ഇന്ന് 'ഫൈനല്‍'; ജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യയും കിവീസും
14 ദിവസത്തിനിടയില്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി ആറു മത്സരങ്ങളാണ് ഇന്ത്യയും ന്യൂസിലന്‍ഡും പൂര്‍ത്തിയാക്കിയത്. ഇനി ശേഷിക്കുന്നത് ഒരെണ്ണം കൂടി. അത് അക്ഷരാര്‍ത്ഥത്തില്‍ ഇരുകൂട്ടര്‍ക്കും 'ഫൈനല്‍' ആയി മാറിയത് ആരാധകര്‍ക്കും ആവേശം പകരുന്നു. ഇന്ന് രാത്രി ഏഴിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇരുകൂട്ടരും കൊമ്പുകോര്‍ക്കുമ്പോള്‍ അത് പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള ഫൈനല്‍ കൂടിയാകും.
നിലവില്‍ ഇരുകൂട്ടരും ഓരോ മത്സരം ജയിച്ച് 1-1 എന്ന നിലയിലാണ്. ഇന്നു ജയിച്ചാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടുന്ന മൂന്നാമത്തെ മാത്രം ടീമെന്ന ബഹുമതിയാണ് ന്യൂസിലന്‍ഡിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 55 പരമ്പരകളാണ് ഇന്ത്യ സ്വന്തം മണ്ണില്‍ കളിച്ചത്. ഇതില്‍ 47 എണ്ണവും ഇന്ത്യ ജയിച്ചു. ആറെണ്ണം സമനിലയില്‍ കലാശിച്ചു.
രണ്ടു തവണ മാത്രമാണ് ഇന്ത്യ പരമ്പര കൈവിട്ടത്. 2019-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയും 2015-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും. ഈ നേട്ടം ആവര്‍ത്തിക്കാനാണ് ന്യൂസിലന്‍ഡും ശ്രമിക്കുന്നത്. അതേസമയം മറുവശത്ത് ഇന്ത്യ തങ്ങളുടെ അപ്രമാദിത്വം തുടരാനും.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ ഒപ്പമെത്തിയത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഒരു മാറ്റവുമായി ഇറങ്ങാനാണ് സാധ്യത. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലിനു പകരം ഉമ്രാന്‍ മാലിക്കിനെ കളിപ്പിച്ചേക്കും. അതേസമയം രണ്ടാം മത്സരത്തില്‍ തോറ്റെങ്കിലും അതേ ഇലവനെ തന്നെയാകും കിവീസ് ഇന്നും നിലനിര്‍ത്തുക.