'ഇന്ത്യന്‍ ബൗളിങ്ങിന്റെ ഭാവി അവര്‍'; മൂന്ന് യുവ ബൗളർമാരെ തിരഞ്ഞെടുത്ത് ഇഷാന്ത്

'ഇന്ത്യന്‍ ബൗളിങ്ങിന്റെ ഭാവി അവര്‍'; മൂന്ന് യുവ ബൗളർമാരെ തിരഞ്ഞെടുത്ത് ഇഷാന്ത്

ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് ശേഷം ഇന്ത്യയും വെസ്റ്റ് ഇൻഡീസും യഥാക്രമം അഞ്ച് ടി20 മത്സരങ്ങൾ കളിക്കും.
Updated on
1 min read

ഇന്ത്യന്‍ പേസ് ബൗളങ്ങിന്റെ ഭാവി താരങ്ങളെ തിരഞ്ഞെടുത്ത് പേസർ ഇഷാന്ത് ശർമ്മ. യുവതാരങ്ങളായ ഉമ്രാൻ മാലിക്കിനെയും അർഷ്‌ദീപ് സിംഗിനെയും മുകേഷ് കുമാറിനെയുമാണ് ഇന്ത്യയുടെ ഭാവി പേസ്നിരയിലേക്ക് ഇഷാന്ത് തിരഞ്ഞെടുത്തിരിക്കുന്നത്. ബിയർ ബൈസെപ്‌സ് പോഡ്‌കാസ്റ്റുമായി നടത്തിയ ആശയവിനിമയത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

മാലിക്കിന് ദീർഘകാലം രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്താനുളള കഴിവുണ്ടെന്നും മറ്റൊരാൾ അർഷ്ദീപ് സിംഗ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാമതായി തിരഞ്ഞെടുത്ത മുകേഷ് കുമാർ ഡൽഹി ക്യാപിറ്റൽസില്‍ ഇഷാന്തിന്റെ സഹതാരം കൂടിയാണ്. ബംഗാൾ പേസർ കൂടിയായ മുകേഷ് കുമാറിന് ശരിയായ മാർഗ്ഗനിർദ്ദേശം ലഭിച്ചാൽ ശരിക്കും വിജയിക്കാൻ കഴിയുമെന്ന് ഇഷാന്ത് പറഞ്ഞു.

മുകേഷ് കുമാറിന്റെ കഥ പലർക്കും അറിയല്ലെന്നും അദ്ദേഹത്തെപ്പോലെ ലളിതമായ ഒരു മനുഷ്യനെ താനിതുവരെയും കണ്ടിട്ടില്ലെന്നും ഇഷാന്ത് പറഞ്ഞു. മുകേഷ് കുമാറിനോട് ഒരു പ്രത്യേക ഡെലിവറി ബൗൾ ചെയ്യാൻ പറഞ്ഞാൽ, അദ്ദേഹം അത് മാത്രമായിരിക്കും ചെയ്യുക എന്നും സമ്മർദ സാഹചര്യങ്ങളിൽ ഏത് രീതിയിലാണ് ബൗൾ ചെയ്യേണ്ടെതെന്നും അദ്ദേഹത്തിന് അറിയാമെന്ന് ഇഷാന്ത് പറഞ്ഞു. അതേസമയം, ഫീൽഡിൽ അദ്ദേഹത്തിന് ശരിയായ മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്നും ഇഷാന്ത് വ്യക്തമാക്കി.

പരിക്ക് കാരണം കഴിഞ്ഞ സെപ്തംബർ മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനായി ടീം ഇന്ത്യ കാത്തിരിക്കുന്നതിനിടയാണ് ഭാവിയിലെ പേസ്നിരയെക്കുറിച്ചുളള തിരഞ്ഞെടുപ്പ് ഇഷാന്ത് നടത്തിയിരിക്കുന്നതെന്നും ശ്രദ്ധേയം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ് ഇഷാന്ത് ശർമ്മ. 2007ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച 34 കാരനായ ഇഷാന്ത്. ഇന്ത്യക്കായി 434 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഐപിഎൽ 2023ൽ ഡൽഹി ക്യാപിറ്റൽസിനായി 8 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് താരം സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലിൽ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിലൂടെ അരങ്ങേറ്റം കുറിച്ച മുകേഷ് 10 മത്സരങ്ങളിൽ നിന്നായി 326 റൺസ് വിട്ടുനൽകി 7 വിക്കറ്റുകളാണ് സ്വന്തമാക്കിയിരുന്നത്. ജൂലൈ 12 മുതൽ വെസ്റ്റ് ഇൻഡീസിനെതിരെ മത്സരിക്കുന്ന ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമിൽ മുകേഷ് ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ, പേസർ ഉമ്രാൻ മാലിക്കും ഏകദിന പരമ്പരയിൽ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് ശേഷം ഇന്ത്യയും വെസ്റ്റ് ഇൻഡീസും യഥാക്രമം അഞ്ച് ടി20 മത്സരങ്ങൾ കളിക്കും.

logo
The Fourth
www.thefourthnews.in