മായങ്കിന് ഇരട്ട സെഞ്ചുറി; കര്‍ണാടകയ്‌ക്കെതിരേ ലീഡ് വഴങ്ങി കേരളം

മായങ്കിന് ഇരട്ട സെഞ്ചുറി; കര്‍ണാടകയ്‌ക്കെതിരേ ലീഡ് വഴങ്ങി കേരളം

കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 342 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് എന്ന നിലയിലാണ്.
Updated on
1 min read

രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ എലൈറ്റ് ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരേ കര്‍ണാടകയ്ക്ക് ഒന്നാമിന്നിങ്‌സ് ലീഡ്. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 342 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് എന്ന നിലയിലാണ്. ഒരുദിനവും ഒരു സെഷനും അഞ്ചു വിക്കറ്റും കൈയിലിരിക്കെ അവര്‍ക്കിപ്പോള്‍ 20 റണ്‍സിന്റെ ലീഡുണ്ട്.

ഇരട്ടസെഞ്ചുറി നേടിയ നായകന്‍ മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കര്‍ണാടകയ്ക്കു തുണയായത്. 360 പന്തുകള്‍ നേരിട്ട മായങ്ക് 17 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 208 റണ്‍സാണ് അടിച്ചെടുത്തത്. മായങ്കിനു പുറമേ അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം നിഖിന്‍ ജോസും തിളങ്ങി. 158 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 54 റണ്‍സാണ് നിഖിന്‍ നേടിയത്.

109 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 40 റണ്‍സുമായി ശ്രേയസ് ഗോപാല്‍, 32 പന്തുകളില്‍ നിന്ന് 19 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ആര്‍. ശരത് എന്നിവരാണ് ക്രീസില്‍. അര്‍ധ മലയാളിയും മധ്യനിര താരവുമായ ദേവ്ദത്ത് പടിക്കല്‍(29), മധ്യനിര താരം മനീഷ് പാണ്ഡെ(0) ഓപ്പണര്‍ ആര്‍. സമര്‍ഥ്(0) എന്നിവരാണ് പുറത്തായ മറ്റു കര്‍ണാടക ബാറ്റര്‍മാര്‍. കേരളത്തിനു വേണ്ടി വൈശാഖ് ചന്ദ്രന്‍ രണ്ടും എം.ഡി. നിധീഷ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ സെഞ്ചുറി നേടിയ മധ്യനിര താരം സച്ചിന്‍ ബേബിയുടെയും അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയുടെയും മികച്ച ബാറ്റിങ്ങാണ് കേരളത്തിന് തുണയായത്. സച്ചിന്‍ 307 പന്തുകള്‍ നേരിട്ട് 17 ബൗണ്ടറികളും ഒരു സിക്സറും സഹിതം 141 റണ്‍സ് നേടിയപ്പോള്‍ 134 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്സറും സഹിതം 57 റണ്‍സായിരുന്നു ജലജിന്റെ സമ്പാദ്യം.

ഇവര്‍ക്കു പുറമേ 116പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 46റണ്‍സ് നേടിയ വത്സല്‍, 24 റണ്‍സ് നേടിയ പകരക്കാരന്‍ നായകന്‍ സിജോമോന്‍ ജോസഫ്, 22 റണ്‍സ് നേടിയ വാലറ്റക്കാരന്‍ എം.ഡി. നിധീഷ് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. കര്‍ണാടകയ്ക്കു വേണ്ടി ആറു വിക്കറ്റ് വീഴ്ത്തിയ വി. കൗശിക്കാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

logo
The Fourth
www.thefourthnews.in