ജലജിന് എട്ടു വിക്കറ്റ്; സര്‍വീസസിനെ കറക്കി വീഴ്ത്തി കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ജയവുമായി കേരളം. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നു സമാപിച്ച മത്സരത്തില്‍ സര്‍വീസസിനെ 204 റണ്‍സിനാണ് കേരളം കെട്ടുകെട്ടിച്ചത്. കേരളം ഉയര്‍ത്തിയ 340 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സര്‍വീസസ് വെറും 136 റണ്‍സിന് കൂടാരം കയറുകയായിരുന്നു.
15.4 ഓവറില്‍ വെറും 36 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ജലജ് സക്‌സേനയാണ് സര്‍വീസസിനെ തകര്‍ത്തത്. പേസര്‍ വിശാഖ് ചന്ദ്രന്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഒരു സര്‍വീസസ് താരത്തെ ജലജ റണ്ണൗട്ടാക്കുകയും ചെയ്തു. സ്‌കോര്‍ കേരളം 327, ഏഴിന് 242. സര്‍വീസസ് 229, 136.
വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സ് എന്ന നിലയില്‍ അവസാന ദിനമായ ഇന്ന് കൂറ്റന്‍ സ്‌കോര്‍ തേടിയിറങ്ങിയ സര്‍വീസസിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു അവരുടെ കൂട്ടത്തകര്‍ച്ച.
55 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 28 റണ്‍സ് നേടിയ ശുഭം രോഹിലയെ വീഴ്ത്തി വിശാഖ് ചന്ദ്രനാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് എത്തിയവരെയെല്ലാം ജലജ് സക്‌സേന കറക്കി വീഴ്ത്തി. 108 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം ഒരറ്റത്തു പിടിച്ചു നിന്ന മറ്റൊരു ഓപ്പണര്‍ സുഫിയന്‍ ആലം ആണ് സര്‍വീസസിന്റെ ടോപ് സ്‌കോറര്‍. സുഫിയനെ ജലജ് റണ്ണൗട്ടാക്കിയതോടെ സര്‍വീസസിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.
ഓപ്പണര്‍മാര്‍ക്കു പുറമേ 19 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 18 റണ്‍സ് നേടിയ പൂനം പൂനിയയാണ് രണ്ടക്കം കടന്ന മറ്റൊരു സര്‍വീസസ് ബാറ്റര്‍. രവി ചൗഹാന്‍(7), രാഹുല്‍ സിങ്(7), നായകന്‍ രജത് പലിവാള്‍(0), ലോവ്‌കേഷ് ബന്‍സാല്‍(5), പുല്‍കിത് നാരംഗ്(6), മോഹിത് രതി(1), അര്‍പിത് ഗുലേരിയ(1), ദ്വിവേഷ് പതാനിയ(7നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോര്‍.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയും(308 പന്തുകളില്‍ നിന്ന് 159) രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും(109 പന്തുകളില്‍ നിന്ന് 93) റണ്‍സ് നേടിയ സച്ചിന്‍ ബേബിയുടെ മികച്ച ബാറ്റിങ് പ്രകടനമാണ് കേരളത്തിന് തുണയായത്. സച്ചിന്‍ തന്നെയാണ് കളിയിലെ കേമനും. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനും കേരളത്തിനായി. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുള്ള കര്‍ണാടകയാണ് ഒന്നാമത്. ഈ മാസം 17-ന് കര്‍ണാടകയ്‌ക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 24-ന് പുതുച്ചേരിയെയും നേരിടും.