ഇഷാന്റെ വക 'ഇരട്ട'മധുരം; ടീം ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ഇഷാന്റെ വക 'ഇരട്ട'മധുരം; ടീം ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

131 പന്തുകളില്‍ നിന്ന് 24 ബൗണ്ടറികളും 10 സിക്‌സറുകളും സഹിതം 210 റണ്‍സ് നേടിയ ഇഷാന്റെ മികവില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്.
Updated on
1 min read

വൈറ്റ്‌വാഷ് ഒഴിവാക്കാന്‍ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിനിറങ്ങിയ ഇന്ത്യക്ക് ഇരട്ടിമധുരം സമ്മാനിച്ച് യുവതാരം ഇഷാന്‍ കിഷന്‍. പരുക്കേറ്റ നായകന്‍ രോഹിത് ശര്‍മയ്ക്കു പകരം ഇന്ത്യക്കായി ഇന്നിങ്‌സ് തുറന്ന ഇഷാന്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയായാണ് ടീമിന്റെ നെടുന്തൂണായത്. 131 പന്തുകളില്‍ നിന്ന് 24 ബൗണ്ടറികളും 10 സിക്‌സറുകളും സഹിതം 210 റണ്‍സ് നേടിയ ഇഷാന്റെ മികവില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്.

ഇഷാനു പുറമേ സെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ 89 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 112 റണ്‍സുമായി കോഹ്ലിയും നാലു റണ്‍സുമായി താല്‍ക്കാലിക നായകന്‍ കെഎല്‍ രാഹുലുമാണ് ക്രീസില്‍.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏഴാമത്തെ താരവും നാലാമത്തെ ഇന്ത്യന്‍ താരവുമാണ് ഇഷാന്‍. ഏകദിന ചരിത്രത്തിലെ തന്നെ ആദ്യ സെഞ്ചുറി സ്വന്തം പേരിലാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ മുന്‍ താരം വിരേന്ദര്‍ സേവാഗ്, നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് ഇഷാനു മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍.

മത്സരത്തിന്റെ അഞ്ചാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ(3) നഷ്ടമായ ഇന്ത്യക്ക് രണ്ടാം വിക്കറ്റില്‍ കോഹ്ലി-ഇഷാന്‍ കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേര്‍ന്ന് 30 ഓവറില്‍ 290 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.ഇരട്ട സെഞ്ചുറി നേടിയതിനു പിന്നാലെ പേസര്‍ ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ ലിറ്റണ്‍ ദാസ് പിടികൂടിയാണ് ഇഷാന്‍ പുറത്തായത്.

logo
The Fourth
www.thefourthnews.in