വെസ്റ്റിന്‍ഡീസ് തകര്‍ന്നടിഞ്ഞു; ഇന്ത്യക്ക് 115 റണ്‍സ് വിജയലക്ഷ്യം

വെസ്റ്റിന്‍ഡീസ് തകര്‍ന്നടിഞ്ഞു; ഇന്ത്യക്ക് 115 റണ്‍സ് വിജയലക്ഷ്യം

നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് വീഴത്തിയ രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസിനെ തകര്‍ത്തതത്
Updated on
1 min read

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 115 റണ്‍സ് വിജയലക്ഷ്യം. ബാര്‍ബഡോസിനെ ക്വീന്‍സ്പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ സ്പിന്നര്‍മാരുടെ മികവില്‍ ആതിഥേയരെ വെറും 23 ഓവറിനുള്ളില്‍ 114 റണ്‍സിന് എറിഞ്ഞിട്ടു.

നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് വീഴത്തിയ രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസിനെ തകര്‍ത്തതത്. മൂന്നോവര്‍ മാത്രമെറിഞ്ഞ കുല്‍ദീപ് രണ്ടു മെയ്ഡനടക്കം ആറു റണ്‍സ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. മൂന്നോവറില്‍ 17 റണ്‍സ് വഴങ്ങിയായിരുന്നു ജഡേജയുടെ മൂന്നു വിക്കറ്റ് പ്രകടനം.

ഇവര്‍ക്കു പുറമേ ഓരോ വിക്കറ്റുകളുമായി ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, യുവതാരം മുകേഷ് കുമാര്‍, ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവരും ബൗളിങ്ങില്‍ തിളങ്ങി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മുകേഷ് കുമാറിന് വിക്കറ്റ് നേടാനായി എന്നതും ശ്രദ്ധേയമായി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കും വിധമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡ് രണ്ടക്കം തികയ്ക്കും മുമ്പേ ആദ്യ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്കായി.

ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ കൈല്‍ മേയേഴ്‌സിനെ(7) പുറത്താക്കി ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ആതിഥേയര്‍ക്ക് തിരിച്ചുവരവിനുള്ള അവസരം നിഷേധിച്ചു. വിന്‍ഡീസ് നിരയില്‍ വെറും നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അതില്‍ രണ്ടു പേര്‍ മാത്രമാണ് 20-ന് മേല്‍ സ്‌കോര്‍ ചെയ്തത്.

45 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 43 റണ്‍സ് നേടിയ നായകന്‍ ഷായ് ഹോപ്പാണ് അവരുടെ ടോപ്‌സ്‌കോറര്‍. ഹോപ്പിനു പുറമേ 18 പന്തുകളില്‍ നിന്ന് 22 റണ്‍സ് നേടിയ അലിക് അഥനാസെ, 23 പന്തുകളില്‍ നിന്ന് 17 റണ്‍സ് നേടിയ ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്, 19 പന്തുകളില്‍ നിന്ന് 11 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഓപ്പണര്‍ മേയേഴ്‌സിനെക്കൂടാതെ റോവ്മാന്‍ പവല്‍(4), റൊമാരിയോ ഷെപ്പര്‍േഡ്(0), ഡൊമിനിക് ഡ്രേക്‌സ്(3), യാന്നിക് കരിയ(3), ജെയ്ഡന്‍ സീല്‍സ്(0) എന്നിവരും നിരാശപ്പെടുത്തി.

logo
The Fourth
www.thefourthnews.in