രവീന്ദ്ര ജഡേജയ്ക്ക് പരുക്ക്; ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്

രവീന്ദ്ര ജഡേജയ്ക്ക് പരുക്ക്; ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്

ജഡേജയ്ക്ക് പകരം റിസര്‍വ് നിരയില്‍ നിന്ന് അക്സര്‍ പട്ടേല്‍ ഇന്നു തന്നെ ടീമിനൊപ്പം ചേരും
Updated on
1 min read

ഏഷ്യാ കപ്പ് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി പരുക്ക്. വലതു കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഏഷ്യാ കപ്പില്‍ നിന്നു പുറത്തായി. ജഡേജയ്ക്ക് പകരം റിസര്‍വ് നിരയില്‍ നിന്ന് അക്സര്‍ പട്ടേല്‍ ഇന്നു തന്നെ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു.

വലത് കാല്‍ മുട്ടിനാണ് ജഡേജയ്ക്കു പരുക്കേറ്റത്. ജൂലൈയിലെ വെസ്റ്റിന്‍ഡീസ് പര്യടനവും ഇതേ പരുക്കിനെ തുടര്‍ന്ന് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് പരുക്കില്‍ നിന്നു മുക്തനായാണ് താരം ഏഷ്യാ കപ്പിന് എത്തിയത്. പാകിസ്താനെതിരെ ഹോങ്കോങിനെതിരെയും ജഡേജയുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു.

ഇടംകൈയന്‍ ബാറ്റര്‍ ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ജഡേജയ്ക്ക് നാലാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. 148 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റില്‍ ജഡേജയുടെയും പാണ്ഡ്യയുടെയും കൂട്ടുകെട്ടാണ് വിജയം ഒരുക്കിയത്. മത്സരത്തില്‍ ജഡേജ 29 പന്തില്‍ 35 റണ്‍സ് നേടിയിരുന്നു.

ഹോങ്കോങിനെതിരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ലെങ്കിലും നാലോവറില്‍ പതിനഞ്ച് റണ്‍സ് വിട്ട് കൊടുത്ത ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഹോങ്കോങ് നായകനെ നേരിട്ടുള്ള ഏറില്‍ പുറത്താക്കിയതും ജഡേജയായിരുന്നു.

ഇപ്പോള്‍ താരത്തെ വീണ്ടും വേട്ടയാടുന്ന പരുക്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബിസിസിഐ പുറത്തു വിട്ടിട്ടില്ല. ലോകകപ്പിന് മുന്‍പ് താരത്തിന്റെ പരുക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പ്. ഏഷ്യ കപ്പിന് ശേഷം ദക്ഷിണാഫ്രിക്കയും ആയി ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്.

logo
The Fourth
www.thefourthnews.in