എഴുതിത്തള്ളിയവര്‍ തന്നെ കൈയടിക്കുന്നു; ഇതു ഫിനിഷര്‍ ഡി.കെ.

എഴുതിത്തള്ളിയവര്‍ തന്നെ കൈയടിക്കുന്നു; ഇതു ഫിനിഷര്‍ ഡി.കെ.

Updated on
2 min read

അല്‍സാരി ജോസഫ് എന്ന വിന്‍ഡീസ് പേസറിന് വിക്കറ്റ് സമ്മാനിച്ച് രവീന്ദ്ര ജഡേജ മടങ്ങുമ്പോള്‍ 16 ഓവറില്‍ ആറിന് 138 റണ്‍സ് എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തില്‍ ടി20 കളിക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു.

ജേസണ്‍ ഹോള്‍ഡര്‍ നയിച്ച വിന്‍ഡീസ് ബൗളിങ് നിര പേസ് കുറഞ്ഞ പിച്ചില്‍ ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ എറിഞ്ഞൊതുക്കി. പക്ഷേ 17-ാം ഓവര്‍ മുതല്‍ കളി മാറി. ഡി.കെയെന്ന ദിനേഷ് കാര്‍ത്തിക് ബാറ്റെടുത്തതോടെ വിന്‍ഡീസിന്റെ പദ്ധതികള്‍ പൊളിഞ്ഞു.

അവസാന നാലോവറില്‍ പിറന്നത് 52 റണ്‍സ്. അതില്‍ 32 റണ്‍സും പിറന്നത് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന്. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ആറിന് 190. വെറും 19 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 41 റണ്‍സുമായി കാര്‍ത്തിക് ഒരറ്റത്ത് ഉണ്ടായിരുന്നു, ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തിലെ ചതഞ്ഞ പിച്ചില്‍ 150-നു മേല്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഏക ഇന്ത്യന്‍ താരമായി.

ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു വേണ്ടിയും കാഴ്ചവച്ച പ്രകടനത്തിനു പിന്നാലെ കാര്‍ത്തിക്കിന്റെ മറ്റൊരു ഫിനിഷിങ് മിന്നലാട്ടത്തിനാണ് ട്രിനിഡാഡ് സാക്ഷ്യം വഹിച്ചത്. ഇതോടെ ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഫിനിഷര്‍ റോള്‍ ഒരിക്കല്‍ക്കൂടി ഉറപ്പിക്കാനും കാര്‍ത്തിക്കിനായി.

2022 ഐ.പി.എല്‍. മുതല്‍ ഇതുവരെയുള്ള കണക്കില്‍ ഡെത്ത് ഓവറില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഉള്ള മൂന്നാമത്തെ താരമാണ് കാര്‍ത്തിക്. 210.91 ആണ് കാര്‍ത്തിക്കിന്റെ സ്‌ട്രൈക്ക് റേറ്റ്. 226.72 സ്‌ട്രൈക്ക് റേറ്റുമായി ടിം ഡേവിഡും 220.45 സ്‌ട്രൈക്ക് റേറ്റുമായി ജയിം നീഷമും മാത്രമാണ് കാര്‍ത്തിക്കിനു മുന്നിലുള്ളത്.

നീണ്ട നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കാര്‍ത്തിക് തന്റെ 'സ്ഥാനം' കൃത്യമായി കണ്ടറിഞ്ഞാണ് കളത്തിലിറങ്ങുന്നത്. ഇന്നലെ സാഹചര്യങ്ങളും സന്ദര്‍ഭവും തനിക്കെതിരായിരുന്നിട്ടും ദൗത്യം പൂര്‍ത്തീകരിച്ചു മടങ്ങാന്‍ കാര്‍ത്തിക്കിനായി. ഒരു ഘട്ടത്തില്‍ 12 പന്തില്‍ നിന്ന് 17 റണ്‍സ് മാത്രമായിരുന്നു കാര്‍ത്തിക്കിന്റെ പേരില്‍. പിന്നീട് നേരിട്ട ഏഴു പന്തില്‍ നിന്ന് താരം അടിച്ചെടുത്തത് 24 റണ്‍സ്!!!

കാര്‍ത്തിക്കിന്റെ മികവില്‍ അഞ്ചു മത്സരപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നലെ 68 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

കാര്‍ത്തിക്കിനു പുറമേ 44 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 64 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അര്‍ധസെഞ്ചുറി നേടിയിട്ടും കാര്‍ത്തിക്കിന്റെ മാസ്മരിക ഇന്നിങ്‌സിനു മുന്നില്‍ രോഹിത് നിഷ്പ്രഭനായിപ്പോയി. കാര്‍ത്തിക് തന്നെയാണ് കളിയിലെ കേമനും.

കാര്‍ത്തിക്കിന്റെ ഈ ഗംഭീര തിരിച്ചുവരവ് ടീം മാനേജ്‌മെന്റിന് പരീക്ഷണങ്ങള്‍ നടത്താന്‍ മികച്ച ആത്മവിശ്വാസമേകുകയാണ്. ബാറ്റിങ് നിരയിലെ മറ്റു താരങ്ങളുടെ പൊസിഷനുകളില്‍ കാര്‍ത്തിക്കിനെ മാറിമാറി ഇറക്കി സ്‌കോര്‍ വേഗം കൂട്ടാനും ടീം ശ്രമിക്കുന്നുണ്ട്. കൂടാതെ കാര്‍ത്തിക്കിന്റെ നേതൃപാടവവും പരിചയസമ്പത്തും വരുന്ന ലോകകപ്പില്‍ ഇന്ത്യക്ക് തുണയാകും.

ഇംഗ്ലണ്ടില്‍ നടന്ന സന്നാഹ മത്സരങ്ങളില്‍ ഇന്ത്യന്‍ ടി 20 ടീമിനെ നയിച്ചതും കാര്‍ത്തിക്കായിരുന്നു. ഇന്നലത്തെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സോടു കൂടി ലോകകപ്പ് ടീമിന്റെ ഫിനിഷര്‍ റോള്‍ നിര്‍വഹിക്കാന്‍ താന്‍ തയാറാണെന്നു ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഡി.കെ.

logo
The Fourth
www.thefourthnews.in