IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?
ഐപിഎല്ലില്‍ മൂന്ന് വയസ് മാത്രം പ്രായമുള്ള ഗുജറാത്ത് പരീക്ഷണങ്ങളോട് പടവെട്ടിയ സീസണായിരുന്നു ഇത്. നായകന്‍ ഹാർദിക്ക് പാണ്ഡ്യയുടെ കൂടുമാറ്റം, മുഹമ്മദ് ഷമിയുടെ അഭാവം, പ്രധാന താരങ്ങളുടെ ഫോമില്ലായ്മ എന്നിങ്ങനെ അതിജീവിക്കാന്‍ കഴിയുന്നതിലുമധികം പ്രതിസന്ധികള്‍ ഗുജറാത്തിനുണ്ടായിരുന്നു. ഹാർദിക്കിന് പകരം നായകനെന്ന നിലയില്‍ പരിചയസമ്പത്തില്ലാതിരുന്ന ശുഭ്മാന്‍ ഗില്ലിനായിരുന്നു ഉത്തരവാദിത്തം മാനേജ്മെന്റ് കൈമാറിയത്. സീസണവസാനിക്കുമ്പോള്‍ 14 കളികളില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റാണ് ഗുജറാത്തിന്റെ നേട്ടം. രണ്ട് കളികള്‍ മഴ മൂലം ഉപേക്ഷിക്കേണ്ടിയും വന്നു.
ബാറ്റ് നിശബ്ദം
കിരീടം നേടിയ 2022ലും ഫൈനലിലെത്തിയ 2023ലും ഗുജറാത്ത് കളത്തിലിറക്കിയത് വെല്‍ ബാലന്‍സ്‌ഡായിട്ടുള്ള ടീമിനെയായിരുന്നു. എന്നാല്‍ ഇത്തവണ ബാലന്‍സ് കടലാസില്‍ മാത്രം ഒതുങ്ങി. ടീമിന്റെ മുഖമായ ശുഭ്മാന്‍ ഗില്ലിന്റെ സ്ഥിരതയില്ലായ്മയാണ് പ്രധാന തിരിച്ചടികളിലൊന്നായി മാറിയത്. കഴിഞ്ഞ സീസണില്‍ 890 റണ്‍സ് നേടിയ ഗില്ലിന്റെ ഇത്തവണത്തെ സമ്പാദ്യം 426 റണ്‍സിലൊതുങ്ങി. താരത്തിന്റെ സ്ട്രൈക്ക് റേറ്റില്‍ സംഭവിച്ച ഇടിവ് സീസണിലുടനീളം ഗുജറാത്തിന്റെ പവർപ്ലേയെ ബാധിച്ചിട്ടുണ്ട്.
ഗുജറാത്തിന് അതിവേഗത്തുടക്കം സമ്മാനിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നത് വൃദ്ധിമാന്‍ സാഹയായിരുന്നു. ഒന്‍പത് കളികളില്‍ നിന്ന് 136 റണ്‍സാണ് സീസണില്‍ സാഹ നേടിയത്. സാഹയുടെ മോശം ഫോം ഓപ്പണിങ് കൂട്ടുകെട്ടില്‍ തന്നെ മാറ്റം വരുത്താന്‍ ഗുജറാത്തിനെ പ്രേരിപ്പിച്ചു. മാത്യു വേഡ്, സായ് സുദർശന്‍ എന്നിവരൊക്കെ ഗില്ലിന്റെ കൂട്ടാളികളായി എത്തുന്നത് സീസണിന്റെ വിവിധ ഘട്ടങ്ങളില്‍ കണ്ടു. സായ് മാത്രമാണ് ഗുജറാത്തിന്റെ ലക്ഷ്യം നിറവേറ്റിയത്. 12 കളികളില്‍ നിന്ന് മധ്യനിരയിലും മുന്‍നിരയിലുമായി ഇറങ്ങിയ സായ് 527 റണ്‍സ് നേടി.
