കേരളം 342-ന് പുറത്ത്; കര്‍ണാടക തിരിച്ചടിക്കുന്നു
രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് മത്സരത്തില്‍ ശക്തരായ കര്‍ണാടകയ്‌ക്കെതിരേ കേരളം ഒന്നാമിന്നിങ്‌സില്‍ 342 റണ്‍സിന് പുറത്ത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം കരകയറിയാണ് കേരളം മാന്യമായ സ്‌കോറിലെത്തിയത്.
സെഞ്ചുറി നേടിയ മധ്യനിര താരം സച്ചിന്‍ ബേബിയുടെയും അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെയും മികച്ച ബാറ്റിങ്ങാണ് കേരളത്തിന് തുണയായത്. സച്ചിന്‍ 307 പന്തുകള്‍ നേരിട്ട് 17 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 141 റണ്‍സ് നേടിയപ്പോള്‍ 134 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 57 റണ്‍സായിരുന്നു ജലജിന്റെ സമ്പാദ്യം.
ഇവര്‍ക്കു പുറമേ 116പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 46റണ്‍സ് നേടിയ വത്സല്‍, 24 റണ്‍സ് നേടിയ പകരക്കാരന്‍ നായകന്‍ സിജോമോന്‍ ജോസഫ്, 22 റണ്‍സ് നേടിയ വാലറ്റക്കാരന്‍ എം.ഡി. നിധീഷ് എന്നിവരാണ് മ്റ്റു പ്രധാന സ്‌കോറര്‍മാര്‍. കര്‍ണാടകയ്ക്കു വേണ്ടി ആറു വിക്കറ്റ് വീഴ്ത്തിയ വി. കൗശിക്കാണ് ബൗളിങ്ങില്‍ തിളങ്ങിയത്.
തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടിന് 137 എന്ന ശക്തമായ നിലയിലാണ്. നായകന്‍ മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കര്‍ണാടകയ്ക്കു കരുത്തേകുന്നത്. 159 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 87 റണ്‍സുമായി മായങ്ക് പുറത്താകാതെ നില്‍ക്കുകയാണ്.
16റണ്‍സുമായി നിഖിന്‍ ജോസാണ് ക്രീസില്‍. 57 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 29 റണ്‍സ് നേടിയ അര്‍ധമലയാളി ദേവ്ദത്ത് പടിക്കല്‍, റണ്ണൊന്നുമെടുക്കാതെ മടങ്ങിയ ആര്‍. സമര്‍ഥ് എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്കു നഷ്ടമായത്. വൈശാഖ് ചന്ദ്രനും നിധീഷുമാണ് കേരളത്തിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.