ഇനി മൂന്ന് നക്ഷത്രങ്ങളില്ല പകരം രണ്ടെണ്ണം; മാറ്റങ്ങളോടെ ഇന്ത്യയുടെ 2023 ഏകദിന ലോകകപ്പ് ജഴ്സി പുറത്തിറക്കി അഡിഡാസ്
അടുത്തമാസം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയുടെ വീഡിയോ പങ്കിട്ട് കിറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസ്. ഇന്ന് വൈകുന്നേരം 7.30നാണ് ജഴ്‌സി ഔദ്യോഗികമായി ലോഞ്ച് ചെയ്യുക. ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന ഏകദിന കിറ്റിന്റെ അതേ തീം തന്നെയാണ് പുതിയ ജഴ്‌സിയും പിന്തുടരുന്നതെങ്കിലും അതില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഡിഡാസ് അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കിട്ട വീഡിയോയിലൂടെയാണ് പുതിയ ജഴ്‌സി ആളുകളിലേക്കെത്തിച്ചത്.
ഇന്ന് വൈകുന്നേരം 7.30നാണ് ജഴ്‌സി ഔദ്യോഗികമായി ലോഞ്ച് ചെയ്യുക
തോളിലെ വെള്ള വരകള്‍ക്കുപകരം ഇന്ത്യയുടെ ത്രിവര്‍ണപതാകയാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ടീമിന്റെ ലോഗോയിലെ മൂന്ന് നക്ഷത്രങ്ങള്‍ക്ക് പകരം ഇതില്‍ രണ്ടെണ്ണമാണ് ഉള്ളത്. അത് 1983 ലെയും 2011 ലെയും ഇന്ത്യയുടെ ഐതിഹാസിക വിജയങ്ങളെയാണ് സൂചിപ്പിക്കുന്നത്. 3 കാ ഡ്രീം എന്നതാണ് ലോകകപ്പ് പ്രചാരണത്തിന് അഡിഡാസ് പുറത്തിറക്കിയ മുദ്രാവാക്യം. ടീം ഇന്ത്യയ്ക്ക് രാജ്യം നല്‍കുന്ന അചഞ്ചലമായ പിന്തുണ എന്നാണ് അഡിഡാസ് ഈ കാമ്പെയ്‌നെ വിശേഷിപ്പിച്ചിരിക്കുന്നത്.
അഡിഡാസിന്റെ പ്രത്യേക ലോകകപ്പ് ഗാനം ആലപിച്ചിരിക്കുന്നത് ഇന്ത്യന്‍ റാപ്പര്‍ റഫ്താര്‍ ആണ്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കൊപ്പം പ്രചാരണ വീഡിയോയിലുണ്ട്. ഇന്ന് രാവിലെ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ് ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിരുന്നു. 'ദില്‍ ജഷ്ന്‍ ബോലെ' എന്നു തുടങ്ങുന്ന ഗാനത്തില്‍ രണ്‍വീറിനൊപ്പം സംഗീതസംവിധായന്‍ പ്രീതവും ഉണ്ട്.
12 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ലോകകപ്പിനെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുക . 2011 ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് രാജ്യം അവസാനമായി ഏകദിന കിരീടമുയര്‍ത്തിയത്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് രാജ്യം.