കേപ്ടൗണില്‍ ഇന്ത്യന്‍ പെണ്‍കരുത്ത്; പാകിസ്താനെ തകര്‍ത്ത് വിജയത്തുടക്കം

കേപ്ടൗണില്‍ ഇന്ത്യന്‍ പെണ്‍കരുത്ത്; പാകിസ്താനെ തകര്‍ത്ത് വിജയത്തുടക്കം

പാകിസ്താന്‍ ഉയര്‍ത്തിയ 150 റണ്‍സ് എന്ന വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
Updated on
2 min read

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കു വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ന് ചിരവൈരികളായ പാകിസ്താനെ തുരത്തിയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ചത്. കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 150 റണ്‍സ് എന്ന വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം ജമീമ റോഡ്രിഗസിന്റെയും ഓപ്പണര്‍ ഷെഫാലി വര്‍മ, വിക്കറ്റ് കീപ്പര്‍ ബാ്റ്റര്‍ റിച്ചാ ഘോഷ് എന്നിവരുടെയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. ജമീമ 38 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 53 റണ്‍സുമായും റിച്ച 20 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 31 റണ്‍സുമായും പുറത്താകാതെ നിന്നു.

25 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 33 റണ്‍സ് നേടിയാണ് ഷെഫാലി പുറത്തായത്. 17 റണ്‍സ് നേടിയ ഓപ്പണര്‍ യസ്തിക ഭാട്യ, 16 റണ്‍സ് നേടിയ നായിക ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് പുറത്തായ മറ്റു ഇന്ത്യന്‍ താരങ്ങള്‍. പാകിസ്താനു വേണ്ടി നസ്ര സന്ധു രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ സാദിയ ഇഖ്ബാല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക് വനിതകള്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 12 ഓവറില്‍ നാലിന് 68 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച പാകിസ്താന് അര്‍ധസെഞ്ചുറി നേടിയ നായിക ബിസ്മ മറൂഫിന്റെയും മികച്ച പിന്തുണ നല്‍കിയ മധ്യനിര താരം ആയിഷ നസീമിന്റെയും മികച്ച പ്രകടനമാണ് കരുത്തായത്.

ബിസ്മ 55 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളോടെ 68 റണ്‍സുമായും ആയിഷ 25 പന്തുകള്‍ നേരിട്ട് രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 43 റണ്‍സുമായും പുറത്താകാതെ നിനനു. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് അടിച്ചുകൂട്ടിയത്.

പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ജാവേരിയ ഖാനെ(8) അവര്‍ക്കു നഷ്ടമായി. ദീപ്തി ശര്‍മയുടെ പന്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറാണ് ജാവേരിയയെ പിടികൂടിയത്.

പിന്നീട് രണ്ടാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടലച്ചേര്‍ത്ത് മറ്റൊരു ഓപ്പണര്‍ മുനീബ അലിയും നായിക ബിസ്മയും ചേര്‍ന്ന് ടീമനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. രാധാ യാദവ് എറിഞ്ഞ ഏഴാം ഓവറിന്റെ അഞ്ചാം പന്തില്‍ മുനീബ(12)യെ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്തു പുറത്താക്കി.

തൊട്ടുപിന്നാലെ നിദാ ദാറിനെ(0) പൂജാ വസ്ത്രകാറിന്റെ പന്തില്‍ റിച്ച പിടികൂടുകയും ചെയ്തതോടെ പാകിസ്താന്‍ ക്ഷണത്തില്‍ മൂന്നിന് 42 എന്ന നിലയിലായി. ഏറെ വൈകാതെ 11 റണ്‍സ് നേടിയ സിദ്ര അമീനും രാധാ യാദവിന് വിക്കറ്റ് നല്‍കി മടങ്ങിയതോടെ നാലിന് 68 എന്ന നിലയിലേക്കു വീണ പാകിസ്താന് പിന്നീട് ബിസ്മ-ആയിഷ സഖ്യം തുണയാകുകയായിരുന്നു.

ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ രാധാ യാദവാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ദീപ്തി ശര്‍മ, പൂജാ വസ്ത്രകാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

logo
The Fourth
www.thefourthnews.in