'ഹോളി ആഘോഷിച്ച്' ഡല്‍ഹി; വാരിയേഴ്‌സിന് ലക്ഷ്യം 212
വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ യു.പി. വാരിയേഴ്‌സിനു 212 റണ്‍സ് വിജയലക്ഷ്യം. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്.
തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച നായികയും ഓപ്പണറുമായ മെഗ് ലാന്നിങ്ങാണ് ഡല്‍ഹി ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 42 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 70 റണ്‍സാണ് ലാന്നിങ് നേടിയത്.
നായികയ്ക്കു പുറമേ മധ്യനിര താരങ്ങളായ ജെസ് ജൊനാസനും ജെമീമ റോഡ്രിഗസുമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. ജൊനാസന്‍ 20 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 42 റണ്‍സുമായും ജെമീമ 22 പന്തുകളില്‍ നിന്ന് 34 റണ്‍സുമായും പുറത്താകാതെ നിന്നു.
ഓപ്പണര്‍ ഷെഫാലി വര്‍മ(17), മരിസാന്നെ കാപ്പ്(16), ആലിസ് ക്യാപ്‌സി(21) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. യു.പി. നിരയില്‍ ഷബ്‌നിം ഇസ്‌മെയ്ല്‍, രാജേശ്വരി ഗെയ്ക്ക്‌വാദ് തഹ്ലിയ മക്ഗ്രാത്ത്, സോഫി എക്കിള്‍സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.