രഞ്ജി ട്രോഫി; 162 റണ്‍സ് ലീഡ്, ഛത്തീസ്ഗഡിനെതിരേ കേരളം പിടിമുറുക്കി
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ പിടിമുറുക്കി കേരളം. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സന്ദര്‍ശകരുടെ ഒന്നാമിന്നിങ്‌സ് 149-ല്‍ ഒതുക്കിയ കേരളം ഇന്ന് തങ്ങളുടെ ഒന്നാമിന്നിങ്‌സില്‍ 311 റണ്‍സ് അടിച്ചുകൂട്ടി 162 റണ്‍സിന്റെ മികച്ച ലീഡ് സ്വന്തമാക്കി.
തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഛത്തീസ്ഗഡ് രണ്ടാം ദിനമായ ഇന്ന് കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് എന്ന നിലയിലാണ്. രണ്ടു ദിനവും എട്ടുവിക്കറ്റും മാത്രം ശേഷിക്കെ കേരളത്തിന്റെ കൂറ്റന്‍ ലീഡ് മറികടക്കാന്‍ അവര്‍ക്ക് ഇനിയും 153 റണ്‍സ് കൂടി വേണം.
അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരങ്ങളായ രോഹന്‍ പ്രേമിന്റെയും സച്ചിന്‍ ബേബിയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേരളത്തെ മികച്ച ലീഡിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 123 റണ്‍സാണ് അടിച്ചുകൂട്ടിയത്. രോഹന്‍ 157 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റണ്‍സ് നേടിയപ്പോള്‍ 171 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 77 റണ്‍സാണ് സച്ചിന്‍ നേടിയത്.
ഇവര്‍ക്കു പുറമേ ഏകദിന ശൈലിയില്‍ ബാറ്റുവീശി 46 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണാണ് രണ്ടാം ദിനം തിളങ്ങിയ മറ്റൊരു കേരളാ താരം. 54 പന്തുകളില്‍ നിന്ന് മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതമാണ് സഞ്ജു 46റണ്‍സ് നേടിയത്.
അക്ഷയ് ചന്ദ്രന്‍(12), ജലജ് സക്‌സേന(11), സിജോമോന്‍ ജോസഫ്(6), വൈശാഖ് ചന്ദ്രന്‍(8), ഫാനൂസ്(9), എന്‍.പി. ബേസില്‍(0) എന്നിങ്ങനെയാണ് മറ്റു കേരളാ ബാറ്റര്‍മാരുടെ ഇന്നത്തെ പ്രകടനം. ഛത്തീസ്ഗഡിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ സുമിത് റൂയികറാണ് ബൗളിങ്ങില്‍ തിളങ്ങിയത്. അജയ് മണ്ഡല്‍ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ രവികിരണ്‍, സൗരഭ് മജൂംദാര്‍, മായങ്ക് യാദവ്, ശശാങ്ക് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
162 റണ്‍സ് കടവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. അക്കൗണ്ട് തുറക്കും മുമ്പേ ഓപ്പണര്‍മാരായ റിഷഭ് തിവാരി(0), സാനിദ്ധ്യ ഹുര്‍കത്(0) എന്നിവരെ ഛത്തീസ്ഗഡിന് നഷ്ടമായി. ജലജ് സക്‌സേനയും വൈശാഖുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. കളിനിര്‍ത്തുമ്പോള്‍ മൂന്നു റണ്‍സുമായി നായകന്‍ ഹര്‍പ്രീത് സിങ് ഭാട്യയും ഏഴു റണ്‍സുമായി അമന്‍ദീപ് ഖാരെയുമാണ് ക്രീസില്‍.