IPL 2024| സോള്‍ട്ട്-നരെയ്‌ന്‍ ഇടിമുഴക്കം; ഈഡനില്‍ പഞ്ചാബിന് 262 റണ്‍സ് ലക്ഷ്യം
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ കൂറ്റന്‍ സ്കോർ ഉയർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈഡന്‍ ഗാർഡന്‍സില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. അർധ സെഞ്ചുറി നേടിയ ഫില്‍ സോള്‍ട്ട് (75), സുനില്‍ നരെയ്‌ന്‍ എന്നിവരുടെ ഇന്നിങ്സാണ് ആതിഥേയർക്ക് തുണയായത്. പഞ്ചാബിനായി അർഷദീപ് രണ്ട് വിക്കറ്റെടുത്തു.
ഈഡന്‍ ഗാർഡന്‍സില്‍ ഒന്നാം ഓവറുമുതല്‍ ബാറ്റിങ് വിരുന്നൊരുക്കുകയായിരുന്നു സോള്‍ട്ടും നരെയ്‌നും ചേർന്ന്. പഞ്ചാബ് ബൗളർമാർ ഇരുവരുടേയും ഹാർഡ് ഹിറ്റിങ്ങിന് മുന്നില്‍ ഉത്തരമില്ലാതെ നിന്നു. അർഷദീപ് സിങ്, സാം കറണ്‍, കഗിസൊ റബാഡ, ഹർഷല്‍ പട്ടേല്‍ എന്നിങ്ങനെ പവർപ്ലേയിലെത്തിയവരെല്ലാം ഇടവേളകളില്ലാതെ ബൗണ്ടറി കടന്നു. ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 76 റണ്‍സാണ് സഖ്യം ചേർത്തത്.
പവർപ്ലേയ്ക്ക് ശേഷം റണ്ണൊഴുക്കിന് ശമനമുണ്ടാകുമെന്ന് കരുതിയെങ്കിലും മറിച്ചായിരുന്നു ഫലം. 23 പന്തില്‍ നരെയ്‌ന്‍ അർധ സെഞ്ചുറി കുറിച്ചു. 25 പന്തിലായിരുന്നു സോള്‍ട്ടിന്റെ നേട്ടം. 10 ഓവർ പൂർത്തിയാകുമ്പോള്‍ കൊല്‍ക്കത്തയുടെ സ്കോർ 137ല്‍ എത്തിയിരുന്നു. വൈകാതെ നരെയ്‌നെ മടക്കി രാഹുല്‍ ചഹറാണ് കൂട്ടുകെട്ട് പൊളിച്ചത്. 32 പന്തില്‍ ഒൻപത് ഫോറും നാല് സിക്സും ഉള്‍പ്പെടെ 71 റണ്‍സ് താരം നേടി.
അധികം സമയം പിന്നിട്ടില്ല, സോള്‍ട്ടിന്റെ പ്രതിരോധം കറണ്‍ തകർത്തു. 37 പന്തില്‍ 75 റണ്‍സെടുത്ത സോള്‍ട്ടിന്റെ ഇന്നിങ്സില്‍ ആറ് വീതം ഫോറും സിക്സും ഉള്‍പ്പെട്ടു. പിന്നീടെത്തിയ ആന്ദ്രെ റസല്‍ (12 പന്തില്‍ 24), ശ്രേയസ് അയ്യർ (10 പന്തില്‍ 28), റിങ്കു സിങ് (5), രമണ്‍ദീപ് (6) എന്നിവർ പടുകൂറ്റന്‍ സ്കോർ ഉയർത്തുന്നതില്‍ തങ്ങളുടേതായ സംഭാവന നല്‍കി. 23 പന്തില്‍ 39 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് മറ്റൊരു പ്രധാന സ്കോറർ.