ഗില്‍ റെഡി ടു ലീഡ്; ബാറ്റിങ് കരുത്ത് നായകമികവിലുണ്ടാകുമോ?

ഗില്‍ റെഡി ടു ലീഡ്; ബാറ്റിങ് കരുത്ത് നായകമികവിലുണ്ടാകുമോ?

ഹാർദിക്ക് പാണ്ഡ്യ തന്റെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയതോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകസ്ഥാനത്തേക്ക് ഗില്‍ എത്തിയത്
Updated on
2 min read

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനാണ് ശുഭ്മാന്‍ ഗില്‍. ഏകദിന ഫോർമാറ്റില്‍ കേവലം 41 മത്സരങ്ങള്‍ക്കൊണ്ട് ലോക ഒന്നാം നമ്പർ ബാറ്ററായി മാറിയ താരം. എന്നാല്‍ ഇനി ബാറ്റുകൊണ്ട് മാത്രം മൈതാനത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചാല്‍ പോരാ ഗില്ലിന്, തന്ത്രങ്ങള്‍ക്കൊണ്ടും കളി മെനയേണ്ടതുണ്ട്. രണ്ട് സീസണുകള്‍ക്കൊണ്ട് ഐപിഎല്ലിലെ കരുത്തരായ ടീമുകളുടെ പട്ടികയിലേക്ക് കുതിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനെന്ന ഉത്തരവാദിത്തം കൂടി ശിരസേറ്റുകയാണ് ഈ 24-കാരന്‍.

നിലവിലെ നായകന്‍ ഹാർദിക് പാണ്ഡ്യ തന്റെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയതോടെയാണ് ഗില്ലിലേക്ക് സ്ഥാനമെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി പരിചയമുള്ള കെയിന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ തുടങ്ങിയവരെ മറികടന്നാണ് ഗില്ലിനെ ടീം മാനേജ്മെന്റ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.

ഗില്ലിന്റെ നായകപരിചയം

ഇത് ആദ്യമായല്ല ഗില്‍ ഒരു ടീമിനെ നയിക്കുന്നത്. ഗുജറാത്തിന്റെ കപ്പിത്താനാകുന്നതിന് മുന്‍പ് ഹാർദിക്ക് പാണ്ഡ്യ അണ്ടർ 16 ടീമിനെ മാത്രമായിരുന്നു നയിച്ചിരുന്നത്. എന്നാല്‍ പഞ്ചാബ് (രണ്ട് ട്വന്റി 20), ഇന്ത്യ എ (ആറ് ലിസ്റ്റ് എ മത്സരങ്ങള്‍) എന്നീ ടീമുകളുടെ ക്യാപ്റ്റനായ പരിചയസമ്പത്തുമായാണ് ഗില്ലെത്തുന്നത്. ഇതിനുപുറമെ നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഗില്‍ ടീമിനെ നയിച്ചിട്ടുണ്ട്.

2022-ല്‍ ഗുജറാത്ത് കിരീടം നേടിയപ്പോള്‍ ബാറ്റുകൊണ്ട് തിളങ്ങിയത് ഗില്ലായിരുന്നു. 2023-ല്‍ 890 റണ്‍സുമായി സീസണിലെ ടോപ് സ്കോററായതും വലം കൈയന്‍ ബാറ്റർ തന്നെ. 17 ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും ഗില്‍ സ്വന്തമാക്കി. എന്നാല്‍ ഫൈനലില്‍ ചെന്നൈ സൂപ്പർ കിങ്സിനോട് ഗുജറാത്ത് പരാജയപ്പെടുകയായിരുന്നു.

ഗില്‍ റെഡി ടു ലീഡ്; ബാറ്റിങ് കരുത്ത് നായകമികവിലുണ്ടാകുമോ?
മാക്‌സ്‌വെല്ലിനോട് തോറ്റ് ഇന്ത്യ; ജീവന്‍ നിലനിര്‍ത്തി ഓസ്‌ട്രേലിയ

റെഡി ടു ലീഡ്

ബാല്യകാല പരിശീലകനായ കർസന്‍ ഗാവ്‌രി പറയുന്നത് നായകനാകാന്‍ ലഭിച്ച അവസരത്തിലൂടെ ഗില്ലിന് ഒരു ക്രിക്കറ്റ് താരമെന്ന രീതിയില്‍ വളരാനാകുമെന്നാണ്. താരത്തിന് സമ്മർദം കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയും ഗാവ്‌രി ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പങ്കുവച്ചു.

