നാലാം ടി20യില്‍ ഒമ്പതുവിക്കറ്റ് ജയം; പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ഒപ്പമെത്തി ടീം ഇന്ത്യ. അഞ്ചു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ശേഷം തുടര്‍ച്ചയായി രണ്ട് ജയത്തോടെയാണ് ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇന്നു നടന്ന നിര്‍ണായകമായ നാലാം ടി20യില്‍ ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നോവര്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഗില്‍ 47 പന്തഒകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 77 റണ്‍സ് നേടി പുറത്തായപ്പോള്‍ 51 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 84 റണ്‍സുമായി ജയ്‌സ്വാള്‍ പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ 165 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഗില്‍-ജയ്‌സ്വാള്‍ സഖ്യം പടുത്തുയര്‍ത്തിയത്. കളിയവസാനിക്കുമ്പോള്‍ ഏഴു റണ്‍സുമായി യുവതാരം തിലക് വര്‍മയായിരുന്നു ജയ്‌സ്വാളിന് കൂട്ടായി ക്രീസില്‍.
നേരത്തെ അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം ഷിംറോണ്‍ ഹെറ്റ്മയറിന്റെയും മികച്ച ബാറ്റിങ് കാഴ്ചവച്ച ഷായ് ഹോപ്പിന്റെയും പ്രകടനമാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 39 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 61 റണ്‍സ് നേടിയ ഹെറ്റ്മയറാണ് ടോപ്‌സ്‌കോറര്‍. ഹോപ്പ് 29 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 45 റണ്‍സ് നേടി.
കൈല്‍ മേയേഴ്‌സ്(17), ബ്രാന്‍ഡന്‍ കിങ്(18), ഒഡീന്‍ സ്മിത്ത് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരാന്‍(1), നായകന്‍ റോവ്മാന്‍ പവല്‍(1) എന്നിവര്‍ പരാജയപ്പെട്ടത് വിന്‍ഡീസിന് തിരിച്ചടിയായി. ഇന്ത്യക്കു വേണ്ടി പേസര്‍ അര്‍ഷ്ദീപ് സിങ് മൂന്നും സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. പരമ്പരയിലെ അവസാനത്തെ മത്സരം നാളെ രാത്രി അരങ്ങേറും.