ദേശീയ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ

ദേശീയ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ

ഫെബ്രുവരി ഒന്നിന് റാഞ്ചിയിലാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക
Updated on
1 min read

സൗരാഷ്ട്രയെ എട്ട് വിക്കറ്റിന് തകർത്ത്‌ കേരള വനിതകൾ ദേശീയ വനിതാ ഏകദിന ടൂർണമെന്റിന്റെ ക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പിൽ ഒരു മത്സരം അവശേഷിക്കെ ഒറ്റ മത്സരവും തോൽക്കാതെയാണ് കേരള വനിതകളുടെ നേട്ടം. വനിതാ ഐപിഎല്ലിന് കളമൊരുങ്ങുന്ന സാഹചര്യത്തിൽ ടൂർണമെന്റിലെ പ്രകടനം കേരള താരങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ആറ് മത്സരങ്ങളിൽ നിന്ന് കേരളത്തിന് ഗ്രൂപ്പ് എയിൽ 24 പോയിന്റുണ്ട്. ഫെബ്രുവരി ഒന്നിന് റാഞ്ചിയിലാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക.

പുതുച്ചേരിയിൽ ഇന്ന് നടന്ന മത്സരത്തിൽ സൗരാഷ്ട്ര ഉയർത്തിയ 74 റൺസിന്റെ ദുർബല വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരള വനിതകൾ മറികടന്നു. ആദ്യ വിക്കറ്റിൽ തന്നെ 40 റൺസ് ചേർത്ത കേരളം കൂടുതൽ നഷ്ടം വരുത്താതെ വിജയതീരമണിഞ്ഞു. ഓപ്പണറായി ഇറങ്ങി 35 റൺസ് നേടിയ ഷാനിയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. ഓപ്പണിങ്ങിലെ ഷാനിയുടെ പങ്കാളി ജിൻസി ജോർജ് 18 റൺസ് നേടി. 18 റൺസുമായി മിന്നു മണിയും, 10 റൺസുമായി ദീപ്തി ജെ എസ്സുമായിരുന്നു വിജയിക്കുമ്പോൾ ക്രീസിൽ.

സൂര്യ സുകുമാർ
സൂര്യ സുകുമാർ

ടോസ് നേടിയ സൗരാഷ്ട്ര ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. എന്നാൽ കേരള ബൗളർമാരുടെ ഗംഭീര പ്രകടനത്തിന് മുന്നിൽ സൗരാഷ്ട്രയുടെ ബാറ്റർമാർക്ക് നിലയുറപ്പിക്കാനായില്ല. നാലാം ഓവറിൽ ഇരട്ട വിക്കറ്റുമായി സൂര്യ സുകുമാറാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് വന്നവരെയും നിലയുറപ്പിക്കാൻ കേരള ബൗളർമാർ അനുവദിക്കാഞ്ഞതോടെ സൗരാഷ്ട്ര ബാറ്റർമാർ ഒന്നിനുപുറകെ ഒന്നായി കൂടാരം കയറി. നാലാമനായി ഇറങ്ങി പുറത്താകാതെ 38 റൺസ് നേടിയ മൃദുല ജഡേജയ്ക്കും 18 റൺസ് നേടിയ ദ്രഷ്ടി സോമയ്യക്കും മാത്രമാണ് സൗരാഷ്ട്ര നിരയിൽ രണ്ടക്കം കാണാൻ സാധിച്ചത്. കേരളത്തിനായി സൂര്യ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഓൾ റൗണ്ട് പ്രകടനം കാഴ്ച വച്ച ഷാനിയും, മിന്നു മണിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അവശേഷിച്ച ഒരു വിക്കറ്റ് മൃദുല വി എസ് സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in