IPL 2024 | ക്ലാസന് അർധസെഞ്ചുറി; ഫൈനലുറപ്പിക്കാന്‍ രാജസ്ഥാന് 176 റണ്‍സ് ലക്ഷ്യം
ഐപിഎല്‍ ക്വാളിഫയർ രണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സ് നേടിയത്. ഹെൻ്ററിച്ച് ക്ലാസന്‍ (50), രാഹുല്‍ ത്രിപാഠി (37) ട്രാവിസ് ഹെഡ് (34) എന്നിവരാണ് ഹൈദരാബാദിന്റെ പ്രധാന സ്കോറർമാർ. രാജസ്ഥാനായി ടെന്റ് ബോള്‍ട്ടും ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീതം നേടി.
പവർപ്ലേയില്‍ ട്രെന്റ് ബോള്‍ട്ടും ഹൈദരാബാദ് ബാറ്റർമാരും കൊണ്ടും കൊടുത്തും പോരാടുകയായിരുന്നു. ഒരുവശത്ത് ഹൈദരാബാദ് ബാറ്റർമാർ റണ്ണൊഴുക്കിയപ്പോള്‍ മറുവശത്ത് ബോള്‍ട്ട് രാജസ്ഥാനായി വിക്കറ്റുകള്‍ പിഴുതുകൊണ്ടിരുന്നു. അഭിഷേക് ശർമ (അഞ്ച് പന്തില്‍ 12), രാഹുല്‍ ത്രിപാഠി (15 പന്തില്‍ 37), എയ്‌ഡന്‍ മാർക്രം (1) എന്നിവരെയാണ് ബോള്‍ട്ട് മടക്കിയത്. 68-3 എന്ന നിലയിലാണ് ഹൈദരാബാദ് പവർപ്ലെ അവസാനിപ്പിച്ചത്.
ശേഷം റണ്ണൊഴുക്ക് തടയാനും അപകടകാരിയായ ട്രാവിസ് ഹെഡിനെ പുറത്താക്കാനും രാജസ്ഥാനായി. സന്ദീപ് ശർമയുടെ പന്തില്‍ അശ്വിന്റെ കൈകളില്‍ ഹെഡ് ഒതുങ്ങി. 28 പന്തില്‍ 34 റണ്‍സായിരുന്നു ഹെഡ് നേടിയത്. ഇന്നിങ്സ് പാതി വഴിയിലെത്തുമ്പോള്‍ 99 റണ്‍സായിരുന്നു ഹൈദരാബാദിന്റെ സ്കോർബോർഡിലുണ്ടായിരുന്നത്. പിന്നീട് ക്ലാസനും നിതീഷ് റെഡ്ഡിയും ചേർന്ന് അഞ്ചാം വിക്കറ്റില്‍ 21 റണ്‍സ് ചേർത്തു.
കൂട്ടുകെട്ട് സ്കോറിങ്ങിന് വേഗം കൂട്ടേണ്ട സമ്മർദത്തിലെത്തിയപ്പോഴാണ് നിതീഷ് (5) പുറത്തായത്. പിന്നാലെ എത്തിയ അബ്ദുള്‍ സമദ് (0) ആവേശ് ഖാന്റെ പന്തില്‍ ബൗള്‍ഡായി. വിക്കറ്റ് വീഴ്ചയ്ക്കിടയിലും നിലയുറപ്പിച്ച ക്ലാസന്‍ ഹൈദരാബാദിന്റെ ഇന്നിങ്സില്‍ നിർണായകമായിരുന്നു. 33 പന്തില്‍ ക്ലാസന്‍ 50 തികച്ചു. എന്നാല്‍ ക്ലാസനെ ബൗള്‍ഡാക്കി സന്ദീപ് രാജസ്ഥാന് ഏഴാം വിക്കറ്റ് സമ്മാനിച്ചു. 18 റണ്‍സെടുത്ത ഷഹബാസ് കൂറ്റനടിക്ക് ശ്രമിക്കവെ പുറത്തായി. ആവേശിനായിരുന്നു വിക്കറ്റ്.