ടീമുകള്‍ എത്തി; 'ഏകദിന'ച്ചൂട് ഏറാതെ കാര്യവട്ടം
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിന്റെ മണ്ണിലേക്ക് തിരിച്ചെത്തിയ രാജ്യാന്തര ഏകദിന ക്രിക്കറ്റിനെ വരവേല്‍ക്കാന്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഒരുങ്ങി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ടോസ് വീഴാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.
പരമ്പരയില്‍ 2-0ന് അനിഷേധ്യ ലീഡ് നേടിയ ഇന്ത്യ വൈറ്റ്‌വൈാഷ് ലക്ഷ്യമിട്ടാണ് ഇന്ന് ഉച്ചയ്ക്ക് 1:30-ന് ആരംഭിക്കുന്ന മത്സരത്തിനിറങ്ങുന്നത്. പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയതിനാല്‍ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാകും ഇന്ത്യ ഇറങ്ങുക. അതേസമയം പരമ്പരയില്‍ ആശ്വാസ ജയം തേടിയാണ് ലങ്ക മലയാളമണ്ണില്‍ ഇറങ്ങുക.
ഇതിനു മുമ്പ് 2018 നവംബര്‍ ഒന്നിനാണ് കാര്യവട്ടത്ത് ഒരു രാജ്യാന്തര ഏകദിനം നടന്നത്. അന്ന് ഇന്ത്യയും വെസ്റ്റിന്‍ഡീസുമാണ് ഏറ്റുമുട്ടിയത്. റണ്ണൊഴുക്ക് പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശപ്പെടത്തി ബൗളര്‍മാരാണ് കളം വാണത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 104 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ വിജയം കാണുകയും ചെയ്തു. ഇക്കുറി അത്തരമൊരു മത്സരം ആകരുതേയെന്നാണ് ആരാധകരുടെ പ്രാര്‍ഥന.
ഇന്ത്യന്‍ നിരയില്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും കളിക്കാന്‍ സാധ്യത കുറവാണ്. രോഹിതിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം യുവതാരം ഇഷാന്‍ കിഷനെ ഓപ്പണറായി പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. വേണ്ടി വന്നാല്‍ ഗില്ലിനെ കോഹ്ലിയുടെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് കെ.എല്‍ രാഹുലിനെ വീണ്ടും ഓപ്പണറാക്കാനുള്ള സാധ്യതയും ക്രിക്കറ്റ് നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ അര്‍ധസെഞ്ചുറി നേടി രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.
മധ്യനിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്കു സാധ്യതയില്ല. സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും തുടരുമെന്നാണ് സൂചന. രോഹിതിന്റെ അഭാവത്തില്‍ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാകും ടീമിനെ നയിക്കുക.
മറുവശത്ത് ഇന്ത്യക്കെതിരേ നടന്ന ടി20 പരമ്പരയിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ലങ്ക ഇപ്പോള്‍ ഏകദിന പരമ്പരയും കൈവിട്ടിരിക്കുകയാണ്. അതിനാല്‍ അവസാന മത്സരത്തിലെങ്കിലും വിജയം നേടി മുഖം രക്ഷിക്കാനാണ് ലങ്കന്‍ ടീമിന്റെ ശ്രമം.
എന്നാല്‍ പരുക്കും താരങ്ങളുടെ സ്ഥിരതയില്ലായ്മയുമാണ് ടീമിനെ വലയ്ക്കുന്നത്. പരുക്കേറ്റ ഓപ്പണര്‍ പാഥും നിസാങ്ക നാളെയും കളത്തിലിറങ്ങില്ല. ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തിനിടെയാണ് നിസാങ്കയ്ക്കു പരുക്കേറ്റത്. ഗുവാഹത്തിയില്‍ 80 പന്തില്‍ 72 റണ്‍സ് നേടിയ താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.
നിസാങ്കയ്ക്കു പകരം നുവാനിഡു ഫെര്‍ണാണ്ടോ തന്നെ ഓപ്പണറായി തുടരും. രണ്ടാം ഏകദിനത്തില്‍ താരം അര്‍ധസെഞ്ചുറി നേടിയിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. മത്സരത്തിനായി ഇരുടീമുകളും രാവിലെ 10 മണിയോടെ സ്‌റ്റേഡിയത്തില്‍ എത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
കാണികളെ പ്രവേശിപ്പിച്ചു തുടങ്ങി; തണുത്ത പ്രതികരണം
ഉച്ചയ്ക്ക് 1:30-ന് ആരംഭിക്കുന്ന മത്സരത്തിനായി രാവിലെ 11:30 ഓടെ കാണികള്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചു. മുന്‍ കാലങ്ങളില്‍ ഇവിടെ നടന്ന മത്സരങ്ങളില്‍ ആദ്യ അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ നിറഞ്ഞു കവിഞ്ഞിരുന്ന സ്‌റ്റേഡിയത്തില്‍ ഇപ്പോള്‍ കാണികള്‍ക്ക് പ്രവേശനം അനുവദിച്ച് അര മണിക്കൂര്‍ പിന്നിട്ട ശേഷം ആളില്ലാത്ത സ്തിഥിയാണ്.
തണുത്ത പ്രതികരണമാണ് കാണികളില്‍ നിന്ന് ലഭിക്കുന്നത്. ഇതുവരെ 800(ല്‍ താഴെ ആരാധകര്‍ മാത്രമാണ് സ്‌റ്റേഡിയത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഏകദിന മത്സരമായതിനാലും ഇന്നു ഞായറാഴ്ച ആയതിനാലും വൈകുന്നേരത്തോടെ ഗ്യാലറി നിറയുമെന്ന പ്രതീക്ഷയിലാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. എന്നാല്‍ ടിക്കറ്റ് വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരം സീറ്റ് കപ്പാസിറ്റിയുടെ പകുതിയില്‍ താഴെ ആരാധകര്‍ മാത്രമേ എത്തിച്ചേരാന്‍ സാധ്യതയുള്ളെന്നാണ് സൂചന.