IPL 2024| ഒടുവില്‍ 'പോരാളികള്‍'ക്കും ജയം; ഡല്‍ഹിയെ 29 റണ്‍സിന് തകർത്ത് മുംബൈ

IPL 2024| ഒടുവില്‍ 'പോരാളികള്‍'ക്കും ജയം; ഡല്‍ഹിയെ 29 റണ്‍സിന് തകർത്ത് മുംബൈ

മുംബൈക്കായി ജെറാള്‍ഡ് കോറ്റ്‍സി നാലും ജസ്പ്രിത് ബുംറ രണ്ടും വിക്കറ്റ് നേടി
Updated on
2 min read

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. വാങ്ക്ഡെ ആതിഥേയത്വം വഹിച്ച മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബൈ തകർത്തത്. 235 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിയുടെ പോരാട്ടം 205-8 എന്ന നിലയില്‍ അവസാനിച്ചു. 25 പന്തില്‍ 71 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ പോരാട്ടം വിഫലമായി. മുംബൈക്കായി ജെറാള്‍ഡ് കോറ്റ്‍സി നാലും ജസ്പ്രിത് ബുംറ രണ്ടും വിക്കറ്റ് നേടി.

235 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് തുടക്കത്തിലെ തന്നെ ഓപ്പണർ ഡേവിഡ് വാർണറിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷായും അഭിഷേക് പോറലും ചേർന്ന് ആവശ്യമായ റണ്‍റേറ്റ് നിലനിർത്തിക്കൊണ്ടാണ് ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റില്‍ 49 പന്തില്‍ 88 റണ്‍സാണ് സഖ്യം ചേർത്തത്. പൃഥ്വി ഷായെ (66) ബൗള്‍ഡാക്കി ജസ്പ്രിത് ബുംറയായിരുന്നു കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ തന്നെ അഭിഷേകിനേയും (41) ബുംറ മടക്കി. നിർണായക ഘട്ടത്തിലെത്തിയ റിഷഭ് പന്തിന് (2) കാര്യമായ സംഭാവന നല്‍കാനുമായില്ല.

മറുവശത്ത് തുടരെ വിക്കറ്റുകള്‍ വീണെങ്കിലും യുവതാരം ട്രിസ്റ്റന്‍ സ്റ്റബ്സ് ഡല്‍ഹിക്കായി കൂറ്റനടികളുമായി കളം നിറഞ്ഞു. 19 പന്തില്‍ നിന്ന് യുവതാരം അർധ സെഞ്ചുറികള്‍ നേടുകയും ചെയ്തു. 25 പന്തില്‍ നിന്ന് മൂന്ന് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 71 റണ്‍സെടുത്താണ് സ്റ്റബ്സ് പുറത്താകാതെ നിന്നത്. അവസാന ഓവറില്‍ മൂന്ന് വിക്കറ്റെടുത്താണ് ജെറാള്‍ഡ് കോറ്റ്സി മുംബൈയുടെ ജയം ഉറപ്പിച്ചത്.

IPL 2024| ഒടുവില്‍ 'പോരാളികള്‍'ക്കും ജയം; ഡല്‍ഹിയെ 29 റണ്‍സിന് തകർത്ത് മുംബൈ
IPL 2024| വാങ്ക്ഡെയില്‍ മുംബൈ അവതരിച്ചു; ഡല്‍ഹിക്കെതിരെ റണ്‍മഴ, 234-5

വാങ്ക്ഡെയില്‍ പവർപ്ലെ ആനുകൂല്യം പൂർണമായും വിനിയോഗിച്ചുകൊണ്ടായിരുന്നു മുംബൈ ഓപ്പണർമാർ ബാറ്റ് വീശിയത്. ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശർമ, ജെയ് റിച്ചാർഡ്‌സണ്‍, ലളിത് യാദവ്, അക്സർ പട്ടേല്‍ എന്നിവർ രോഹിതിന്റെയും ഇഷാന്റെയും പ്രഹരങ്ങള്‍ക്ക് ഇരയായി. ആദ്യ ആറ് ഓവറില്‍ 75 റണ്‍സാണ് സഖ്യം ചേർത്തത്. ഇതില്‍ 49 റണ്‍സും രോഹിതിന്റെ സംഭാവനയായിരുന്നു. 20 റണ്‍സാണ് പവർപ്ലെയില്‍ ഇഷാന്‍ നേടിയത്.

പവർപ്ലെയ്ക്ക് ശേഷമുള്ള ആദ്യ ഓവറില്‍ അക്സറിന്റെ പന്തില്‍ രോഹിത് ബൗള്‍ഡായതോടെയാണ് മുംബൈയുടെ സ്കോറിങ് വേഗത കുറഞ്ഞത്. 27 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 49 റണ്‍സ് രോഹിത് നേടി. നീണ്ട ഇടവേളയ്ക്ക് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് (0) അതിവേഗം മടങ്ങി. ആന്‍ററിച്ച് നോർക്കെയുടെ പന്തിലാണ് സൂര്യ പുറത്തായത്. രണ്ട് വിക്കറ്റുകള്‍ വീണെങ്കില്‍ ഇടവേളകളില്‍ ബൗണ്ടറികളുമായി ഇഷാന്‍ സ്കോറിങ് മുന്നോട്ട് നയിച്ചു. 10 ഓവറില്‍ മുംബൈ 105-2 എന്ന നിലയിലായിരുന്നു.

IPL 2024| ഒടുവില്‍ 'പോരാളികള്‍'ക്കും ജയം; ഡല്‍ഹിയെ 29 റണ്‍സിന് തകർത്ത് മുംബൈ
IPL 2024 | ബട്ട്ലർ ബ്ലാസ്റ്റ്, മിന്നി സഞ്ജുവും; ബെംഗളൂരുവിനെതിരെ രാജസ്ഥാന് ആധികാരിക ജയം, ഒന്നാമത്

എന്നാല്‍ മുംബൈയുടെ വിക്കറ്റ് വീഴ്ച തുടർന്നു. ഇഷാനെ (42) അക്സറും തിലകിനെ (6) ഖലീല്‍ അഹമ്മദും പറഞ്ഞയച്ചു. നാലാമനായി എത്തിയ ഹാർദിക്കിനും ടിം ഡേവിഡും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ റണ്‍റേറ്റും ഇടിഞ്ഞു. എന്നാല്‍ അവസാന അഞ്ച് ഓവറിലേക്ക് ഇന്നിങ്സ് കടന്നതോടെ ഇരുവരും കൂറ്റനടികള്‍ പുറത്തെടുത്തു. 32 പന്തില്‍ 60 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ സഖ്യം ചേർത്തത്. 39 റണ്‍സെടുത്ത ഹാർദിക്ക് രണ്ട് ഓവർ ബാക്കി നില്‍ക്കെയായിരുന്നു നോർക്കെയുടെ പന്തില്‍ മടങ്ങിയത്.

ഹാർദിക്ക് മടങ്ങിയെങ്കിലും ഡേവിഡ് തുടർന്നു. ഇഷാന്ത് ശർമയെറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സാണ് ഡേവിഡും റൊമാരിയൊ ഷെപ്പേർഡും നേടിയത്. അവസാന ഓവറില്‍ നോർക്കെയ്ക്കെതിരെ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 32 റണ്‍സാണ് ഷെപ്പേർഡ് നേടിയത്. 10 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും ഉള്‍പ്പെടെ 39 റണ്‍സാണ് ഷെപ്പേർഡ് നേടിയത്. 21 പന്തില്‍ 45 റണ്‍സുമായി ഡേവിഡ് പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in