'റാഞ്ചിയില്‍ നിന്നാവും വന്നത്, പക്ഷേ നിങ്ങള്‍ ധോണിയല്ല'; ചോപ്രയുടെ പരാമര്‍ശത്തിന് ഇഷാന്റെ മറുപടി വൈറല്‍

'റാഞ്ചിയില്‍ നിന്നാവും വന്നത്, പക്ഷേ നിങ്ങള്‍ ധോണിയല്ല'; ചോപ്രയുടെ പരാമര്‍ശത്തിന് ഇഷാന്റെ മറുപടി വൈറല്‍

വിൻഡീസിനെതിരായ അവസാന ഏകദിനത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആകാശ് ചോപ്രയാണ് പങ്കുവച്ചത്
Updated on
1 min read

മിന്നുന്ന ഫോമിലാണ് ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം ഇഷാന്‍ കിഷന്‍. പര്യടനത്തിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. മൂന്നു മത്സര പരമ്പരയില്‍ മൂന്നിലും അര്‍ധസെഞ്ചുറി നേടി റെക്കോഡിഡാനും ഇഷാനായി. ഒരു മൂന്നു മത്സര ബൈലാറ്ററല്‍ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടമാണ് ഇഷാന്‍ കൈപ്പിടിയിലൊതുക്കിയത്. അവസാന ഏകദിനത്തിലെ സ്റ്റംപിങ് അപ്പീലിനിടെ കമന്ററി പറയുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുമായുള്ള ഇഷാന്റെ സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ധോണിയുടെ സ്റ്റംപിങ്ങും റിവ്യൂ കൊടുക്കലുമൊക്കെ ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ എന്നനിലയില്‍ ഇഷാന്‍ പലപ്പോഴും റിവ്യൂ കൊടുക്കുന്നതില്‍ നിന്ന് പിന്തിരിയുന്നതാണ് കാണാറ്. ഇഷാന്‍ കീപ്പറെന്ന നിലയില്‍ ധോണിക്കൊപ്പം എത്തിയിട്ടില്ലെന്നായിരുന്നു ചോപ്രയുടെ വിലയിരുത്തല്‍. അതിന് രസകരമായി തന്നെ ഇഷാന്‍ മറുപടിയും പറഞ്ഞു. ''നിങ്ങള്‍ സ്റ്റംപിങ്ങിന് റിവ്യൂ കൊടുക്കുകയും റണ്‍ഔട്ട് ആക്കുകയും ചെയ്യുന്നത് വളരെ അപൂര്‍വ്വമാണ്,നിങ്ങള്‍ റാഞ്ചിയില്‍ നിന്ന് വന്നതായിരിക്കാം പക്ഷേ നിങ്ങളുടെ പേര് ധോണി എന്നല്ല'' കമന്ററിക്കിടെ ആകാശ് ചോപ്ര പറഞ്ഞു. സ്റ്റംപ് മൈക്കില്‍ നിന്നും ചോപ്രയുടെ കമന്റ് കേട്ട ഇഷാന്‍ ഉടന്‍ തന്നെ മറുപടിയും കൊടുത്തു. 'എങ്കില്‍ കുഴപ്പമില്ല' എന്ന് ഇഷാന്‍ തിരിച്ചടിച്ചു. ധോണി അല്ലെങ്കില്‍ പിന്നെ അതില്‍ ഇത്ര അത്ഭുതപ്പെടാനില്ലെന്നാണ് ഇഷാൻ പറഞ്ഞതിൻ്റെ പൊരുള്‍. ''ഇഷാന്‍ എത്ര സ്വീറ്റാണ്, ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു'' താരത്തിൻ്റെ മറുപടി കേട്ട ചോപ്ര പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ആകാശ് ചോപ്ര തന്നെയാണ് പങ്കുവച്ചത്.

ധോണി അല്ലെങ്കില്‍ പിന്നെ അതില്‍ ഇത്ര അത്ഭുതപ്പെടാനില്ലെന്നാണ് ഇഷാൻ പറഞ്ഞതിൻ്റെ പൊരുള്‍

പരമ്പരയില്‍ ഇഷാന്‍ പ്ലെയര്‍ ഓഫ് ദ സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഫിനിഷിങ്ങില്‍ തൃപ്തനല്ലെന്നും സാവധാനം വലിയ റണ്‍സ് സ്‌കോര്‍ ചെയ്യണമെന്നായിരുന്നു ഉദ്ദേശമെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും ഇഷാന്‍ പ്രതികരിച്ചു. ''എന്റെ ഫിനിഷിങ്ങില്‍ ഞാന്‍ തൃപ്തനല്ല, സെറ്റ് ചെയ്തതിന് ശേഷം വലിയ സ്‌കോര്‍ നേടണമെന്നാണ് ഞാന്‍ കരുതിയത്. മുതിര്‍ന്ന താരങ്ങളും ഇത് തന്നെയാണ് എന്നെ ഉപദേശിച്ചത്. അടുത്ത തവണ ഞാന്‍ അത് തന്നെ ചെയ്യും'' അദ്ദേഹം പറഞ്ഞു. അതേസമയം സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങിനെയും അദ്ദേഹം പ്രശംസിച്ചു. 'അതിശയകരമായ കളിക്കാരന്‍' എന്നാണ് ഗില്ലിനെ ഇഷാന്‍ വിശേഷിപ്പിച്ചത്. അവസാന ഏകദിനത്തില്‍ ഇരുവരും വെസ്റ്റ് ഇന്‍ഡീസിനെിരെ ഇന്ത്യന്‍ ജോഡിയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇഷാനും ഗില്ലും ചേര്‍ന്ന് 143 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

logo
The Fourth
www.thefourthnews.in