CWC 2023| അപരാജിതരായി കിവീസ്; അഫ്ഗാനെ തകര്‍ത്ത് തലപ്പത്ത്
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് ന്യൂസിലന്‍ഡ്. ഇന്ന് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 149 റണ്‍സിന് തകര്‍ത്ത് അവര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി. കളിച്ച നാലു മത്സരങ്ങളും ജയിച്ച് എട്ടു പോയിന്റുമായാണ് അവര്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം നേടിയത്. കളിച്ച മൂന്നു മത്സരവും ജയിച്ച ഇന്ത്യ ആറു പോയിന്റുമായി രണ്ടാമതുണ്ട്.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 34.4 ഓവറില്‍ വെറും 139 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ലോക്കി ഫെര്‍ഗൂസണ്‍, സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്.
അഫ്ഗാന്‍ നിരയില്‍ 36 റണ്‍സ് നേടിയ റഹ്മത് ഷായാണ് ടോപ് സ്‌കോറര്‍. 27 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായി, 19 റണ്‍സ് നേടിയ ഇക്രം അലിഖില്‍, 14 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍. കിവീസ് നിരയില്‍ ഫെര്‍ഗൂസനും സാന്റ്‌നറിനും പുറമേ രണ്ടു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മാറ്റ് ഹെന്റ്‌റി, രചിന്‍ രവീന്ദ്ര എന്നിവരും തിളങ്ങി.
നേരത്തെ ഓപ്പണര്‍ വില്‍ യങ്ങിന്റെയും മധ്യനിര താരം ഗ്ലെന്‍ ഫിലിപ്‌സിന്റെയും താല്‍ക്കാലിക നായകന്‍ ടോം ലാതത്തിന്റെയും മികച്ച ബാറ്റിങ്ങാണ് കിവീസിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. ഫിലിപ്‌സ് 80 പന്തുകളില്‍ നിന്ന് നാലു വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 71 റണ്‍സ് നേടി ടോപ് സ്‌കോററായി. ലാതം 74 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 68 റണ്‍സും യങ് 64 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 54 റണ്‍സും നേടി.