രഞ്ജി ട്രോഫി; കര്‍ണാടകയ്‌ക്കെതിരേ കേരളത്തിന് സമനില

രഞ്ജി ട്രോഫി; കര്‍ണാടകയ്‌ക്കെതിരേ കേരളത്തിന് സമനില

ഗ്രൂപ്പ് സിയില്‍ 6 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി നാലാം സ്ഥാനത്താണ് കേരളം. 29 പോയിന്റുമായി കര്‍ണാടകയും 23 പോയിന്റുമായി ജാര്‍ഖണ്ഡും 20 പോയിന്റുമായി രാജസ്ഥാനുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
Updated on
1 min read

രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു കേരളം. തിരുവനന്തപുരത്തു നടന്ന എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ കരുത്തരായ കര്‍ണാടകയ്‌ക്കെതിരേ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി സമനിലയില്‍ കുടുങ്ങിയതാണ് കേരളത്തിനു തിരിച്ചടിയായത്.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ ഇന്നു സമാപിച്ച മത്സരത്തില്‍ ഒന്നാമിന്നിങ്‌സില്‍ 143 റണ്‍സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയില്‍ കേരളം പതറുമ്പോഴാണ് ഇരു നായകന്മാരും സമനിലയ്ക്ക് സമ്മതിച്ചത്.

ഒന്നാമിന്നിങ്‌സില്‍ കേരളം 342 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക നായകന്‍ മായങ്ക് അഗര്‍വാളിന്റെ(208) തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുടെയും മധ്യനിര താരങ്ങളായ നിഖിന്‍ ജോസ്(54), ആര്‍. ശരത്(53), ശുഭാംഗ് ഹെഗ്‌ഡെ(50 നോട്ടൗട്ട്) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 485 റണ്‍സ നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് അവസാനദിനമായ ഇന്ന് ഉച്ചയോടെ രണ്ടാ ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിനു വീണ്ടും ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഒരു ഘട്ടത്തില്‍ മൂന്നിന് 31 എന്ന നിലയില്‍ ഇന്നിങ്‌സ് പരാജയത്തിലേക്കു നീങ്ങുമെന്നു തോന്നിച്ച കേരളത്തെ മധ്യനിരയില്‍ ചെറുത്തുനിന്ന സച്ചിന്‍ ബേബിയുടെയും വത്സലിന്റെയും പ്രകടനമാണ് രക്ഷപെടുത്തിയത്.

സച്ചിന്‍ ബേബി 109 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 37 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 76പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 26 റണ്‍സായിരുന്നു ത്സലിന്റെ സമ്പാദ്യം. പി. രാഹുല്‍(15), രോഹന്‍ കുന്നുമ്മല്‍(0), രോഹന്‍ പ്രേം(14) എന്നിവരാണ് പുറത്തായ മറ്റു കേരളാ ബാറ്റര്‍മാര്‍.

സമനിലയോടെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി നാലാം സ്ഥാനത്താണ് കേരളം. 29 പോയിന്റുമായി കര്‍ണാടകയും 23 പോയിന്റുമായി ജാര്‍ഖണ്ഡും 20 പോയിന്റുമായി രാജസ്ഥാനുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്കു മുന്നേറുക. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പുതുച്ചേരിക്കെതിരേ തകര്‍പ്പന്‍ ജയം നേടുകയും ജാര്‍ഖണ്ഡ് അവസാന മത്സരം ജയിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് ഇനി പ്രതീക്ഷയ്ക്കു വകയുള്ളു.

logo
The Fourth
www.thefourthnews.in