ഐപിഎല്‍ 'കഴിഞ്ഞു'; കോഹ്ലിയും സിറാജും നാളെ ഇംഗ്ലണ്ടിലേക്ക്

ഐപിഎല്‍ 'കഴിഞ്ഞു'; കോഹ്ലിയും സിറാജും നാളെ ഇംഗ്ലണ്ടിലേക്ക്

ഓവലില്‍ ജൂണ്‍ ഏഴു മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൊലിഞ്ഞതോടെ സൂപ്പര്‍ താരം വിരാട് കോഹ്ലിയും പേസര്‍ മുഹമ്മദ് സിറാജും 'ടീം ഇന്ത്യ'യിലേക്കു മടങ്ങുന്നു. ജൂണ്‍ ആദ്യ വാരം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ തയാറെടുപ്പിനായി കോഹ്ലിയും സിറാജുമടക്കമുള്ള താരങ്ങള്‍ നാളെ ഇംഗ്ലണ്ടിലേക്കു പറക്കും.

കോഹ്ലിക്കും സിറാജിനും പുറമേ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ ഇടംപിടിച്ച രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍, കെ.എസ്. ഭരത്, അക്‌സര്‍ പട്ടേല്‍,ജയ്‌ദേവ് ഉനട്കട് എന്നിവരും റിസര്‍വ് ടീമില്‍ ഉള്‍പ്പെട്ട മുകേഷ് കുമാര്‍, നെറ്റ് ബൗളര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ആകാശ് ദീപ്, അനികേത് ചൗധരി, യാര പൃഥ്വിരാജ് എന്നിവരും നാളെ ലണ്ടനിലേക്ക് തിരിക്കും.

ഐ.പി.എല്‍. കഴിഞ്ഞ ശേഷമാകും ടെസ്്റ്റ് ടീം നായകന്‍ രോഹിത് ശര്‍മയുള്‍പ്പടെയുള്ള മറ്റു താരങ്ങള്‍ ഇംഗ്ലണ്ടിലേക്കു പോകുക. രോഹിതിനു പുറമേ പേസര്‍ മുഹമ്മദ് ഷമി, ബാറ്റര്‍മാരായ അജിന്‍ക്യ രഹാനെ, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ഐപിഎല്ലിനു ശേഷം പോകുന്നത്.

ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴു മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതു തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ഇന്ത്യക്ക്. കഴിഞ്ഞ വര്‍ഷം നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനോടു തോല്‍വി നേരിടേണ്ടി വന്നിരുന്നു. ഇക്കുറി കിരീടത്തില്‍ കുറഞ്ഞൊന്നും ടീം ഇന്ത്യ ലക്ഷ്യം വയ്ക്കുന്നില്ല.

logo
The Fourth
www.thefourthnews.in