ഒരുക്കിയത് ടി20ക്ക് യോജിക്കാത്ത പിച്ച്; ഹാര്‍ദ്ദിക് ഇടഞ്ഞു, ക്യുറേറ്ററുടെ പണിപോയി

ഒരുക്കിയത് ടി20ക്ക് യോജിക്കാത്ത പിച്ച്; ഹാര്‍ദ്ദിക് ഇടഞ്ഞു, ക്യുറേറ്ററുടെ പണിപോയി

ആറു വിക്കറ്റിന്റെ ജയം നേടിയെങ്കിലും മത്സരശേഷം ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പിച്ചിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
Updated on
1 min read

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഒരുക്കിയ പിച്ചിന്റെ പേരില്‍ വിവാദം കനക്കുന്നു. ഒരു രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് മത്സരത്തിന് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിലുള്ള പിച്ച് തയാറാക്കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ക്യുറേറ്റര്‍ സുരേന്ദര്‍ സിങ്ങിനെ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ തല്‍സ്ഥാനത്തു നിന്നു നീക്കി.

പിച്ചിനെതിരേ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് അസോസിയേഷന്റെ നടപടി. സുരേന്ദര്‍ സിങ്ങിനു പകരം ബി.സി.സി.ഐയിലെ മുതിര്‍ന്ന ക്യുറേറ്ററായ സഞ്ജീവ് കുമാറിനാണ് പുതിയ ചുമതല. ബംഗ്ലാദേശില്‍ ഉള്‍പ്പടെ മികച്ച പിച്ചുകളൊരുക്കി പരിചയസമ്പത്തുള്ളയാളാണ് സഞ്ജീവ് കുമാര്‍.

ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമിന്റെയും ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സാണ് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 100 റണ്‍സ് എന്ന ലക്ഷ്യം നേടിയെടുക്കാന്‍ അവസാന ഓവറിന്റെ അഞ്ചാം പന്തു വരെ കളിക്കേണ്ടി വന്നു.

ആറു വിക്കറ്റിന്റെ ജയം നേടിയെങ്കിലും മത്സരശേഷം ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പിച്ചിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്തരമൊരു പിച്ച് ഏതു തലത്തിലുള്ള ക്രിക്കറ്റിനും അനുയോജ്യമല്ലെന്നായിരുന്നു പാണ്ഡ്യയുടെ വിമര്‍ശനം. പരമ്പരയിലെ ആദ്യ മത്സരം നടന്ന റാഞ്ചിയിലെ പിച്ചിനെയും പാണ്ഡ്യ വിമര്‍ശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in