IPL 2024| പുതിയ ഇര സഞ്ജു; തീരുമാനങ്ങളില്‍ എയറിലാകുന്ന തേർഡ് അമ്പയർ
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താകലിന് പിന്നാലെ രണ്ട് തട്ടിലായിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഡല്‍ഹി ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 16-ാം ഓവറിലായിരുന്നു സഞ്ജുവിന്റെ നിർണായക വിക്കറ്റ് വീണത്.
മുകേഷ് കുമാറിന്റെ സ്ലോ ബോള്‍ പുള്‍ ചെയ്ത സഞ്ജു ലോങ് ഓണില്‍ ഷായ് ഹോപിന്റെ കൈകളില്‍ ഒതുങ്ങി. ക്യാച്ചെടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട ഹോപ്പിന്റെ കാലുകള്‍ ബൗണ്ടറി ലൈനില്‍ ഉരസിയെന്ന് സംശയം തോന്നിപ്പിക്കും വിധമായിരുന്നു ദൃശ്യങ്ങള്‍. എന്നാല്‍ തേർഡ് അമ്പയർ ഔട്ട് വിധിച്ചു. കളത്തില്‍വെച്ചു തന്നെ അമ്പയറിന്റെ തീരുമാനത്തെ സഞ്ജു ചോദ്യം ചെയ്യുകയും ചെയ്തു.
ഇതാദ്യമായല്ല സീസണില്‍ അമ്പയറിന്റെ തീരുമാനം വിവാദത്തില്‍ ഉള്‍പ്പെടുന്നത്. അമ്പയറുടെ തീരുമാനവുമായി ബന്ധപ്പെട്ട് ഇത്രയധികം ചർച്ചകളുണ്ടായ മറ്റൊരു സീസണുണ്ടോയെന്നതും സംശയമാണ്. പുതിയ സാങ്കേതികവിദ്യയായ സ്മാർട്ട് റീപ്ലെ സിസ്റ്റത്തോടുള്ള അമ്പയർമാരുടെ പരിചയക്കുറവാണോ ഇതിന് കാരണമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. സീസണ്‍ ആരംഭിക്കുന്നതിന് കേവലം ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ബിസിസിഐ സ്മാർട്ട് റീപ്ലെ സിസ്റ്റം അവതരിപ്പിച്ചത്. അമ്പയർമാർക്ക് വേണ്ടത്ര പരിശീലനം ഇക്കാര്യത്തില്‍ നല്‍കിയിട്ടുണ്ടോയെന്നും വ്യക്തതയില്ല.
എന്താണ് സ്മാർട്ട് റീപ്ലെ സിസ്റ്റം?
കൃത്യതയും തീരുമാനം എടുക്കുന്നതില്‍ വേഗതയും കൊണ്ടുവരുന്നതിന്റെ ഭാഗമായായിരുന്നു സ്മാർട്ട് റീപ്ലെ സിസ്റ്റം ബിസിസിഐ അവതരിപ്പിച്ചത്. കൂടുതല്‍ ദൃശ്യങ്ങള്‍ അമ്പയർമാർക്ക് ലഭ്യമാകും, ഇതിനുപുറമെ സ്പ്ലിറ്റ് സ്ക്രീന്‍ ചിത്രങ്ങളുമുണ്ടാകും.
അമ്പയർമാർക്കൊപ്പമുള്ള ഹോക്ക് ഐ ഓപ്പറേറ്റർമാരുടെ സഹായവും ലഭിക്കും. മൈതാനത്ത് സ്ഥാപിച്ചിട്ടുള്ള ഹോക്ക് ഐയുടെ എട്ട് ഹൈ സ്പീഡ് ക്യാമറകള്‍ ഉപയോഗിച്ച് പകർത്തുന്ന ചിത്രങ്ങളായിരിക്കും അമ്പയർമാർക്ക് നല്‍കുക. സ്റ്റമ്പിങ്, റണ്ണൗട്ട്, ക്യാച്ച്, ഓവർത്രൊ എന്നിവയിലെല്ലാം സ്മാർട്ട് റീപ്ലെ സിസ്റ്റം ഉപയോഗിച്ച് തീരുമാനമെടുക്കാനാകും.
സീസണില്‍ വിവാദമായ തീരുമാനങ്ങള്‍
വിരാട് കോഹ്ലി - ഹർഷിത് റാണ
സീസണിലെ തന്നെ ഏറ്റവും ആവശേം നിറഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിലായിരുന്നു സംഭവം. കൊല്‍ക്കത്ത ഉയർത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ഏഴ് പന്തില്‍ 18 റണ്‍സുമായി ബെംഗളൂരുവിന് ഉജ്വല തുടക്കം സമ്മാനിക്കാന്‍ കോഹ്ലിക്കായി. മൂന്നാം ഓവറെറിഞ്ഞ ഹർഷിത് റാണയുടെ സ്ലൊ ഫുള്‍ ടോസ് കോഹ്ലി പ്രതീക്ഷിച്ചതിലും ഉയർന്നായിരുന്നു എത്തിയത്. പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച കോഹ്ലിക്ക് പിഴയ്ക്കുകയും ഹർഷിതിന് തന്നെ ക്യാച്ച് നല്‍കുകയും ചെയ്തു.
