കെ.സി.എയുടെ ലക്ഷ്യം 'മുംബൈ മോഡല്‍' ?
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്ക കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ആണെങ്കില്‍ അതിനും ഒരു പടി മുകളിലാണ് മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയം എന്നു പറയേണ്ടി വരും. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ക്രിക്കറ്റിന്റെ തലസ്ഥാനം. വെറുതേയൊന്നും ലഭിച്ചതല്ല ഈ സ്ഥാനം. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ പേര് ചാര്‍ത്തപ്പെട്ട ഒട്ടുമിക്ക പ്രതിഭകളും വളര്‍ന്നുവന്നത് വാങ്ക്‌ഡെയുടെ തണല്‍പറ്റിയാണെന്നതു തന്നെ കാരണം. അതിന് സഹായമായതോ മുംബൈ(അന്നത്തെ മുംബൈ) ക്രിക്കറ്റ് അസോസിയേഷന്റെ ദീര്‍ഘവീക്ഷണവും.
1970-കള്‍ വരെ മുംബൈയില്‍ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് വേദിയായിരുന്നത് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ബ്രാബോണ്‍ സ്‌റ്റേഡിയം ആയിരുന്നു. ഇവരുമായി ബോംബെ ക്രിക്കറ്റ് അസോസിയേഷന്‍ അഭിപ്രായ വ്യത്യാസത്തിലായതോടെയാണ് സ്വന്തമായി ഒരു സ്‌റ്റേഡിയം എന്ന ചിന്തയിലേക്ക് തിരിയുന്നത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഉന്നതനും ബോംബെ ക്രിക്കറ്റ് അസോസിയേഷന്റെ അന്നത്തെ സെക്രട്ടറിയുമായ എസ്.കെ. വാങ്ക്‌ഡെ വാശിയോടെ അതിനായി മുന്നിട്ടിറങ്ങിയപ്പോള്‍ വെറും 13 മാസം കൊണ്ടാണ് വിഖ്യാതമായ മുംബൈ മറൈന്‍ ഡ്രൈവ് ഏരിയയില്‍ ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്‌റ്റേഷനു സമീപം അസോസിയേഷന്റെ സ്വന്തം സ്‌റ്റേഡിയം ഉയരുന്നത്.
സ്‌റ്റേഡിയത്തിന് ബോംബെ ക്രിക്കറ്റ് അസോസിയേഷന്‍ തങ്ങളുടെ സെക്രട്ടറിയുടെ പേര് തന്നെ നല്‍കുകയും ചെയ്തു. 1974-75 സീസണില്‍ നടന്ന വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യ പര്യടനവേളയിലായിരുന്നു വാങ്ക്‌ഡെയുടെ അരങ്ങേറ്റം. പിന്നീട് നടന്നതെല്ലാം ചരിത്രം.
വരുമാനം കണ്ടെത്തിയ വഴികള്‍
ഒരു വാശിയുടെ പുറത്ത് സ്വന്തമായി ഒരു ക്രിക്കറ്റ് സ്‌റ്റേഡിയം പണിതുയര്‍ത്തിയെങ്കിലും ബോംബെ ക്രിക്കറ്റ് അസോസിയേഷന് പിന്നീട് അതൊരു ബാധ്യതയായേക്കുമെന്ന് മുന്‍കൂട്ടി കണ്ടറിയാന്‍ എസ്.കെ. വാങ്ക്‌ഡെയ്ക്കു സാധിച്ചതാണ് മുംബൈ ക്രിക്കറ്റിന്റെ മുഖം മാറ്റിയെഴുതിയത്.
സ്‌റ്റേഡിയം പരിപാലനത്തിനും രാജ്യാന്തര നിലവാരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി നിലനിര്‍ത്തുന്നതിനും പ്രതിവര്‍ഷം വന്‍തുക വേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ടെസ്റ്റ് മത്സരങ്ങള്‍ മാത്രമുള്ള അക്കാിത്ത് വല്ലപ്പോഴും അനുവദിച്ചു കിട്ടുന്ന മത്സരങ്ങളുടെ ഗേറ്റ് കളക്ഷന്‍ മാത്രം കൊണ്ട് അതിനു കഴിയില്ലെന്നു മനസിലാക്കിയ വാങ്ക്‌ഡെ അതിനുള്ള വഴിയും ക്രിക്കറ്റില്‍ നിന്നു തന്നെ കണ്ടെത്തി.
