നാലാം ക്രിക്കറ്റ് ടെസ്റ്റ്; ബുംറ കളിച്ചേക്കില്ല, പാട്ടീദാര്‍ പുറത്തിരിക്കും
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിച്ചേക്കില്ല. തുടര്‍ച്ചയായ മത്സരങ്ങള്‍ക്കു ശേഷം നാലാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം അനുവദിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ യുഎസിലും കാനഡയിലുമായി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ താരത്തിന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിശ്രമം അനുവദിക്കാന്‍ നീക്കം.
ഈ മാസം 23-ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. മത്സരത്തില്‍ ബുംറയ്ക്കു പുറമേ മൂന്നാം ടെസ്റ്റില്‍ കളിച്ച ഇലവനില്‍ നിന്ന് മധ്യനിര താരം രജത് പാട്ടീദാറിനെയും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. മോശം ഫോമാണ് പാട്ടീദാറിന് തിരിച്ചടിയായത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പാട്ടീദാറിന് കളിച്ച രണ്ടു മത്സരങ്ങളിലും കാര്യമായ സംഭാവന നല്‍കാനായില്ല.
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസറ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 32 റണ്‍സ് നേടിയതാണ് എടുത്തുപറയാവുന്ന നേട്ടം. അതേ മത്സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ ഒമ്പത് റണ്‍സിന് പുറത്തായ താരം ഇന്നലെ സമാപിച്ച മൂന്നാം ടെസ്റ്റില്‍ അമ്പേ പരാജയപ്പെട്ടിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സിന് പുറത്തായ പാട്ടീദാറിന് രണ്ടാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല.
റാഞ്ചിയില്‍ ഇവര്‍ക്കു പകരം യുവതാരം മുകേഷ്‌കുമാറും മധ്യനിര താരം കെഎല്‍ രാഹുലും മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന. ആദ്യ ടെസ്റ്റില്‍ കളിച്ച രാഹുല്‍ പരുക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ടീമില്‍ ഇടംപിടിച്ചിരുന്നില്ല. രാഹുലിനു പകരക്കാരനായാണ് പാട്ടീദാറിനെ പരീക്ഷിച്ചത്. എന്നാല്‍ യുവതാരത്തിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രാഹുലിനെ തിരികെക്കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.