കോഹ്ലിയുടെ പോരാട്ടം, കാര്‍ത്തിക്കിന്റെ വെടിക്കെട്ട്; ആദ്യ ജയം കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ്

കോഹ്ലിയുടെ പോരാട്ടം, കാര്‍ത്തിക്കിന്റെ വെടിക്കെട്ട്; ആദ്യ ജയം കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ്

അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ദിനേഷ് കാര്‍ത്തിക്കിന്റെയും മിന്നുന്ന പ്രകടനമാണ് അവര്‍ക്ക് തുണയായത്
Updated on
2 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ആദ്യ ജയം കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. ഇന്നു സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ നാലു പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റിനാണ് അവര്‍ പഞ്ചാബ് കിങ്‌സിലെ തോല്‍പിച്ചത്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ദിനേഷ് കാര്‍ത്തിക്കിന്റെയും മിന്നുന്ന പ്രകടനമാണ് അവര്‍ക്ക് തുണയായത്.

ഒരറ്റത്ത് വിക്കറ്റ് പൊഴിയുമ്പോഴും മറുവശത്ത് 49 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 77 റണ്‍സ് നേടിയ കോഹ്ലിയുടെ പ്രകടനമാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. കോഹ്ലി പുറത്തായ ശേഷം അവസാന ഓവറുകളില്‍ മഹീപാല്‍ ലോംറോറിനെ കൂട്ടുനിര്‍ത്തി 10 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 28 റണ്‍സ് നേടിയ കാര്‍ത്തിക്കാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ലോംറോര്‍ എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 17 റണ്‍സുമായി പുറത്താകാതെ നിന്ന. ഇവര്‍ക്കു പുറമേ 18 പന്തില്‍ 18 റണ്‍സ് നേടിയ രജത് പാട്ടീദാറും 14 പന്തില്‍ 11 റണ്‍സ് നേടിയ അനുജ് റാവത്തും മാത്രമാണ് ബെംഗളുരു നിരയില്‍ രണ്ടക്കം കടന്നത്. നായകന്‍ ഫാഫ് ഡുപ്ലീസിസ്(3), ഓള്‍റൗണ്ടര്‍മാരായ കാമറൂണ്‍ ഗ്രീന്‍(3), ഗ്ലെന്‍ മാക്‌സ്‌വെല്‍(3) എന്നിവര്‍ നിരാശപ്പെടുത്തി. പഞ്ചാബിനു വേണ്ടി കാഗിസോ റബാഡയും ഹര്‍പ്രീത് ബ്രാറും രണ്ടുവിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്‌ കിങ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.പഞ്ചാബ് നിരയില്‍ 37 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 45 റണ്‍സ് നേടിയ നായകന്‍ ശിഖര്‍ ധവാനാണ് ടോപ്‌സ്‌കോറര്‍. 19 പന്തില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 27 റണ്‍സ് നേടിയ ജിതേഷ് ശര്‍മ, 17 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും സഹിതം 25 റണ്‍സ് നേടിയ യുവതരാം പ്രഭ്‌സിമ്രാന്‍ സിങ്, 17 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികള്‍ സഹിതം 23 റണ്‍സ് നേടിയ സാം കറന്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യാഷ് ദയാലിന്റെയും നാലേവാറല്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും മൂന്നോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും മികച്ച ബൗളിങ് പ്രകടനമാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്കു പോകുന്നതില്‍ നിന്നു തടയാന്‍ റോയല്‍ ചലഞ്ചേഴ്‌സിനെ സഹായിച്ചത്.

തങ്ങളുടെ ആദ്യമത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ആദ്യ എവേ പോരാട്ടത്തിന് ഇറങ്ങിയത്. അതേസമയം മറുവശത്ത് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റുതുടങ്ങിയ ബെംഗളുരു ജയം മാത്രം ലക്ഷ്യമിട്ടാണ് സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിന് കച്ചകെട്ടിയത്.

logo
The Fourth
www.thefourthnews.in