ഓര്‍മകളില്‍ ഇന്നും ആ 'വണ്ടര്‍ കിഡ്'
ഓര്‍മകളെല്ലാം ഒരുദിനം മറവിയുടെ തിരശീലയ്ക്കു പിന്നിലേക്കു മറയുമെന്ന് പറയുമെങ്കിലും ചിലത് എത്ര കാലം കഴിഞ്ഞാലും മായാതെ മനസ്സിൽ പതിഞ്ഞുകിടക്കും. എന്റെ മനസിന്റെ മഞ്ചലിലുമുണ്ട് അത്തരം ചിലത്. അതിലൊന്നാണ് 35 വര്‍ഷം മുമ്പ് ഒരുച്ചനേരത്ത് കോളജ് വിട്ട് ഒരു കൗമാരക്കാരനെ ടെലിവിഷനില്‍ കാണാന്‍ വീട്ടിലേക്ക് ഓടിയതിനേക്കുറിച്ചുള്ളത്. അന്നവന് നാലു ടെസ്റ്റ് മത്സരത്തിന്റെ അനുഭവസമ്പത്തുമാത്രമാണുണ്ടായിരുന്നത്. പക്ഷേ, രാജ്യത്തിന് മുഴുവന്‍ അവന്‍ 'വണ്ടര്‍ കിഡ്' ആയിരുന്നു. കൈയ്യിലിരിക്കുന്ന ക്രിക്കറ്റ് ബാറ്റ് മാറ്റിവച്ചാൽ കുട്ടിത്തം നിറഞ്ഞ മുഖവും ചുരുണ്ട മുടിയും പതിഞ്ഞ ശബ്ദവുമുള്ള ഒരു കൗമാരക്കാരന്‍. ക്രീസിൽ മാത്രമായിരുന്നു അവന്റെ വീറും വാശിയും പോരാട്ടവും.
പാകിസ്താനെതിരെയുള്ള ടെസ്റ്റിൽ മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങിയ ഇന്ത്യ, നാലാമത്തെ മത്സരത്തിനായി കളിക്കളത്തിൽ ഇറങ്ങിയിരിക്കുകയാണ്. കൃഷ്ണമാചാരി ശ്രീകാന്തായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. അന്ന് പാകിസ്താൻ ബൗളറുമാരായ വസീം അക്രമിന്റെയും വഖാർ യൂനിസിന്റെയും മിന്നൽ വേഗത്തിലുള്ള ബൗളിങ് അറ്റാക്കിന് മുന്നിൽ പിടിച്ചുനിൽക്കുകയെന്നത് എളുപ്പമായിരുന്നില്ല. സിയാൽകോട്ടിൽ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ പാളിയിരുന്നു . രണ്ടാം ഇന്നിംഗ്‌സിൽ 38-4 എന്ന നിലയിലാരുന്നു ഇന്ത്യ. കളിക്കളത്തിലുണ്ടായിരുന്ന രവി ശാസ്ത്രിയെ ക്രീസിൽ നിന്ന് വെറും കയ്യോടെ വസിം അക്രം മടക്കി അയച്ചു. ഇതോടെ നവജ്യോത് സിദ്ദുവിന് കൂട്ടായി കളിമുഖത്തേക്ക് സച്ചിൻ ഇറങ്ങി.
കൃത്യസമയത്തു തന്ത്രം മെനയുകയും അടവുകൾ പയറ്റുകയും ചെയ്യുന്ന കൗശലക്കാരനായ പാകിസ്താന്‍ നായകന്‍ ഇമ്രാൻ, സച്ചിനെ നേരിടാൻ വഖാറിനെയും അക്രമിനെയുമാണ് നിയോഗിച്ചത്. ഇതോടെ സച്ചിന് നേരെ മിന്നല്‍ വേഗത്തിൽ ബോളുകൾ പാഞ്ഞു. പ്രായത്തിനനുസരിച്ചുള്ള ശാരീരിക വളർച്ചയില്ലാതിരുന്ന ആ പതിനാറുകാരനു റൺസ് നേടുന്നതിനപ്പുറം മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. എന്നാൽ അടുത്ത വിക്കറ്റ് വീഴുന്നതോടെ പാകിസ്താൻ കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിൽ ആഹ്ളാദിക്കുന്ന ഹോം കാണികളെ മുഴുവൻ നിശബ്ദതയിലാഴ്ത്താൻ സച്ചിൻ തെണ്ടുൽക്കറെന്ന കളിക്കാരന് ആദ്യ കുറച്ച് മിനിറ്റുകൾ മാത്രം മതിയായിരുന്നു.