ഹാർദിക്കിന്റെ അഭാവവും മധ്യനിരയുടെ വീഴ്ചയും
ഗുജറാത്ത് ടീമിന്റെ ബാലന്‍സ് നിലനിർത്തിയിരുന്നത് ഹാർദിക്കെന്ന ഓള്‍ റൗണ്ടറായിരുന്നു. അത് ബാറ്റുകൊണ്ടായാലും പന്തുകൊണ്ടായാലും. 2022ല്‍ 487ഉം 2023ല്‍ 326 റണ്‍സുമായിരുന്നു ഹാർദിക്കിന്റെ സംഭാവന. ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലി വഹിക്കുന്നതിന് സമാനമായിരുന്നു ഗുജറാത്തിലെ ഹാർദിക്കിന്ററെ റോള്‍. മൂന്നാം നമ്പറിലെത്തി പലതവണ ഹാർദിക്ക് ഗുജറാത്തിന് മികച്ച സ്കോർ നേടിക്കൊടുക്കുകയും വിജയവും ഉറപ്പാക്കുകയും ചെയ്തു.
ഹാർദിക്കിന്റെ അഭാവത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഡേവിഡ് മില്ലർ, രാഹുല്‍ തേവാത്തിയ, ഷാരൂഖ് ഖാന്‍, വിജയ് ശങ്കർ എന്നിവരിലേക്ക് എത്തി. എന്നാല്‍ തേവാത്തിയ ഒഴികെയുള്ളവർക്ക് സീസണില്‍ ഓർത്ത് വെക്കാനാകുന്ന ഇംപാക്ട് സൃഷ്ടിക്കാനും സാധിച്ചില്ല. വിജയ് ശങ്കറിനും ഷാരൂഖിനും പലപ്പോഴും ടീമില്‍ പോലും ഇടമുണ്ടായില്ല. ഇത് ഗുജറാത്തിന്റെ മുന്‍നിരയ്ക്ക് അമിതഭാരം നല്‍കുക കൂടിയായിരുന്നു.
'ആയുധ'മില്ലാത്ത പോരാളികളായി ബൗളിങ് നിര
പോയ സീസണുകളില്‍ പവർപ്ലേയില്‍ ബാറ്റർമാരുടെ പേടിസ്വപ്നമായിരുന്നു മുഹമ്മദ് ഷമി എന്ന വലം കയ്യന്‍ പേസർ. പവർപ്ലേയില്‍ മാത്രം ഷമി പിഴുതെടുത്തത് 17 വിക്കറ്റുകളായിരുന്നു. ഷമി പവർപ്ലേയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ മധ്യ ഓവറുകളില്‍ എതിർ ബാറ്റിങ് നിരയെ റാഷിദ് ഖാന്‍-നൂർ അഹമ്മദും സ്പിന്‍ ദ്വയവും പിടിച്ചുകെട്ടിയിരുന്നു. ഡെത്ത് ഓവറുകളില്‍ മോഹിത് ശർമ സ്ഥിരതയോടെ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഗുജറാത്ത് ഏത് സ്കോറും പ്രതിരോധിക്കാന്‍ കഴിയുന്ന നിരയായി മാറിയിരുന്നു.
എന്നാല്‍ ഈ സീസണില്‍ ഉമേഷ് യാദവ്, സന്ദീപ് വാര്യർ എന്നിവരെ ഷമിക്ക് പകരമായി പരീക്ഷിച്ചെങ്കിലും സ്ഥിരതയോടെ വിക്കറ്റ് സമ്മാനിക്കാന്‍ ഇരുവർക്കും കഴിഞ്ഞിരുന്നില്ല. ലോക ഒന്നാം നമ്പർ ട്വന്റി 20 ബൗളറായ റാഷിദ് ഖാനും വിക്കറ്റെടുക്കാന്‍ മറന്ന സീസണായിരുന്നു ഇത്. കഴിഞ്ഞ സീസണില്‍ 27 വിക്കറ്റുകള്‍ നേടിയ റാഷിദ് ഇത്തവണ പത്തിലൊതുങ്ങി. സമാനമായിരുന്നു മോഹിതിന്റേയും പ്രകടനം. മോഹിതും കഴിഞ്ഞ സീസണില്‍ 27 വിക്കറ്റുകള്‍ പിഴുതിരുന്നു. എന്നാല്‍ ഇത്തവണ അത് 13 മാത്രമായി ചുരുങ്ങി. താരത്തിന്റെ എക്കണോമി പത്തിന് മുകളിലുമായിരുന്നു.