ഫീല്‍ഡ് അമ്പയർ തേർഡ് അമ്പയറിന് തീരുമാനം വിട്ടുകൊടുക്കുകയും തേർഡ് അമ്പയർ ബൗളർക്ക് അനുകൂലമായി ഔട്ട് വിധിക്കുകയും ചെയ്തു. തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുക മാത്രമല്ല, അമ്പയർമാരോട് കയർത്തായിരുന്നു കോഹ്ലി കളം വിട്ടതും. മാച്ച് ഫീയുടെ 50 ശതമാനം പിഴയായും കോഹ്ലിക്ക് നല്‍കേണ്ടി വന്നു.
സഞ്ജു - ട്രാവിസ് ഹെഡ്
സീസണിലെ 50-ാം മത്സരത്തിലായിരുന്നു സഞ്ജുവിന്റെ ബ്രില്യന്‍സിനെ അമ്പയർ അവഗണിച്ച നിമിഷമുണ്ടായത്. 15-ാം ഓവറില്‍ ആവേശ് ഖാന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ട്രാവിസ് ഹെഡിന് പിഴയ്ക്കുകയും വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ കൈകളില്‍ പന്തെത്തുകയുമായിരുന്നു. ഹെഡിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നത് കണ്ട സഞ്ജു കൃത്യമായി അവസരം ഉപയോഗിക്കുകയും സ്റ്റമ്പ് എറിഞ്ഞിടുകയും ചെയ്തു. സ്റ്റമ്പ് തെറിക്കുമ്പോള്‍ ഹെഡിന്റെ ബാറ്റ് ക്രീസിനുള്ളിലായിരുന്നെങ്കിലും നിലം തൊട്ടിരുന്നില്ലെന്നാണ് ദൃശ്യങ്ങളില്‍ തെളിഞ്ഞത്. എങ്കിലും തേർഡ് അമ്പയർ ഔട്ട് വിധിച്ചില്ല.
ആയുഷ് ബഡോണി - ഇഷാന്‍ കിഷന്‍
ട്രാവിസ് ഹെഡില്‍ അമ്പയർ സ്വീകരിച്ച നിലപാടിന് നേർ വിപരീതമായിരുന്നു ആയുഷ് ബഡോണിയുടെ കാര്യത്തില്‍. മുംബൈ ഇന്ത്യന്‍സിന്റെ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ലഖ്നൗവിന് അവസാന രണ്ട് ഓവറില്‍ ആവശ്യമായിരുന്നു 12 പന്തില്‍ 13 റണ്‍സായിരുന്നു. ഹാർദിക്ക് പാണ്ഡ്യ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സിന് ശ്രമിച്ച ആയുഷ് ബഡോണി ഡൈവ് ചെയ്ത് ക്രീസില്‍ ബാറ്റെത്തിച്ചിരുന്നു. ഈ സമയം തന്നെയാണ് ഇഷാന്‍ കിഷന്‍ സ്റ്റമ്പ് ചെയ്തതും. ബഡോണി ക്രീസിലെത്തിയെന്നതില്‍ മുംബൈ താരങ്ങള്‍ക്ക് പോലും സംശയമില്ലായിരുന്നു. എന്നാല്‍ തേർഡ് അമ്പയർ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബാറ്റ് നിലം തൊട്ടിരുന്നുല്ല. അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.
വൈഡ് കോളുകള്‍
വൈഡ് കോളുകള്‍ റിവ്യൂ ചെയ്യാമെന്ന പുതിയ സംവിധാനവും ഈ ഐപിഎല്ലിലാണ് ബിസിസിഐ ഉള്‍പ്പെടുത്തിയത്. ഐപിഎല്‍ ആരംഭിച്ചതു മുതല്‍ ഇക്കാര്യത്തില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ടത് ഗുജറാത്ത് ടൈറ്റന്‍സ് - രാജസ്ഥാന്‍ മത്സരത്തില്‍ മോഹിത് ശർമ സഞ്ജുവിനെതിരെ എറിഞ്ഞ പന്തായിരുന്നു. സ്റ്റമ്പിന് പുറത്തേക്ക് നിന്നായിരുന്നു സഞ്ജു പന്ത് നേരിട്ടത്. അതുകൊണ്ട് തന്നെ അമ്പയറുടെ വൈഡ് കോള്‍ ഗുജറാത്ത് നായകന്‍ ശുഭ്‌മാന്‍ ഗില്‍ റിവ്യു ചെയ്തു.
തേർഡ് അമ്പയർ അനന്ദപത്മനാഭന്‍ വൈഡ് അല്ലെന്നായിരുന്നു ആദ്യം വിധിച്ചത്. ഫീല്‍ഡ് അമ്പയറിനോട് വൈഡല്ല എന്ന തീരുമാനം പറയുകയും ചെയ്തു. വൈകാതെ ഫീല്‍ഡ് അമ്പയർ ആശയക്കുഴപ്പം സംഭവിച്ചകാര്യം ചൂണ്ടിക്കാണിച്ചു. പിന്നാലെ തേർഡ് അമ്പയർ വൈഡാണെന്ന് പ്രഖ്യാപിച്ചു. ഗില്‍ അമ്പയറിനോട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.