രാഹുലിന്റെ ഫോം ശുഭസൂചന, പക്ഷെ തുടക്കത്തിലെ തകര്‍ച്ച ശ്രദ്ധിക്കണം
പ്രതീക്ഷിച്ചതുപോലെ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ വിജയം തന്നെ നേടി. ഇന്ത്യയാണ് ഓസ്‌ട്രേലിയേക്കാള്‍ ശക്തരായ ടീമെന്നാണ് മത്സരത്തിന് മുന്‍പുണ്ടായിരുന്ന അവലോകനം. അതിന്റെ പ്രധാന കാരണം നമ്മുടെ സ്പിന്‍ അറ്റായ്ക്കിന്റെ ഡെപ്ത്തും വെറൈറ്റിയുമാണ്. പേസ് ബൗളിങ്ങിലും ബാറ്റിങ്ങിലും രണ്ട് ടീമും ഏകദേശം ബലാബലം വരുമെങ്കിലും സ്പിന്‍നിരയിലേക്ക് എത്തുമ്പോള്‍ ഇന്ത്യയ്ക്കായിരുന്നു മുന്‍തൂക്കം.
ചെപ്പോക്കിലെ വിക്കറ്റ് സ്പിന്നിനെ കൂടുതല്‍ തുണച്ചിരുന്നു. ഇന്ത്യയുടെ സ്പിന്നര്‍മാരാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. കുല്‍ദീപ് യാദവും അശ്വിനും ജഡേജയുമെല്ലാം അതിമനോഹരമായി തന്നെ ബൗള്‍ ചെയ്തു. മധ്യഓവറുകളില്‍ ഓസ്‌ട്രേലിയക്ക് കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിയാതിരുന്നത് നമ്മുടെ സ്പിന്‍ ബൗളിങ്ങിന്റെ മൂര്‍ച്ചകൊണ്ട് തന്നെയാണ്.
ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇന്ത്യ ചെറുതായൊന്ന് ബാക്ക്ഫുട്ടിലായിരുന്നു. കാരണം മൂന്ന് വിക്കറ്റ് തുടരെ നഷ്ടമായി. പന്ത് ബാറ്റിലേക്ക് വരുന്ന ഒരു വിക്കറ്റ് ആയിരുന്നില്ല, ഡബിള്‍ പേസ് ശൈലി പുലര്‍ത്തി. നേരത്തെ തന്നെ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഔട്ടായത്. രോഹിത് ശര്‍മയുടെ പുറത്താകല്‍ നല്ലൊരു പന്തിലായിരുന്നു. ഇന്‍സ്വിങ് പന്തിന്റെ ലൈന്‍ മിസ് ചെയ്തതാണ് ഔട്ടാകാനുള്ള കാരണം. വിരാട് കോഹ്ലിയുടെ ക്യാച്ച് അവര്‍ എടുത്തിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് കുറച്ചുകൂടി ബുദ്ധിമുട്ടായേനെ. നിര്‍ണായക ഘട്ടത്തിലാണ് ക്യാച്ച് വിട്ടത്. വിരാട് കോഹ്ലിയെ പോലൊരു താരത്തിന് ഒരു ലൈഫ് കിട്ടിയാല്‍ മതി, അത് തന്നെയാണ് കളിയുടെ ഗതി മാറ്റിയതും.
പക്ഷെ തുടക്കത്തിലെ ഈ തകര്‍ച്ച ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ബാറ്റിങ് ടോപ് ഹെവിയാണ്. ഇന്നിപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഇല്ലായിരുന്നു. രോഹിത്, ഗില്‍, കോഹ്ലി - ഇവരാണ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റര്‍മാര്‍. മൂവരുടേയും വിക്കറ്റ് ആദ്യം നഷ്ടമായെങ്കില്‍ തിരിച്ചടിയാകും. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റ് പോയെങ്കിലും രോഹിതിനെ മാത്രമാണ് അതില്‍ ഒരു 'ഹെവി വെയിറ്റായി' കാണാനാകൂ. കിഷനോ ശ്രേയസോ ഗില്ലിന്റെയോ കോഹ്ലിയുടേയോ ലെവലില്‍ ഉള്ളവരല്ല. കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ നിര്‍ണായകമായേനെ. ചെലപ്പോള്‍ ടീം ഒരു ചീട്ടുകൊട്ടാരം പോലെ വീണുപോയെനെ. 2019ലെ (2019 ഏകദിന ലോകകപ്പ്-ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍) കഥ കോഹ്ലിക്ക് നല്ല ഓര്‍മ്മയുണ്ട്.
കോഹ്ലിയുടെ സാന്നിധ്യം രാഹുലിനെ മികച്ച ഇന്നിങ്‌സ് കാഴ്ചവയ്ക്കാനും സഹായിച്ചു. നമ്മുടെ നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് ടോപ് ത്രീയുടെ പരിചയസമ്പത്തോ മികവോ ഇല്ല. അതുകൊണ്ടാണ് രാഹുലിന്റെ ഫോം ഇപ്പോള്‍ ശുഭസൂചനയാകുന്നത്. കോഹ്ലിയാണ് ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചതെങ്കിലും എതിരാളികള്‍ക്ക് ഒരു അവസരം പോലും നല്‍കാതെയാണ് രാഹുല്‍ ബാറ്റ് ചെയ്തത്. അവസാനം വരെ നിന്ന് ടീമിനെ ജയിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് അതിമനോഹരമായി തന്നെ രാഹുല്‍ ചെയ്തു. നാലാം സ്ഥാനത്തിറങ്ങുന്ന ശ്രേയസ് ഒരു വലിയ ഇന്നിങ്‌സ് കാഴ്ചവയ്‌ക്കേണ്ടതുണ്ട്. 50 ഓവര്‍ മത്സരമാണ് ട്വന്റി 20 പോലെ കളിക്കേണ്ട ആവശ്യമില്ല.
ഓസ്‌ട്രേലിയയുടെ പേസര്‍മാര്‍ അത്യാവശ്യം നന്നായി തന്നെ ബൗള്‍ ചെയ്തു. പക്ഷെ സ്പിന്നര്‍മാരുടെ പ്രകടനം വളരെ നിരാശാജനകമായിരുന്നു. പ്രത്യേകിച്ചും ആഡം സാമ്പയുടേത്. സാമ്പ റണ്‍സ് വിട്ടുനല്‍കി. അതാണ് രണ്ട് ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇന്ത്യയെ സംബന്ധിച്ച് നല്ലൊരു തുടക്കമാണിത്. നമ്മള്‍ മനസിലാക്കേണ്ട കാര്യം ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങളുണ്ട്, അതില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞിട്ടുള്ളത്. ഏത് ടീമിനാണോ അവസാനം വരെ മൊമന്റം നിലനിര്‍ത്താനാകുന്നത് അവരായിരിക്കും വിജയിക്കുക. ഓസ്‌ട്രേലിയക്ക് തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. അവരുടെ സ്പിന്‍ അറ്റായ്ക്ക് കുറച്ചുകൂടി മൂര്‍ച്ചയേറിയതായെങ്കില്‍ മാത്രമെ ടൂര്‍ണമെന്റില്‍ മുന്നിലേക്ക് പോകാന്‍ സാധിക്കുകയുള്ളു. ഇന്ത്യയിലെ വിക്കറ്റുകളില്‍ സ്പിന്നിന് വലിയ പങ്കുണ്ടെന്നാണ് ഇന്നത്തെ മത്സരം കാണിച്ചുതന്നത്.