ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യക്ക് വമ്പന്‍ ജയം, പൊരുതാന്‍ പോലും കഴിയാതെ പാകിസ്താന്‍
ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചിരവൈരികളുടെ പോരാട്ടത്തില്‍ പാകിസ്താനെ നിഷ്പ്രഭരാക്കി ഇന്ത്യ. മഴയെത്തുടര്‍ന്ന് കൊളംബോയില്‍ രണ്ടു ദിവസമായി നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 228 റണ്‍സിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 32 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അവസാന ബാറ്റര്‍മാരായ ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ പരുക്കിനെത്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയില്ല.
എട്ടോവറില്‍ വെറും 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് പാകിസ്താനെ തകര്‍ത്തത്. ഓരോ വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവര്‍ മികച്ച പിന്തുണ നല്‍കി. പാക് നിരയില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. 27 റണ്‍സ് നേടിയ ഓപ്പണര്‍ ഫഖര്‍ സമാനാണ് ടോപ് സ്‌കോറര്‍. 23 റണ്‍സ് വീതം നേടിയ മധ്യനിര താരങങളായ അഗാ സല്‍മാന്‍, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
നായകന്‍ ബാബര്‍ അസം(10), ഇമാം ഉള്‍ ഹഖ്(9), മുഹമ്മദ് റിസ്വാന്‍(2), ഷദാബ് ഖാന്‍(6), ഫസീം അഷ്‌റഫ്(4) തുടങ്ങിയവര്‍ നിരാശപ്പെടുത്തി. മത്സരത്തില്‍ ഒരു ഘട്ടത്തില്‍പ്പോലും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ ആത്മവിശ്വാസത്തോടെ ചേസ് ചെയ്യാന്‍ പാകിസ്താനായില്ല. 11-ാം ഓവറിനുള്ളില്‍ ഇമാം ഉള്‍ ഹഖിനെയും ബാബറിനെയും നഷ്ടമായ അവര്‍ക്ക് പിന്നീട് ഒരിക്കല്‍പ്പോലും തിരിച്ചുവരാനായില്ല. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ പാകിസ്താനെതിരേ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. ഇതിനു മുമ്പ് 2008-ല്‍ ധാക്കയില്‍ നേടിയ 140 റണ്‍സിന്റെ ജയമായിരുന്നു ഇന്ത്യയുടെ റെക്കോഡ്.
നേരത്തെ സെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും മധ്യനിര താരം കെ.എല്‍ രാഹുലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്. മഴകാരണം ഇന്നും വൈകി ആരംഭിച്ച മത്സരത്തില്‍ പാക് ബൗളിങ്ങിന്റെ മുനയൊടിച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. 94 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 122 റണ്‍സ് നേടി പുറത്താകാതെ നിന്ന കോഹ്ലി ടോപ് സ്‌കോററായപ്പോള്‍ 106 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 111 റണ്‍സുമായി രാഹുല്‍ ഒപ്പം നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 233 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ 13000 റണ്‍സ് എന്ന നാഴികക്കല്ലും കോഹ്ലി മറികടന്നു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് കോഹ്ലി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, സനത് ജയസൂര്യ എനന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്. തന്റെ ഏകദിന കരിയറിലെ 47-ാം സെഞ്ചുറിയാണ് കോഹ്ലി ഇന്ന് കുറിച്ചത്. 49 സെഞ്ചുറി നേടിയ സച്ചിന്‍ മാത്രമാണ് ഇക്കാര്യത്തില്‍ കോഹ്ലിക്കു മുന്നിലുള്ളത്.
ആദ്യദിനം തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും നല്‍കിയ മിന്നുന്ന തുടക്കമാണ് ഇന്ത്യയുടെ വമ്പന്‍ സ്‌കോറിന് അടിത്തറയായത്. പിന്നീട് ആക്രമണച്ചുമതലയേറ്റെടുത്ത രാഹുലും കോഹ്ലിയും ഇന്ന് തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയതോടെ പാക് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. രോഹിത് 49 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്സറുകളും സഹിതം 56 റണ്‍സ് നേടിയപ്പോള്‍ 52 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോടെ 58 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. രോഹിതിനെ സ്പിന്നര്‍ ഷദാബ് ഖാനും ഗില്ലിനെ പേസര്‍ ഷഹീന്‍ അഫ്രീദിയുമാണ് വീഴ്ത്തിയത്.