കാംഫര്‍ കരുത്തില്‍ അയര്‍ലന്‍ഡ്; സ്‌കോട്‌ലന്‍ഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി

കാംഫര്‍ കരുത്തില്‍ അയര്‍ലന്‍ഡ്; സ്‌കോട്‌ലന്‍ഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി

32 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കാംഫര്‍ രണ്ട് വിക്കറ്റും വീഴ്ത്തി
Updated on
1 min read

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നു നടന്ന മത്സരത്തില്‍ കര്‍ടിസ് കാംഫറുടെ ഓള്‍റൗണ്ട്‌ കരുത്തില്‍ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തി അയര്‍ലന്‍ഡ്. ഗ്രൂപ്പ് ബി പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്‍ഡ് മറികടക്കുകയായിരുന്നു. 32 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 72 റണ്‍സ് നേടിയ കാംഫറാണ് അവരുടെ വിജയശില്‍പി.

ടോസ് നേടിയ സ്‌കോട്‌ലന്‍ഡ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് സ്‌കോട്‌ലന്‍ഡ് എടുത്തത്. 55 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 86 റണ്‍സ് നേടിയ മൈക്കല്‍ ജോണ്‍സ് ആണ് അവരുടെ ടോപ് സ്‌കോററായത്. 27 പന്തില്‍ 37 റണ്‍സ് നേടിയ നായകന്‍ റിച്ചി ബെറിങ്ടണ്‍, 21 പന്തില്‍ 28 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു ക്രോസ് എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.

തുടര്‍ന്ന് മികച്ച വിജയലക്ഷ്യം തേടിയിറങ്ങിയ അയര്‍ലന്‍ഡിന്റെ തുടക്കം ചെറുതായി പാളി. 61 റണ്‍സ് എടുക്കുമ്പോഴേക്കും നാല് സുപ്രധാന വിക്കറ്റുകള്‍ വീണു. എന്നാല്‍ ഓള്‍ റൗണ്ടര്‍ കാംഫറിന്റെയും ജോര്‍ജ് ഡോക്‌റെല്ലിന്റെയും കൂട്ടുകെട്ടില്‍ ടീം സ്‌കോട്‌ലന്‍ഡ് സ്‌കോര്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെ മറികടന്നു. കാംഫറിനൊപ്പം 27 പന്തില്‍ 39 റണ്‍സ് നേടി ഡോക്‌റെല്ലും പുറത്താവാതെ അവസാനം വരെ നിന്നു. ബൗളിങിലും കാംഫര്‍ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് ഓവര്‍ എറിഞ്ഞ കാംഫര്‍ ഒന്‍പത് റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വീഴ്ത്തിയത് രണ്ട് വിക്കറ്റുകളാണ്.

logo
The Fourth
www.thefourthnews.in