''റണ്‍സ് സ്കോർ ചെയ്യുക എന്നതിനേക്കാള്‍ ഉപരിയായി പലതും ഒരു നായകന് ചെയ്യാനുണ്ട്. അത് ഒരുപാട് കാര്യങ്ങളുടെ സംയോജനമാണെന്ന് പറയാം. സഹതാരങ്ങളോടുള്ള സംസാരം, ഫീല്‍ഡർമാരെ നിശ്ചയിക്കുന്നത്, സമ്മർദസാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിവയെല്ലാം വിലയിരുത്തപ്പെടും,'' ഗാവ്‌രി വ്യക്തമാക്കി.

"ഗില്‍ ശാന്തനാണ്, ധോണിയുടെ സവിശേഷതകളെല്ലാം ഗില്ലിനുണ്ട്. എന്നാല്‍ ഈ സവിശേഷതകളെല്ലാം പ്രാവർത്തികമാക്കാനാകുമോ എന്നതാണ് ചോദ്യം. ഉത്തരത്തിനായി കാത്തിരിക്കേണ്ടതുണ്ട്," ഗാവ്‌രി കൂട്ടിച്ചേർത്തു.

സമയം ആവശ്യം

ഗില്ലെന്ന നായകന് വളരാനുള്ള അവസരം ഗുജറാത്ത് മാനേജ്മെന്റ് കൊടുക്കണമെന്നാണ് മുന്‍ ദേശീയ സെലക്ടർ ഭുപീന്ദർ സിങ് പറയുന്നത്. "ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത മുഖമാകാനുള്ള എല്ലാ യോഗ്യതയും ഗില്ലിനുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടേയും വിരാട് കോഹ്ലിയുടേയും മികവ് ആവർത്തിക്കാനും കഴിഞ്ഞേക്കും. പക്ഷെ ക്യാപ്റ്റന്‍സി എന്നത് മറ്റൊരു തലത്തിലുള്ള കാര്യമാണ്," ഭുപീന്ദർ വ്യക്തമാക്കി.

"ഹാർദിക്ക് ആദ്യ വർഷം തന്നെ കിരീടം നേടി. പക്ഷെ ഗില്ലിന് അത് ആവർത്തിക്കാന്‍ കഴിയുമോയെന്നതില്‍ ഉറപ്പില്ല. മാനേജ്മെന്റ് ക്ഷമ കാണിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്കായി കുറഞ്ഞത് പത്ത് വർഷമെങ്കിലും ഗില്‍ കളിച്ചേക്കും, ദേശീയ ടീമിനെ നയിക്കാനും സാധിച്ചേക്കും. ക്യാപ്റ്റനെന്ന നിലയില്‍ പരാജയപ്പെടുകയോ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടേണ്ടി വരികയോ ചെയ്താല്‍ ഗില്ലിന്റെ ബാറ്റിങ്ങിനെ ബാധിച്ചേക്കും," ഭുപീന്ദർ ചൂണ്ടിക്കാണിച്ചു.

ഗില്‍ റെഡി ടു ലീഡ്; ബാറ്റിങ് കരുത്ത് നായകമികവിലുണ്ടാകുമോ?
സര്‍പ്രൈസുകളും ട്വിസ്റ്റും കഴിഞ്ഞു, ഇനി താരലേലം; ഐപിഎല്‍ ടീമുകളുടെ മുന്നിലുള്ള തുകയും ലക്ഷ്യങ്ങളും

വെല്ലുവിളികള്‍

ഐപിഎല്ലില്‍ ഒരു ടീമില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുണ്ടാകും. എല്ലാ താരങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചാല്‍ മാത്രമെ ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കു. താരങ്ങളുടെ വിശ്വാസം നേടിയെടുക്കകയാണ് ഏറ്റവും പ്രധാനം. ഇതിനായി കൃത്യമായുള്ള അവസരം താരത്തിനൊരുക്കുക എന്നതാണ് പ്രധാനം. വെല്ലുവിളികളും ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ഗില്‍ തല്‍പ്പരനാണെന്നും എം എസ് ധോണി, രോഹിത് ശർമ, ഗൗതം ഗംഭീർ തുടങ്ങിയവരുടെ ഐപിഎല്‍ നേട്ടങ്ങള്‍ ആവർത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ഗില്ലിന്റെ അണ്ടർ 14 കാലത്തെ സുഹൃത്ത് ഖുശ്പ്രീത് സിങ് പറയുന്നത്.

logo
The Fourth
www.thefourthnews.in