ബുംറ വീണ്ടും പുറത്ത്; ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല

ബുംറ വീണ്ടും പുറത്ത്; ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല

പരുക്കിൽ നിന്നും മുക്തനായ താരം മുഴുവൻസമയ ബൗളിങ്ങിനുള്ള സ്ഥിതിയിലേക്കെത്താത്തനിലാണ് ടീമിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു
Updated on
1 min read

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ജസ്പ്രീത് ബുംറ കളിക്കില്ല. പരുക്കിൽ നിന്ന് മുക്തനായ താരം മുഴുവൻ സമയ ബൗളിങ്ങിനുള്ള സ്ഥിതിയിലേക്കെത്താത്തനിലാണ് ടീമിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. വാർത്ത കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ബുംറയെ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. പരുക്കിൽ നിന്ന് മുക്തമായതിന് ശേഷം ടീമിൽ ചേർക്കുകയായിരുന്നു. എന്നാൽ ബുംറ കളിക്കില്ലെന്ന് സ്ഥിരീകരിക്കുകയാണ് ബിസിസിഐ ഇപ്പോൾ.

മൂന്ന് മാസത്തോളമായി പരുക്ക് മൂലം ബുംറ കളത്തിന് പുറത്താണ്. അവസാനമായി കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി 20 പരമ്പരയിലായിരുന്നു താരം കളിച്ചത്. പരുക്കിനെ തുടർന്ന് ഏഷ്യ കപ്പ്, ടി 20 ലോകകപ്പ് അടക്കമുള്ള പ്രധാന ടൂർണമെന്റുകളിലും അദ്ദേഹത്തിന്റെ സേവനം ഇന്ത്യൻ ടീമിന് ലഭിച്ചിരുന്നില്ല. തുടർന്ന് പരുക്ക് ഭേദമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കായിക ക്ഷമത വീണ്ടെടുത്തതിന് ശേഷമായിരുന്നു ശ്രീലങ്കൻ പരമ്പരയിൽ ഉൾപ്പെടുത്തിയത്.

ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. പൂർണ ആരോഗ്യവാനായി ബൗളിങിലേക്കുള്ള ബുംറയുടെ മടങ്ങിവരവ് ഇന്ത്യൻ പേസ് അറ്റാക്കിന്റെ ശക്തി വർധിപ്പിക്കും. സമീപകാല മത്സരങ്ങളിൽ അത്ര മികച്ച പ്രകടനമല്ല ഇന്ത്യൻ ബൗളിങ് നിര കാഴ്ചവെയ്ക്കുന്നത്. ബൗളിങ് നിരയുടെ ശക്തികുറവ് ടി 20 ലോകകപ്പിലെ സെമിഫൈനൽ പരാജയത്തിനും കാരണമായിരുന്നു.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിന്‌റെ ഭാഗമായി മൂന്ന് ഏകദിന മത്സരങ്ങളാണ് ഇരു ടീമുകളും തമ്മിൽ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം നാളെ ഗുവാഹത്തിയിൽ നടക്കും. ജനുവരി 12ന് കൊല്‍ക്കത്തയിലും 15ന് തിരുവനന്തപുരത്തുമാണ് മറ്റ് മത്സരങ്ങൾ.

logo
The Fourth
www.thefourthnews.in