സ്‌റ്റേഡിയത്തിനു സമീപമുള്ള പ്രമുഖ ക്രിക്കറ്റ് ക്ലബുകളുമായി ചേര്‍ന്നാണ് പണം കണ്ടെത്തിയത്. ഹിന്ദു ജിംഖാന കളബ്, പാഴ്‌സി ജിംഖാന ക്ലബ്, ക്ലബ്, പരിഭവം മറന്നു കൈകോര്‍ത്ത ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ ക്ലബുകളാണ് ഇക്കാര്യത്തില്‍ ബോംബെ ക്രിക്കറ്റ് അസോസിയേഷന് ഒപ്പം നിന്നത്. മെംബര്‍ഷിപ്പ് ഫീകളിലൂടെ വിവിധ ഇന്റര്‍ക്ലബ് മത്സരങ്ങള്‍ നടത്തിയും സ്‌റ്റേഡിയത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ ക്രിക്കറ്റുമായും മറ്റു സ്‌പോര്‍ട്‌സ് ഇനങ്ങളുമായും ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കു വിട്ടുനല്‍കി കൃത്യമായ വരുമാനം ഉണ്ടാക്കാന്‍ സാധിച്ചതോടെ സ്‌റ്റേഡിയം പരിപാലനവും അറ്റകുറ്റപ്പണികളും എല്ലാം കൃത്യമായ ഇടവേളകളില്‍ നടത്താന്‍ സാധിച്ചു.
1983-ലെ ലോകകപ്പില്‍ ഇന്ത്യയുടെ വിശ്വവിജയത്തിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് ജ്വരം പടര്‍ന്നുപന്തലിച്ചപ്പോള്‍ അത് കൃത്യമായി മുതലാക്കാനും ബോംബെ ക്രിക്കറ്റ് അസോസിയേഷനു കഴിഞ്ഞു. അതുവഴി മുംബൈ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കു ഗതിവേഗം കൂട്ടാനുമായി. ഇന്ന് വാങ്ക്‌ഡെ ക്രിക്കറ്റ് സ്‌റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള ക്രിക്കറ്റ് ക്ലബുകളില്‍ ഒരാള്‍ക്കുള്ള മെംബര്‍ഷിപ്പ് ഫീ മാത്രം 25 ലക്ഷം രൂപയിലേറെ വരും. ഇതില്‍ നിന്നു മനസിലാക്കാം ഒരു സ്‌റ്റേഡിയം കോംപ്ലക്‌സ് വച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഉണ്ടാക്കുന്ന വരുമാനം.
ഇന്ന് വാങ്ക്‌ഡെ ക്രിക്കറ്റ് സ്‌റ്റേഡിയം ബി.സി.സി.ഐയുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെയും ആസ്ഥാനം കൂടിയാണ്. ദേശീയ ക്രിക്കറ്റ് സെന്റര്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. കൂടാതെ പുരുഷ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്, വനിതാ ഐ.പി.എല്ലില്‍ മുംബൈ ടീം, മുംബൈ രഞ്ജി ടീം എന്നിവയുടെ ആസ്ഥാനം കൂടിയാണ് വാങ്ക്‌ഡെ. നിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ ഐ.പി.എല്‍. അടക്കം പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് 30 മത്സരങ്ങള്‍ക്ക് അടുത്താണ് ഇന്ന് വാങ്ക്‌ഡെ വേദിയാകുന്നത്.
'റോള്‍ മോഡല്‍' ആക്കി മറ്റു സംസ്ഥാനങ്ങള്‍
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രം മറ്റ് സംസ്ഥാന അസോസിയേഷനുകളും പിന്നീട വിജയകരമായി പരീക്ഷിച്ചു നടപ്പാക്കുന്നതാണ് കണ്ടത്. ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയം, ചെന്നൈ ചെപ്പോക്ക് ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയം തുടങ്ങി ഏറ്റവും ചെറിയ രാജ്യാന്തര സ്‌റ്റേഡിയങ്ങളിലൊന്നായ ധരംശാല സ്‌റ്റേഡിയം പോലും ഇത്തരത്തില്‍ സ്വന്തമായി വരുമാനമുണ്ടാക്കി ക്രിക്കറ്റിനും അതത് സംസ്ഥാനങ്ങളുടെ കായിക വികസനത്തിനും പ്രധാന പങ്കുവഹിക്കുന്നു.
ബംഗളുരുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് ആറോളം ക്രിക്കറ്റ് ക്ലബുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയും ചിന്നസ്വാമിയോട് അനുബന്ധിച്ചാണ്. ധരംശാല ക്രിക്കറ്റ് ക്ലബിനു പകരം ടൂറിസം രംഗവുമായി ബന്ധപ്പെട്ട് വന്‍കിട ഹോട്ടല്‍ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് വരുമാനം കണ്ടെത്തുന്നത്.
കെ.സി.എ. ലക്ഷ്യം വയ്ക്കുന്നതും ഇത്
കേരളം പോലൊരു സംസ്ഥാനത്ത് ക്രിക്കറ്റിന് ഏറെ ജനപ്രീതിയുണ്ടായിട്ടും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ എത്തുന്നില്ലെന്ന പരാതി ഏറെക്കാലമായി ഉള്ളതാണ്. അതിനൊരു മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന് ആദ്യം വേണ്ടത് സ്വന്തമായി ഒരു സ്‌റ്റേഡിയമാണ്. എന്നാല്‍ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാലാണ് നിലവില്‍ രാജ്യാന്തര മത്സരത്തിന് വേദിയാകുന്ന ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്.
കൂടുതല്‍ മത്സരങ്ങള്‍ എത്താത്തതിനാല്‍ കാര്യമായ വരുമാനം പ്രതീക്ഷിക്കാത്ത കെ.സി.എ. 30 വര്‍ഷത്തേക്ക് ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബ് പാട്ടത്തിനെടുക്കാന്‍ തയാറെടുക്കുന്നത് ബി.സി.സി.ഐയുടെ ആശീര്‍വാദത്തോടെ ഈ 'മുംബൈ മോഡല്‍' വിജയകരമായി നടപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.
ബി.സി.സി.ഐയുമായ അടുത്ത ബന്ധം പുലര്‍ത്തുന്ന വന്‍കിട ക്രിക്കറ്റ് ക്ലബുകളെയും മറ്റും കേരളത്തിലേക്ക് എത്തിച്ചു നിക്ഷേപം നടത്താനും ഐ.പി.എല്‍.-വനിതാ ഐ.പി.എല്‍. മത്സരങ്ങള്‍ കേരളത്തിലേക്ക് എത്തിക്കുക വഴി സംസ്ഥാനത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ ഒരു പ്രധാന സ്ഥാനത്തെത്തിച്ച് അതുവഴി വരുമാനം ഉണ്ടാക്കാനുമാണ് കെ.സി.എയുടെ ശ്രമം. ഇതു മുന്നില്‍ക്കണ്ടാണ് ഗ്രീന്‍ഫീല്‍ഡിന്റെ പാട്ടക്കരാര്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
നിലവില്‍ സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള കെ.എസ്.എഫ്.എല്ലില്‍ നിന്നു സംസ്ഥാനത്തിന് യതൊരുവിധ സാമ്പത്തിക വരവുമില്ല. മറിച്ച് അന്യൂറ്റി ഇനത്തില്‍ 90 കോടി രൂപ കടമാണ് മിച്ചം. ഇനിയും നാലു വര്‍ഷം കൂടി കരാര്‍ കാലാവധി നിലനില്‍ക്കുന്നതിനാല്‍ ഈ കടം വര്‍ധിക്കുകയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനുമില്ല. ഈ സാഹചര്യത്തില്‍ കെ.സി.എ. മുന്നോട്ടുവച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ലോട്ടറിയാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളില്‍ ഒന്നായ ബി.സി.സി.ഐയുടെ അനുഗ്രഹത്തോടെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് കെ.സി.എ. 'പന്ത്' എറിഞ്ഞുകഴിഞ്ഞു. സ്‌കോര്‍ ചെയ്യണോ? പുറത്താകണോ? തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെയാണ്.