വിരാടരൂപം പൂണ്ട് കോഹ്ലി, വഴിതെളിച്ച് ഗില്‍; റണ്‍മലയേറി ടീം ഇന്ത്യ
ആളൊഴിഞ്ഞ കാര്യവട്ടത്ത് കളി കാര്യമാക്കി ടീം ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മലയാള മണ്ണില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സിംഹളവീര്യത്തെ അടിച്ചൊതുക്കി റണ്‍മലയേറി. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും മിന്നുന്ന സെഞ്ചുറികളുടെ മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്.
ഗില്‍ 97 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 116 റണ്‍സ് നേടിയപ്പോള്‍ കോഹ്ലി 110 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 166 റണ്‍സുമായി പുറത്താകാതെ നിന്നു. ഇവര്‍ക്കു പുറമേ 49 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 42 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയും 32 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 37 റണ്‍സ് നേടിയ മധ്യനിര താരം ശ്രേയസ് അയ്യരും ഇന്ത്യക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്തു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിലെ ആദ്യ സെഞ്ചുറിക്കുടമയെന്ന ബഹുമതി സ്വന്തമാക്കിയാണ് യുവതാരം ഗില്‍ പിച്ചില്‍ നിന്നു കയറിയത്. ഏകദിന പരമ്പരയിലെ രണ്ടാം സെഞ്ചുറിയായിരുന്നു കോഹ്ലിക്ക് ഇത്. ഇതോടെ കരിയറില്‍ 46-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കാനും ഇന്ത്യന്‍ ബാറ്റിങ് കിങ്ങിനായി. 49 സെഞ്ചുറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് കോഹ്ലിക്ക് മുന്നില്‍. ലങ്കയ്ക്കു വേണ്ടി പേസര്‍മാരായ ലാഹിരു കുമാര കസുന്‍ രജിത എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചമിക കരുണരത്‌നെയ്ക്കാണ് ഒരു വിക്കറ്റ്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നേരത്തെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിതിനൊപ്പം ഇന്നിങ്‌സ് തുറന്ന ഗില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 15.1 ഓവറില്‍ 95 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തുടക്കത്തില്‍ രോഹിത് നിലയുറപ്പിക്കാന്‍ സമയമെടുത്തപ്പോള്‍ തകര്‍ത്തടിച്ച ഗില്ലാണ് ടീമിന്റെ റണ്‍റേറ്റ് ആറിനു മുകളില്‍ നിലനിര്‍ത്തിയത്.
16-ാം ഓവറിന്റെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 49 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 42 റണ്‍സ് നേടിയ രോഹിതിനെ മടക്കി ചമിക കരുണരത്‌നെയാണ് ലങ്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് ഗില്ലിനു കൂട്ടായി എത്തിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയും മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരുകയായിരുന്നു.
സ്‌കോര്‍ റേറ്റ് ഉയര്‍ത്തുന്ന ചുമതല കോഹ്ലി ഏറ്റെടുത്തതോടെ ആക്രമണപാത വെടിഞ്ഞ ഗില്‍ ക്ഷമയോടെ ബാറ്റുവീശുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു താരത്തിന്റെ അര്‍ധസെഞ്ചുറി പിറന്നത്. 52 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളോടെയാണ് ഗില്‍ 50 റണ്‍സ് തികച്ചത്.പിന്നീട് സെഞ്ചുറി തികയ്ക്കാന്‍ ഗില്ലിന് 36 പന്തുകള്‍ കൂടിയേ വേണ്ടി വന്നുള്ളു. 89 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതമാണ് താരം ശതകം പൂര്‍ത്തിയാക്കിയത്. ഇതിനിടെയില്‍ 48 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ കോഹ്ലി 50 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. സെഞ്ചുറി നേടിയതിനു ശേഷം ആക്രണ ബാറ്റിങ്ങിന് തുനിഞ്ഞ ഗില്ലിനു പക്ഷേ അധികനേരം പിടിച്ചു നില്‍ക്കാനായില്ല.
34-ാം ഓവറില്‍ നാലാം പന്തില്‍ പേസര്‍ കസുന്‍ രജിത ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി. പുറത്താകും മുമ്പ് രണ്ടാം വിക്കറ്റില്‍ കോഹ്ലിക്കൊപ്പം 111 റണ്‍സാണ് ഗില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീട് മികച്ച ഫോമിലുള്ള ശ്രേയസാണ് കോഹ്ലിക്കു കൂട്ടായി ക്രീസില്‍ എത്തിയത്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇരുവരും ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു.
ഇതിനിടെ 43-ാം ഓവറിന്റെ അവസാന പന്തില്‍ കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കി. 85 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും ഒരു സിക്‌സറും സഹിതമായിരുന്നു കിങ് കോഹ്ലിയുടെ 46-ാം ശതകം. കോഹ്ലിയും മൂന്നക്കം കടന്നതോടെ ഇന്ത്യ ടോപ് ഗിയറിലായി. പിന്നീട് പന്തെറിഞ്ഞ ലങ്കന്‍ ബൗളര്‍മാര്‍ക്കെല്ലാം കണക്കറ്റ പ്രഹരം ലഭിച്ചതോടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. 46-ാം ഓവറിന്റെ മൂന്നാം പന്തില്‍ ശ്രേയസ് മടങ്ങിയെങ്കിലും പിന്നീടെത്തിയ കെ.എല്‍. രാഹുല്‍(ആറു പന്തില്‍ ഏഴ്) സൂര്യകുമാര്‍ യാദവ്(നാലു പന്തില്‍ നാല്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയെങ്കിലും പുറത്താകാതെ നിന്ന കോഹ്ലി ടീമിനെ 380 കടത്തി. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ രണ്ടു റണ്‍സുമായി അക്‌സര്‍ പട്ടേലായിരുന്നു കോഹ്ലിക്കു കൂട്ടായി ക്രീസില്‍.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ വൈറ്റ്‌വാഷ് ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറിങ്ങിയത്. കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്. നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഇന്ന് ഇറങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ തെറ്റിച്ച് ഇരുവരും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
അതേസമയം ഉപനായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും യുവ പേസ് ബൗളിങ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനും വിശ്രമം അനുവദിച്ചു. ഇവര്‍ക്കു പകരക്കാരായി സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
ലങ്കന്‍ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരം കളിച്ച ധനഞ്ജയ ഡിസില്‍വയ്ക്കു പകരം ആഷെന്‍ ഭണ്ഡാരയും ദുനിത് വെല്ലാലാഗെയ്ക്കു പകരം ജെഫ്രി വാന്‍ഡേര്‍സെയും ആദ്യ ഇലവനില്‍ ഇടം നേടി.