പാകിസ്താന്റെ ഫാസ്റ്റ് ബൗളിങ് സഖ്യത്തിൽ പ്രധാനിയായിരുന്ന വഖാറിന്റെ ഊഴമായിരുന്നു അടുത്തത്. അരങ്ങേറ്റ മത്സരമായതിനാൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയെന്ന ലക്ഷ്യത്തോടെ വഖാര്‍ എറിഞ്ഞ പന്ത് സച്ചിൻ ബാക്ക് ഫുട്ടിലാണ് പ്രതിരോധിച്ചത്. എന്നാല്‍ കുത്തിയുയര്‍ന്ന പന്ത് സച്ചിന്റെ ബാറ്റിനരികിലുരുമ്മി സച്ചിന്റെ മൂക്കിൽ ശക്തമായി വന്നിടിച്ചു. മൂക്ക് പൊട്ടി അവൻ ധരിച്ചിരുന്ന വെള്ള ഷർട്ടിൽ മുഴുവൻ രക്തം വാർന്നൊഴുകി. ഇതോടെ ക്രീസിൽ നിന്ന സിദ്ദുവും ഇന്ത്യയുടെ ഫിസിയോയും സച്ചിനോട് പറഞ്ഞു ഒന്നുകിൽ കളിക്കളം വിട്ടുപോകുക അല്ലെങ്കിൽ പോരാടുക.
"മേ ഖേലേഗാ," മൂക്കിൽ നിന്നും രക്തം വാർന്നൊഴുകുമ്പോഴും പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു "മേ ഖേലേഗാ' എനിക്ക് കളിക്കണം. ഇതോടെ പങ്കാളിയായ സിദ്ദു മുന്നോട്ടുള്ള സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു.പിന്നാലെ പാഞ്ഞെത്തിയ പന്ത് പ്രവചനാതീതമായിരുന്നു. അതൊരു ബൗൺസർ ആയിരുന്നില്ല. ഓഫ് സ്റ്റമ്പിൽ തട്ടി ഉയർന്ന പന്തിനെ ബാക്ക്ഫൂട്ടിൽ നിന്ന് കവർ ഡ്രൈവ് ചെയ്ത് സച്ചിൻ പായിച്ചു. പൊടിമീശപോലും മുളച്ചിട്ടില്ലാത്ത ആ പതിനാറുകാരന്റെ കരങ്ങളിലൂടെ ഒരു പുതുയുഗം പിറക്കുകയാണെന്ന് അന്ന് ആരും ചിന്തിച്ചിരുന്നില്ല.
അടുത്ത 24 വർഷം ഇന്ത്യയെ നയിച്ച വികാരം സച്ചിനായിരുന്നു. സച്ചിന് മുൻപോ പിൻപോ രാജ്യം ഇതുപോലൊരു അനുഭൂതിയിലൂടെ കടന്നുപോയിട്ടില്ല. നിലനിൽപ്പിനായി നെട്ടോട്ടമോടുന്ന ഇന്ത്യയുടെ സന്തോഷവും ആഘോഷവുമെല്ലാം സച്ചിനായിരുന്നു. അദ്ദേഹം അടിച്ച ഓരോ സെഞ്ച്വറിയും ദശലക്ഷക്കണക്കിന് മനുഷ്യരെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഒരു വികാരമായിരുന്നു. അദ്ദേഹത്തിന്റെ പരാജയത്തിൽ രാജ്യം ഒന്നടങ്കം പൊട്ടിക്കരഞ്ഞു. ഓരോ വിജയവും സച്ചിന് മേലുള്ള പ്രതീക്ഷ ഉയർത്തി. വീണ്ടും വീണ്ടും വിജയം കൊയ്യാൻ സച്ചിനുമേൽ ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുകയുണ്ടായി.
