്റുകളും യാഷ് താക്കൂർ നേടിയതോടെ 93-7 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. പിന്നീട് 25 പന്തില്‍ 30 റണ്‍സുമായി രാഹുല്‍ തേവാത്തിയ പൊരുതിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
ലഖ്നൗ സൂപ്പർ ജയന്റ്സ് - 163/5
ക്വിന്റണ്‍ ഡികോക്കിനേയും (6) ദേവദത്ത് പടിക്കലിനേയും (7) പവർപ്ലെയ്ക്കുള്ളില്‍ തന്നെ നഷ്ടമായാണ് ലഖ്നൗ സൂപ്പർ ജയന്‌റ്സ് തുടങ്ങിയത്. ഉമേഷ് യാദവിനായിരുന്നു ഇരുവരുടേയും വിക്കറ്റ്. വേഗത കുറഞ്ഞ വിക്കറ്റില്‍ നായകന്‍ കെ എല്‍ രാഹുലും മാർക്കസ് സ്റ്റോയിനിസും പിന്നീട് കരുതലോടെ ബാറ്റ് വീശി. മൂന്നാം വിക്കറ്റില്‍ 73 റണ്‍സാണ് സഖ്യം ചേർത്തത്. 31 പന്തില്‍ 33 റണ്‍സെടുത്ത രാഹുലിനെ മടക്കി ദർശന്‍ നല്‍കണ്ടെയാണ് കൂട്ടുകെട്ട് പൊളിച്ചത്.
രാഹുലിന്റെ പുറത്താകലിന് പിന്നാലെ തന്നെ സ്റ്റോയിനിസ് അർധ ശതകം തികച്ചു. 40 പന്തിലായിരുന്നു നേട്ടം. ശേഷം അധികനേരം ക്രീസില്‍ തുടരാന്‍ സ്റ്റോയിനിസിനേയും നല്‍കണ്ടെ അനുവദിച്ചില്ല. 43 പന്തില്‍ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 58 റണ്‍സായിരുന്നു സ്റ്റോയിനിസ് നേടിയത്. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പൂരാനും ആയുഷ് ബഡോണിക്കും തുടക്കത്തില്‍ താളം കണ്ടെത്താനായിരുന്നില്ല.
സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമത്തില്‍ റാഷിദ് ഖാന്റെ പന്തില്‍ ബഡോണി പുറത്തായി. 11 പന്തില്‍ 20 റണ്‍സായിരുന്നു യുവതാരത്തിന്റെ നേട്ടം. 22 പന്തില്‍ 32 റണ്‍സെടുത്ത പൂരാന്റെ ഇന്നിങ്സാണ് ലഖ്നൗവിനെ 160 കടത്തിയത്. മൂന്ന് സിക്സറുകളാണ് പൂരാന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്.