ചാർട്ടേഡ് വിമാനത്തില്‍ യാത്ര;  ചിത്രം പങ്കുവച്ചതിനു പിന്നാലെ കോഹ്‌ലിക്ക് വൻ വിമർശനം

ചാർട്ടേഡ് വിമാനത്തില്‍ യാത്ര; ചിത്രം പങ്കുവച്ചതിനു പിന്നാലെ കോഹ്‌ലിക്ക് വൻ വിമർശനം

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയില്‍ വിശ്രമമനുവദിച്ചതിനാലാണ് താരം ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനത്തില്‍ മടങ്ങിയത്
Updated on
1 min read

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്-ഏകദിന പരമ്പരകളിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി നാട്ടിലേക്ക്. കരിയറിലെ 500ാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറി തികച്ച കോഹ്‌ലി ഏകദിനത്തില്‍ കളിച്ചിരുന്നില്ല. ആദ്യ ഏകദിനത്തില്‍ ടീമില്‍ ഇടം നേടിയെങ്കിലും കളത്തില്‍ ഇറങ്ങിയില്ല. ബാക്കിയുള്ള മത്സരങ്ങളിലും ടി20 പരമ്പരയിലും താരത്തിന് വിശ്രമമനുവദിച്ചിരുന്നു. ഇതോടെയാണ് കോഹ്‌ലി ഇന്ത്യയിലേക്ക് മടങ്ങിയത്.

ഗ്ലോബല്‍ എയര്‍ ചാര്‍ട്ടര്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് താരം യാത്ര ചെയ്തത്. വിമാനത്തില്‍ നിന്നുള്ള ചിത്രം താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ താരം ചിത്രം പങ്കുവച്ചതിനു പിന്നാലെ വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പുറത്ത് വിടുന്ന ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിന് വലിയ അപകടമുണ്ടാക്കുന്നു എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ''നിരവധി ആളുകള്‍ സഞ്ചരിക്കുന്ന യാത്രാ വിമാനം പുറന്തള്ളുന്നതിനേക്കാള്‍ കൂടുതല്‍ അളവിലുള്ള CO2 ആണ് കോഹ്‌ലിയുടെ യാത്രയ്ക്കായി പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനം പുറത്തുവിടുന്നത്. എന്നിട്ട് സാധാരണക്കാര്‍ക്ക് മുന്നില്‍ വന്ന് ആഗോളതാപനത്തെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്യുന്നു'' എന്നാണ് ചിലര്‍ പറയുന്നത്. വായു മലിനീകരണത്തെക്കുറിച്ച് ആശങ്കാകുലാനാകുന്ന ആള്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്ര ഒഴിവാക്കുമായിരുന്നെന്നും കോഹ്‌ലിക്ക് ഇരട്ടത്താപ്പ് നയമാണെന്നും വിമര്‍ശനമുയരുന്നുണ്ട്.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് വിന്‍ഡീസിനെതിരായ രണ്ട് ഏകദിനത്തിലും ടി20 പരമ്പരയിലും ഇന്ത്യന്‍ നായകന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമമനുവദിച്ചത്. ഇതിനെതിരെയും ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിന്‍ഡീസ് പര്യടനം ടീം വളരെ നിസ്സാരമായാണ് എടുത്തതെന്നും, രോഹിത്തിനും കോഹ്‌ലിക്കും വിശ്രമം വേണ്ടിയിരുന്നുവെങ്കില്‍ അവര്‍ കളിക്കാന്‍ പോകേണ്ടിയിരുന്നില്ലെന്നും ഇന്ത്യന്‍ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in