എന്നാൽ അതൊന്നും സച്ചിന്റെ പ്രകടനത്തിൽ മങ്ങലുണ്ടാക്കിയില്ല. ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഷെയ്ൻ വോൺ, അലൻ ഡൊണാൾഡ്, വസീം അക്രം, കർട്ട്ലി ആംബ്രോസ്, ഗ്ലെൻ മഗ്രാത്ത്, മുരളീധരൻ തുടങ്ങിയ കളിക്കാർക്കെതിരെ ഉയർന്ന വ്യക്തിഗത സ്കോർ നേടി സച്ചിൻ കരിയർ കെട്ടിപ്പടുർത്തു. പ്രായം കുറഞ്ഞ കളിക്കാരനായ സച്ചിൻ മികച്ച റൺസും സെഞ്ചുറിയും നേടി കൊമ്പന്മാരെ മുഴുവൻ പരാജയപ്പെടുത്തിയത് ക്രിക്കറ്റിന്റെ ചരിത്രത്തിലെ പുതു ഏടായിരുന്നു.
തൊണ്ണൂറുകളുടെ മധ്യത്തിൽ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകളുണ്ടായി. സച്ചിന്റെ സ്ഥാനം എവിടെയാണ് എന്നതായിരുന്നു ചർച്ചാവിഷയം. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം ഡൊണാൾഡ് ബ്രാഡ്മാന്റെ ഉത്തരം ആ ചർച്ചകൾക്ക് അന്ത്യം കുറിച്ചു. 1996-ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിൻ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ്മ വന്നത് എന്നായിരുന്നു ബ്രാഡ്മാന്റെ മറുപടി. ഇതോടെ ബ്രാഡ്മാന്റെ പിൻഗാമിയായി "മുംബൈ ബ്രാഡ്മാൻ' എന്ന പേരിൽ സച്ചിൻ തെണ്ടുൽക്കർ ഉയർന്നു. ഓസ്‌ട്രേലിയയിലെ ആദ്യ ഏകദിന സെഞ്ച്വറി മുതൽ തന്റെ ഹോം ഗൗണ്ടിൽ കളിച്ച് നേടിയ ലോകകപ്പ് വരെ സച്ചിന്റെ നേട്ടങ്ങളുടെ പട്ടികയിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. ഏതാണ്ട് രണ്ടര പതിറ്റാണ്ടുനീണ്ട കരിയറിൽ നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ കളിക്കാർക്ക് എത്തിപിടിക്കാനാവാത്ത അത്രയും ഉയരത്തിൽ സച്ചിൻ റെക്കോർഡുകൾ പടുത്തുയർത്തി.
നിങ്ങൾ ഓർക്കുന്നുണ്ടോ? തകർന്ന മനസോടെ അന്ന് ക്രിക്കറ്റിനോട് വിട പറയുന്ന സച്ചിനൊപ്പം നമ്മളോരുത്തരും വിതുമ്പി. ഇതിന് മുൻപ് എപ്പോഴെങ്കിലും ആ വേദന നിങ്ങൾ അനുഭവിച്ചതായി ഓർക്കുന്നുണ്ടോ? ഒരിക്കലുമില്ല. നിഷ്‌കളങ്കതയോടെ ക്രീസിൽ നടന്നടുത്ത ആ പതിനാറുകാരനെ ഒന്ന് ഓർത്തെടുക്കൂ. സച്ചിനെന്ന ചെറിയമനുഷ്യൻ ക്രിക്കറ്റിലുണ്ടാക്കിയ തരംഗം വീണ്ടും അനുഭവിക്കുക. പ്രിയപ്പെട്ട സച്ചിന് ജന്മദിനാശംസകൾ. ഇന്ത്യയുടെ സ്തംഭനം നിങ്ങൾ തൊട്ടറിഞ്ഞതാണ്. അവിടുത്തെ ജനങ്ങൾക്ക് നിങ്ങളെ മുന്നോട്ടും ആവശ്യമാണ്.
(ലേഖകനായ അരുണ്‍ ജിബിപി എയ്റോസ്പേസ് ആൻഡ് ഡിഫെൻസ് ബ്യൂറോ ചീഫ് (അമേരിക്കസ്) ആണ്. ഫ്ലോറിഡയിൽ താമസം)