അയ്യയ്യേ എന്തൊരു തോല്‍വി; നാണക്കേടിന്റെ വാരിക്കുഴിയില്‍ വീണ് ടീം ഇന്ത്യ, മൂന്നാം ടെസ്റ്റിലും അടപടലം

അയ്യയ്യേ എന്തൊരു തോല്‍വി; നാണക്കേടിന്റെ വാരിക്കുഴിയില്‍ വീണ് ടീം ഇന്ത്യ, മൂന്നാം ടെസ്റ്റിലും അടപടലം

കിവീസ് ഉയര്‍ത്തിയ 147 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ വെറും 121 റണ്‍സിന് പുറത്താകുകയായിരുന്നു.
Updated on
1 min read

നാണക്കേടിന്റെ പടുകുഴിയില്‍ വീണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും തോറ്റ് പരമ്പര 3-0ന് അടിയറവച്ച് രോഹിത് ശര്‍മയും സംഘവും. ഇന്ന് മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ സമാപിച്ച മൂന്നാം ടെസ്റ്റില്‍ 25 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. കിവീസ് ഉയര്‍ത്തിയ 147 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ വെറും 121 റണ്‍സിന് പുറത്താകുകയായിരുന്നു.

താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ വാങ്ക്‌ഡെയിലെ സ്പിന്‍ ട്രാക്കില്‍ അജാസ് അഹമ്മദാണ് കറക്കി വീഴ്ത്തിയത്. 57 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് അജാസ് വീഴ്ത്തിയത്. മൂന്നു വിക്കറ്റുകളുമായി ഗ്ലെന്‍ ഫിലിപ്‌സ് മികച്ച പിന്തുണ നല്‍കി. മാറ്റ് ഹെന്റ്‌റിക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.

ഇന്ത്യന്‍ നിരയില്‍ മധ്യനിര താരം ഋഷഭ് പന്ത് മാത്രമാണ് പൊരുതിയത്. 57 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 64 റണ്‍സ് നേടിയ ഋഷഭ് പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. മറ്റാര്‍ക്കും ഒന്നു പൊരുതി നോക്കാന്‍ പോലും കഴിഞ്ഞില്ല. ഋഷഭ് കഴിഞ്ഞാല്‍ 12 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും 11 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുമാണ് രണ്ടക്കം കടന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

യശ്വസി ജയ്‌സ്വാള്‍(5), ശുഭ്മാന്‍ ഗില്‍(1), വിരാട് കോഹ്ലി(1), സര്‍ഫറാസ് ഖാന്‍(0), രവീന്ദ്ര ജഡേജ(6), രവിചന്ദ്രന്‍ അശ്വിന്‍(8) എന്നിവര്‍ നിരാശപ്പെടുത്തി. കിവീസിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ അവര്‍ പരമ്പര തൂത്തു വാരുന്നത്. അതേപോലെ രണ്ടര പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണില്‍ ഒരു പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നതും. 1999-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇതിനു മുമ്പ് അവസാനമായി ഇന്ത്യ സ്വന്തം മണ്ണില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയത്.

മൂന്നാം ദിനമായ ഇന്ന് സന്ദര്‍ശകരുടെ രണ്ടാമിന്നിങ്‌സ് അതിവേഗം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഒമ്പതിന് 171 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ച കിവീസിന് 14 പന്തുകള്‍ നേരിട്ട് കേവലം മൂന്നു റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

എട്ടു റണ്‍സ് നേടിയ വാലറ്റക്കാരന്‍ ഇജാസ് പട്ടേലിനെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് കിവീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതോടെ രണ്ടാമിന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം ആവര്‍ത്തിക്കാന്‍ ജഡേജയ്ക്കായി. ആദ്യ ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് ജഡേജ സ്വന്തമാക്കിയിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുകളുമായി ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറും മികച്ച പിന്തുണ നല്‍കി.

അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം വില്‍ യങ്ങിനു മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്. 100 പന്തുകള്‍ നേരിട്ട് രണ്ടു ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 51 റണ്‍സാണ് യങ് നേടിയത്. 14 പന്തുകളില്‍ 26 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 22 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വെ, 21 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

logo
The Fourth
www.thefourthnews.in